കൊല്ലം: ഒരുപാട് കഴിവും അതിലേറെ സ്വപ്നങ്ങളുമുണ്ടായിരുന്നൊരു പെൺകുട്ടി പെട്ടെന്നൊരു ദിവസം പ്രിയപ്പെട്ടവരിൽനിന്ന് അകന്നുപോയി. തിരിച്ചുവരാനാകാത്ത ലോകത്തേക്ക് അവൾ പോയി എന്ന് വിശ്വസിക്കാൻ മാതാപിതാക്കൾക്കും സഹോദരിക്കും കൂട്ടുകാർക്കും ആ നാടിനും ഇനിയും കഴിഞ്ഞിട്ടില്ല.
അവൾ ബാക്കിയാക്കി പോയ ഒരായിരം ഓർമകൾ ഇന്നും അവരുടെ മനസ്സിൽ നിറഞ്ഞിരിപ്പുണ്ട്. ആ ഓർമകൾ കൺമുന്നിൽ എന്നെന്നും കാണാൻ, അവളെ എന്നും ചേർത്തുനിർത്താൻ വിങ്ങുന്ന ഹൃദയങ്ങളിൽ തോന്നിയൊരു ആശയം ഇന്ന് ഡിജിറ്റൽ ലോകത്ത് അവൾക്കായി നിത്യസ്മാരകമായി മാറിയിരിക്കുന്നു. സെമിത്തേരിയിലെ കല്ലറയിൽ പതിച്ചിരിക്കുന്ന ക്യു.ആർ കോഡിലൂടെ അഖില റെജി എന്ന 22കാരി അങ്ങനെ എന്നും പ്രിയപ്പെട്ടവരുടെ വിരൽതുമ്പിലെത്തും.
വാളകം ആക്കാട്ട് റെജി വിലാസത്തിൽ കളിചിരികൾ നിലച്ചുപോയത് 2022 ഡിസംബർ 30ന് ആണ്. ആ വീട്ടിൽ റെജിയുടെയും മിനിയുടെയും മകളും അനിജയുടെ അനിയത്തിയുമായി സ്നേഹം നിറച്ചിരുന്ന അഖില നാട്ടുകാരുടെയും പ്രിയപ്പെട്ടവളായിരുന്നു. ചെറിയ തലവേദനയും പനിയുമായി എത്തിയാണ് ചെന്നൈ ബാലാജി മെഡിക്കൽ കോളജിലെ കാർഡിയ പെർഫ്യൂഷൻ കോഴ്സ് അവസാന വർഷ വിദ്യാർഥിനിയായിരുന്ന അഖിലയെ മരണം കൊണ്ടുപോയത്.
‘അഖില വിടപറഞ്ഞത് വിശ്വസിക്കാൻ പറ്റാത്ത സ്ഥിതിയിൽ അവളെ എന്നും ഒപ്പം ചേർത്തുനിർത്താനായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് ഒന്നാം ചരമവാർഷികവേളയിൽ മോളുടെ സ്മരണകൾ നിറച്ച് വെബ്സൈറ്റ് ഉണ്ടാക്കിയത്. ആ വെബ്സൈറ്റിലേക്കുള്ള ക്യു.ആർ. കോഡ് പുതുക്കിപ്പണിത കല്ലറയിൽ ചേർത്തുെവച്ചു. മാർത്തോമ രൂപതക്ക് പ്രത്യേകം കത്ത്നൽകി അനുമതി വാങ്ങിയാണ് ചിത്രത്തിനൊപ്പം ക്യു.ആർ കോഡും പതിച്ചത്. എന്നും പുതുമകൾ ഇഷ്ടപ്പെട്ടിരുന്ന മോളെ ഞങ്ങൾ ചേർത്തുനിർത്തിയതും അങ്ങനെ വ്യത്യസ്തതയിലൂടെയായി’ -മാതാവ് മിനി പറയുന്നു.
ചിത്രരചനയും ഡാൻസും അഭിനയവും സംഗീതവും ഏറെ ഇഷ്ടപ്പെട്ടിരുന്ന അഖിലക്ക് രാഷ്ട്രീയവും സാമൂഹിക പ്രവർത്തനവുമെല്ലാം പ്രിയപ്പെട്ടവയായിരുന്നു. www.akhilaammuzz.in എന്ന വെബ്സൈറ്റിൽ ചിത്രങ്ങളും വിഡിയോകളും വഴി പ്രിയപ്പെട്ടവർ അഖിലയുടെ ഓർമ പുതുക്കുന്നതിനൊപ്പം പുതിയ ആളുകളും അവളെ പരിചയപ്പെടുകയാണ്. മകളുടെ കൂടുതൽ ചിത്രങ്ങളും വിഡിയോകളും എല്ലാ വർഷവും പോസ്റ്റ് ചെയ്ത് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാമെന്നും കുടുംബം കരുതുന്നു. ചെന്നൈയിലെ പഠനത്തിന്റെ ഇടവേളയിൽ നാട്ടിൽ ഓടിയെത്തുമ്പോൾ വണ്ടിയുമെടുത്ത് നാടിനായി ഓടിയെത്തുന്ന മിടുക്കിക്ക് മറ്റൊരു നിത്യസ്മാരകം കൂടി മാതാപിതാക്കൾ ഒരുക്കി.
അവളുടെ പേരിൽ അഞ്ച് കുടുംബങ്ങൾക്ക് തണലായി വീടുവെക്കാൻ വസ്തു നൽകിയാണ് മകളെ അവർ വീണ്ടും അനശ്വരയാക്കിയത്. ‘അഖിലയുടെ പഠനം പൂർത്തിയാക്കാനും വിവാഹം നടത്താനും ഞങ്ങൾക്ക് കഴിഞ്ഞില്ല. ചെറുപ്രായത്തിൽ ഈ ലോകത്തെ എല്ലാ രേഖകളിൽ നിന്നും പേര് മാഞ്ഞ്, മരണസർട്ടിഫിക്കറ്റിൽ മാത്രം ആയി അവളെ മറവിക്ക് വിട്ടുകൊടുക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. പാവങ്ങളെ തന്നാലാകുന്ന വിധം സഹായിച്ചിരുന്ന, ഇനിയും ഏറെ ചെയ്യാൻ ആഗ്രഹിച്ചിരുന്ന മോളുടെ മനസ്സ് ഉൾക്കൊണ്ടാണ് ഞങ്ങൾ വസ്തു നൽകിയത്. എത്ര കൊല്ലം കഴിഞ്ഞാലും ആ കുടുംബങ്ങൾ അവളെ ഓർക്കും’- മിനിയുടെ വാക്കുകൾ ശരിെവച്ച് എവിടെയോ ഇരുന്ന് അഖിലയും ചിരിതൂകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.