ബംഗളൂരു: സ്റ്റീരിയോടൈപ്പുകൾ തകർത്തെറിയുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല നൂർ ബീക്ക്. ബംഗളൂരുവിൽ നിന്ന് ഇന്ത്യ മുഴുവൻ ബൈക്കിൽ കറങ്ങിയ ഈ 30കാരി അതിർത്തികൾ കടന്നുള്ള അടുത്ത സോളോ ട്രിപ്പിനുള്ള ഒരുക്കത്തിലാണ്. അന്താരാഷ്ട്ര അതിർത്തികളിൽ കാത്തിരിക്കുന്ന വെല്ലുവിളികളെ ത്രില്ലോടെ നേരിടാനാണ് തീരുമാനം. ബംഗളൂരുവിൽ നിന്ന് മക്കയിലേക്കാണ് യാത്ര. അടുത്ത വർഷം യാത്ര തുടങ്ങാനാണ് തീരുമാനം.
സ്‍ത്രീകൾക്ക് മാത്രമുള്ള ചില വിലക്കുകൾ
കുട്ടിക്കാലം മുതൽക്കേ നീ അതു ചെയ്യരുത്, അങ്ങോട്ട് പോകരുത് എന്നൊക്കെയുള്ള വിലക്കുകൾ കേട്ടാണ് നൂർ വളർന്നത്. മറ്റ് മൂന്നു സഹോദരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ താനായിരുന്നു ധൈര്യവതി എന്ന് നൂർ പറയുന്നു. സ്വന്തമായി ബൈക്ക് എന്നത് കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹമായിരുന്നു. എന്നാൽ വീട്ടുകാർ പ്രോത്സാഹിപ്പിച്ചില്ല. മുതിർന്നപ്പോൾ ആ സ്വപ്നം സാക്ഷാത്കരിച്ചു. ബൈക്ക് സ്വന്തമാക്കി ആദ്യം പോയത് ഗോവയിലേക്കാണ്.
പാഷനു വേണ്ടി സ്വന്തം പ്രഫഷൻ പോലും കളയാൻ തയാറായി. ഇന്ത്യയുടനീളം കറങ്ങിയ ശേഷം നേപ്പാളിലും പോയി. ബൈക്ക് ഓടിച്ചാൽ മറ്റുള്ളവർ എന്ത് വിചാരിക്കും, ബൈക്കിൽ നിന്ന് വീണാൽ ആളുകൾ എന്തുപറയും. എന്നുള്ള ചിന്തകളായിരുന്നു ആദ്യമൊക്കെ. എന്നാൽ ധൈര്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ എന്തുകാര്യവും ചെയ്യാൻ സാധിക്കുമെന്ന് ഞാൻ പതിയെ മനസിലാക്കി.-നൂർ പറയുന്നു. ഹിജാബ് ധരിച്ചുള്ള സോളോ യാത്ര ഒരിക്കലും പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും നൂർ പറയുന്നു. ഹിജാബിൽ വളരെ സുരക്ഷിതത്വം തോന്നി, ആളുകൾ ബഹുമാനത്തോടെയാണ് കണ്ടത്.
സ്ത്രീകൾക്ക് ഒറ്റക്ക് ബൈക്കിൽ സഞ്ചരിക്കാനാകില്ല എന്ന സ്റ്റീരിയോ ടൈപ്പ് പൊളിച്ചടുക്കുകയാണ് ആദ്യം ചെയ്തതെന്ന് നൂർ പറയുന്നു. എതിർപ്പുകളൊന്നും പിന്നോട്ടടിപ്പിച്ചില്ല. മോട്ടോർ സൈക്കിളിനോട് കുട്ടിക്കാലത്ത് തുടങ്ങിയ പ്രണയമാണ്. സ്ത്രീകൾ ബൈക്ക് ഓടിക്കാത്ത നാട്ടിൽ നിന്നാണ് നൂർ വരുന്നത്. ആദ്യം ആ വാർപ്പുമാതൃക തകർക്കുകയാണ് നൂർ ചെയ്തത്. കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ബൈക്ക് വാങ്ങണം എന്നുള്ളത്. ബംഗളൂരുവിലെ ഐ.ടി കമ്പനിയിൽ ജോലി കിട്ടിയപ്പോൾ അതിനായി പണം സ്വരൂപിക്കാൻ തുടങ്ങി. ചെന്നൈയിലെ പല്ലാവരം സ്വദേശിയാണ് ഈ യുവതി.
2021 ആയപ്പോഴേക്കും നൂർ തന്റെ സ്വപ്ന ബൈക്ക് സ്വന്തമാക്കി. 2012 മോഡൽ കർണാടക രജിസ്ട്രേഷനിലുള്ള റോയൽ എൻഫീൽഡ് ക്ലാസിക് 350 സെക്കന്റ്ഹാന്റ് വണ്ടി സ്വന്തമാക്കി. ആ ബൈക്കിൽ കയറി നൂർ ഇന്ത്യ ട്രിപ്പും നടത്തി. അതിനു വേണ്ടി 2021 നവംബറിൽ ജോലി രാജിവെച്ചു. സോളോ ട്രിപ്പ് എന്ന വിവരം ആദ്യം വീട്ടുകാരിൽ നിന്ന് മറച്ചുവെച്ചു. പിന്നീട് മഹാരാഷ്ട്രയിലെ ലോനവാലയിലെത്തിയപ്പോൾ വീട്ടുകാരെ വിളിച്ചു പറഞ്ഞു.
അഞ്ചടി അഞ്ച് ഇഞ്ച് ഉയരമുള്ള നൂറിന്റെ റോയൽ എൻഫീൽഡിലെ യാത്ര കണ്ട് ആളുകൾ അദ്ഭുതം കൂറിയത് മറ്റൊന്നുംകൊണ്ടായിരുന്നില്ല. ആ പെൺകുട്ടി ധരിച്ചിരുന്ന ഹിജാബ് കണ്ടായിരുന്നു. മഹാരാഷ്രട ഡാമൻ ആൻഡ് ഡിയു, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലൂടെ റോഡുകളിലൂടെ സവാരി നടത്തി ഒടുവിൽ ഡൽഹിയിലെത്തി.
യാത്രക്കിടെ ചില മുൻകരുതലുകൾ സ്വീകരിച്ചു. വൈകീട്ട് അഞ്ചുമണിക്കു ശേഷം ഒരിക്കലും യാത്ര ചെയ്തില്ല. കൂടുതൽ അന്വേഷണങ്ങളുമായി എത്തുന്ന പുരുഷൻമാരോട് വളരെ കുറച്ചു മാത്രം സംസാരിച്ചു. മറ്റ് സോളോ യാത്രികരെ പോലെ, രാത്രികളിൽ പെട്രോൾ സ്റ്റേഷനുകളിലും ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും താമസിച്ചു. മറ്റൊരു മതത്തിൽ പെട്ട ആളായിട്ടും ആ ആരാധനാലയങ്ങളുടെ നടത്തിപ്പുകാർ ഭക്ഷണവും താമസവും നൽകി സ്വീകരിച്ചു.
യു.പിയിലും ഉത്തരാഖണ്ഡിലും ഒരു പ്രശ്നവും നേരിട്ടില്ല. നേപ്പാളിലൂടെയും സഞ്ചരിച്ചു. എന്നാൽ നേപ്പാൾ-ബീഹാർ അതിർത്തിയിലുണ്ടായ ഒരു അപകടം സ്വപ്നങ്ങൾ പാതി വഴിയിലാക്കി. 2022 മേയ് മധ്യത്തിലായിരുന്നു അത്. അപകടത്തിൽ തകർന്ന ബൈക്ക് ചെന്നൈയിലേക്ക് ട്രെയിൻ മാർഗം കയറ്റിയയച്ചു. കണ്ണീരോടെയാണ് നൂർ അന്ന് പട്നക്ക് സമീപത്തെ ധനപൂർ അതിർത്തി കടന്നത്. 2022 ജൂൈലയിൽ ബൈക്ക് നന്നാക്കി കിട്ടിയെങ്കിലും വിൽക്കാൻ തീരുമാനിച്ചു. ബംഗളൂരിൽ മറ്റൊരു ജോലിക്ക് കയറി. കുറച്ച് പണം സ്വരൂപിച്ച് അടുത്ത യാത്രക്ക് തയാറെടുക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.