തേഞ്ഞിപ്പലം: ‘നിസ്കരിച്ച് ഓതി ഇരിക്കാൻ ഒരു മുറി കിട്ടിയാൽ മതിയായിരുന്നു. വലിയ പെരയൊന്നും വേണ്ട" നബീസുമ്മയുടെ വാക്കുകളിൽ ദൈന്യതയും നിസ്സഹായതയും. സൗത്ത് മുന്നിയൂർ ചുഴലി സ്വദേശിനിയായ 60 കാരി കണക്കൻതൊടിക നബീസക്ക് സ്വന്തക്കാരെന്ന് പറയാൻ ആരുമില്ല. ഭർത്താവ് ചെറിയ പ്രായത്തിൽ മരിച്ചു. മക്കളില്ല.
സഹോദരൻമാരുടെ മക്കളുടെ വീട്ടിലാണ് താമസം. ഉമ്മയുടെ ഓഹരി കിട്ടിയ വകയിൽ മൂന്ന് സെന്റ് സ്ഥലം സ്വന്തമായുണ്ട്. പതിറ്റാണ്ടുകളായി മനസ്സിൽ താലോലിക്കുന്നതാണ് വീടെന്ന സ്വപ്നം. പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായിട്ടില്ല. സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതാണ് ഭവന പദ്ധതിയിൽ ചേർക്കുന്നതിന് തടസ്സമായി അധികൃതർ പറഞ്ഞത്.
വിധവ പെൻഷൻ കിട്ടിയത് തന്നെ മൂന്ന് വർഷം മുമ്പാണ്. പ്രതിമാസം പെൻഷനായി കിട്ടുന്ന 1600 രൂപയാണ് ഏക ആശ്വാസം. സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്ത് ഒരു കൊച്ചുവീട്. ഇത് മാത്രമാണ് നബീസുമ്മയുടെ ജീവിതാഭിലാഷം.
അതിന് ശാരീരിക അവശതകൾക്കിടയിലും നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ എത്തിയതാണ് നബീസുമ്മ. മുഖ്യമന്ത്രി തന്റെ ആഗ്രഹം കണ്ടറിഞ്ഞ് വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് നബീസുമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.