കൊട്ടാരക്കര: സന്തോഷം ആഘോഷിക്കാനും പ്രകടിപ്പിക്കാനും ഈ രണ്ട് കുടുംബത്തിനും ശബ്ദം വേണമെന്നില്ല, അത് മനസ്സ് നിറയെ ആവോളമുണ്ട് ഇവർക്ക്. കൊട്ടാരക്കര മുട്ടറ ലേഖ സദനം വീടും അയൽവീടും എന്നും മൂകമാണെങ്കിലും നേട്ടങ്ങളുടെ നെറുകയിലേക്ക് അഞ്ജന ചാടിക്കടക്കുന്നതിന്റെ സന്തോഷം ആവോളമുണ്ട് ഈ വീടുകളിൽ.
മിണ്ടാനും കേൾക്കാനും പറ്റാത്ത എട്ടുപേരാണ് രണ്ട് ചെറുവീടുകളിലായി കഴിയുന്നത്. അതിലൊരു മിടുക്കിയായ എ.ആർ. അഞ്ജന (17) മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ദേശീയ ബധിര കായികമേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി. മുട്ടറയിലെ ലോട്ടറി വിൽപനക്കാരനായ ജി. അനിൽകുമാറിന്റെയും തയ്യൽജോലി ചെയ്യുന്ന രജിതയുടെയും രണ്ട് മക്കളിൽ ഇളയയാളാണ് അഞ്ജന. തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ് ഫോർ ഡഫിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥിനിയാണ്. വീട്ടിൽ അച്ഛനും അമ്മയും മൂത്ത സഹോദരൻ അർജുനും ബധിരരും മൂകരുമാണ്. അനിൽകുമാറിന്റെ സഹോദരി സുലേഖയാണ് അയൽവീട്ടിലെ താമസക്കാർ.
സുലേഖയും ഭർത്താവ് മനോജും മക്കൾ അമൃതയും അനന്തലക്ഷ്മിയും സമാനരീതിയിൽ ബധിരമൂക കുടുംബമാണ്. കുട്ടിക്കാലം മുതൽ ഓട്ടത്തിലും ചാട്ടത്തിലുമൊക്കെ സമ്മാനങ്ങൾ വാരിക്കൂട്ടിയ അഞ്ജന പത്താം ക്ലാസിൽ എട്ട് എ പ്ലസ് നേടി. സംസ്ഥാന കായിക മേളയിൽ നിരവധി ഇനങ്ങൾക്ക് ഒന്നാം സ്ഥാനക്കാരിയായിട്ടാണ് അഞ്ജന ഇൻഡോറിലേക്ക് വണ്ടികയറിയത്. ഹൈജംപ്, ലോങ് ജംപ് എന്നിവക്ക് ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തോടെ സ്വർണം നേടി. 400 മീറ്റർ ഓട്ടത്തിന് വെള്ളി മെഡലും ലഭിച്ചു. അഞ്ജന തിരികെ വീട്ടിലെത്തിയപ്പോൾ ബന്ധുക്കളെല്ലാം സന്തോഷത്തോടെ ഒത്തുകൂടിയിരുന്നു. വാട്സ് ആപ്പിൽ മെസേജ് ഇട്ട് വിജയം നേരത്തെ വീട്ടിലറിയിച്ചിരുന്നു. കൈകൊട്ടിയും ആഗ്യഭാഷയിലും അവർ സന്തോഷം മതിമറന്ന് ആഘോഷിച്ചു.
കുടുംബത്തിന്റെ അല്ലൽ മാറ്റാൻ ഒരു സർക്കാർ ജോലിയാണ് ലക്ഷ്യം. കായിക മേഖലയിൽ ഇനിയും നേടാനുണ്ട്. -എ.ആർ.അഞ്ജന എഴുതിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.