പത്തനംതിട്ട: ചുറുചുറുക്കും സന്തോഷവും ഒത്തൊരുമയും ചേരുമ്പോൾ വത്സല ചേച്ചിയുടെ കുടുംബശ്രീ സംരംഭമായി. ഭക്ഷ്യവസ്തുക്കളുടെ നീണ്ടനിരയാണ് മധ്യവയസ്സിലെത്തിയ പി. വത്സല കുമാരിയും ഭർത്താവ് എൻ.ജി. ഭരതനും ചേർന്ന് പുറത്തിറക്കുന്നത്. കൊടുമൺ ഇടത്തിട്ട ചെറുവള്ളൂർ വീടിനോട് ചേർന്ന ശ്രീധന്യ പൗഡർ യൂനിറ്റിലും ഭരത് ഫ്ലേർ മില്ലിലും സഹായികളായി മറ്റാരുമില്ല. നിർമാണ-വിപണന രംഗത്തും ഇരുവരും മാത്രം. ‘‘ഒരു നിമിഷം വെറുതെ കളയാൻ ഞങ്ങൾക്കില്ല; സന്തോഷമാണ് ഞങ്ങളുടെ സമ്പാദ്യം’’ ഇരുവരും ഒത്തൊരുമയോടെ പറയുന്ന വാക്കുകളിലൂടെ വലിയ സംരംഭത്തിന്റെ ശക്തി സ്രോതസ്സാണ് വ്യക്തമാകുന്നത്.
ധാന്യങ്ങൾ പൊടിക്കുന്നതിന് മുമ്പ് കഴുകി ഉണക്കി ശുദ്ധിയാക്കുക എന്ന നമ്മുടെ പാരമ്പര്യം കൈവിടാതെ പുതുതലമുറയെയും ഊട്ടുകയാണ് ഇവർ. ബിസിനസ് ബ്രാൻഡിന്റെ രഹസ്യവും ഇതുതന്നെ. മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ നാടിന് നൽകണമെന്നതിൽനിന്നാണ് ഇവർ ഒരു സംരംഭത്തെ കുറിച്ച് ആലോചിച്ചത്. കച്ചവടത്തിന് ഇറങ്ങിയ ആദ്യദിവസം മുളക്-മല്ലി-ഗോതമ്പ് പൊടികളുമായി എത്തിയ തനിക്ക് കൊടുമൺ പഞ്ചായത്ത് ഓഫിസ് ജീവനക്കാർ നൽകിയ പിന്തുണയും ധൈര്യവും ഇന്ന് വലിയ വ്യവസായികളെപ്പോലെ തീരെ സമയമില്ലാത്തവരാക്കി തങ്ങളെ മാറ്റിയെന്ന് ദമ്പതികൾ പറയുന്നു.
വിഷമില്ലാത്ത ഭക്ഷണസാധനങ്ങളുടെ വിപണി മൂല്യം തിരിച്ചറിഞ്ഞ സമയമായിരുന്നു. 34 വർഷം ദുബൈയിൽ ജോലി നോക്കിയിരുന്ന ഭരതൻ രണ്ട് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് 2015ൽ നാട്ടിൽ വിശ്രമിക്കുന്ന സമയമായിരുന്നു ഇത്. പിന്നീട് നാട്ടിൽതന്നെ സംരംഭം തുടങ്ങാൻ വത്സലക്കൊപ്പം ഭരതനും ഒരുമിച്ചു. 2016ൽ അരി, ഗോതമ്പ്, മല്ലി, മുളക് എന്നിവ പൊടിക്കുന്ന യന്ത്രങ്ങൾ കുടുംബശ്രീയുടെ സാമ്പത്തിക സഹായത്തോടെ വാങ്ങി. അരിപ്പൊടി വറക്കുന്ന മെഷീനും വെളിച്ചെണ്ണ ഉൽപാദനത്തിനായി ചക്കും സംരംഭത്തിലേക്ക് എത്തി.
ഇന്ന് കുടുംബശ്രീ മേളകൾക്ക് പുറമെ ജില്ലയിൽ തന്നെ അഞ്ച് സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും രണ്ട് കൃഷി വിജഞാന കേന്ദ്രങ്ങളിലും ഇവരുടെ ഉൽപന്നങ്ങൾ ലഭ്യമാണ്. മുട്ടടയിലെ കേരള ജൈവഗ്രാമത്തിൽ ഉൾപ്പെടെ തിരുവനന്തപുരത്തെ വിവിധ കടകളിൽ ആവശ്യക്കാർ ഏറെയാണ്. വിവിധ ഇനങ്ങളിലായി 500 കിലോ പൊടിവരെ ഇന്ന് ചെലവാകുന്നുണ്ട്. അരക്കിലോ പാക്കറ്റുകളിലാണ് ലഭ്യമാകുക. ആവശ്യത്തിന് സാധനങ്ങൾ കൊടുക്കാൻ കഴിയുന്നില്ല എന്നതാണ് ഇരുവരും നേരിടുന്ന പ്രതിസന്ധി.
കടകളിൽ ഇത്രയും ആവശ്യക്കാർ ഉണ്ടെങ്കിലും തങ്ങളെ വളർത്തിയ കുടുംബശ്രീയുടെ സരസ്സ് മേളകളിൽ ഉൾപ്പെടെ ദമ്പതികൾ എത്തും. എല്ലാം വിറ്റഴിച്ചാണ് വീടുകളിലേക്ക് മടങ്ങുക. പത്തനംതിട്ടയിൽ വ്യാഴാഴ്ച സമാപിച്ച എന്റെ കേരളം പ്രദർശന വിപണന മേളയില കുടുംബശ്രീ ഒന്നാം സ്റ്റാൾ തന്നെ നൽകി. മാസം രണ്ട് ലക്ഷം രൂപയുടെ വിറ്റുവരവുണ്ട്. സംരംഭത്തിലെ വിജയമാണ് തങ്ങളുടെ ആരോഗ്യമെന്ന് ഇരുവരും പറയുന്നു. ഡോ. പൂജയാണ് ദമ്പതികളുടെ ഏകമകൾ.
ഉൽപന്നങ്ങൾ: അരി-ഗോതമ്പ്-മുളക്-മല്ലി-മഞ്ഞൾ പൊടികൾ, ഗോതമ്പ് സ്റ്റീം പുട്ടുപൊടി, ചെമ്പാപുട്ട്, വെള്ളപ്പുട്ട്, ഇടിയപ്പം, കടലമാവ്, സൂചി ഗോതമ്പ്, ചോളപ്പൊടി, റാഗി, സാമ്പാർ പൊടി, ഗരം മസാല, ജീരകപ്പൊടി, കുരുമുളക് പൊടി, ഉലുവ പൊടി, ചക്കവരട്ടിയത്, ചക്ക ഹൽവ, ചക്ക അവലോസ്, ചക്ക വറുത്തത്, ചക്ക മിക്സ്ചർ, ചക്കപ്പുട്ട്, ചക്കചപ്പാത്തി, ചക്ക ഇഡ്ഡലി-ദോശപ്പൊടി, ചക്ക ഇടിയപ്പം, ചക്ക ചമ്മന്തി, കൂഞ്ഞി അച്ചാർ, വ്യത്യസ്തതരം മാങ്ങ-നാരങ്ങ അച്ചാറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.