തിരുവനന്തപുരം: ഗായികയാകാൻ ആഗ്രഹിച്ച് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടി മികച്ച പാട്ടുകാരിയായിട്ടും പൊലീസിന്റെ കാക്കി കുപ്പായമാണ് അണിയേണ്ടിവന്നത്. എന്നാൽ, കാച്ചാണി സ്വദേശി സീനിയർ സി.പി.ഒ ആര്യ ദേവി തളർന്നില്ല. പാട്ടും അഭിനയവും എല്ലാം ഒപ്പം മുന്നോട്ടുപോകുകയാണ് അവർ. ജനമൈത്രി പൊലീസിന്റെ നാടകങ്ങളിലെ അമ്മ വേഷക്കാരി, പൊലീസ് ഗായകസംഘത്തിലെ അംഗം... എന്നിങ്ങനെ പൊലീസുകാരി മാത്രമല്ലെന്ന് തെളിയിക്കുകയാണ് ആര്യ.
കഴിഞ്ഞ ദിവസം വനിത കോളജിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പ്രദർശനോദ്ഘാടനം ചെയ്ത ‘ഉടൻ പ്രതികരിക്കൂ, ഉറക്കെ പ്രതികരിക്കൂ’ എന്ന സ്ത്രീ സുരക്ഷ നാടകത്തിലൂടെ നൂറിലധികം വേദി പിന്നിട്ടു. കൊല്ലം പരവൂർ ഉൾപ്പെടെ സ്റ്റേഷനുകളിൽ 16 വർഷം ക്രമസമാധന ചുമതലയിൽ ജോലി ചെയ്തിട്ടുണ്ട്.
പഠനകാലം ചെലവഴിച്ച വനിത കോളജ് അങ്കണത്തിലേക്ക് അഭിനേത്രിയായി എത്തിയതിൽ ഇരട്ടിമധുരം. സംഗീതത്തിൽ എം.എ ഉൾപ്പെടെ ഏഴുവർഷ പഠനം പൂർത്തിയാക്കിയത് ഇവിടെയാണ്. മകൾ ശരണ്യയും ഇതേ കോളജിൽനിന്ന് രണ്ടാം റാങ്കോടെ എം.എ സംഗീതം കഴിഞ്ഞിട്ടുണ്ട്. മകൻ ഗൗരീശങ്കർ ഒന്നാം റാങ്കോടെ മൃദംഗത്തിൽ ബിരുദം നേടി. മരുമകൻ വിഷ്ണു സജീവ് കീബോർഡ് വാദകനാണ്. പഠിക്കുന്ന കാലത്തൊന്നും ആര്യ ദേവിക്ക് കോളജ് വേദിയിൽ കയറാൻ കഴിഞ്ഞിട്ടില്ല. ജനമൈത്രി പൊലീസിന്റെ ‘മദ്യപാനിയുടെ ആത്മകഥ’എന്ന നാടകത്തിൽ മദ്യപന്റെ ഭാര്യയായി കണ്ണു നനയിക്കുന്ന വേഷവുമായാണ് ആര്യ പഴയ കലാലയ വേദിയിൽ ആദ്യം എത്തിയത്.
‘ഉടൻ പ്രതികരിക്കൂ, ഉറക്കെ പ്രതികരിക്കൂ’ രണ്ടാം നാടകമാണ്. അമ്മമാരും യുവതികളും ബാലികമാരും വിദ്യാർഥികളും തുടങ്ങി വിവിധ പ്രായത്തിലുള്ള സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളാണ് പ്രമേയം. എസ്.ഐമാരായ നിസാറുദ്ദീൻ, മുഹമ്മദ് ഷാ, സീനിയർ സി.പി.ഒ നിമി രാധാകൃഷ്ണൻ, സി.പി.ഒമാരായ വി. സുധർമൻ, ജി. സുഭാഷ് കുമാർ, എസ്. സുനിൽകുമാർ, എം.എ. ഷംനാദ്, എം. രേഷ്മ, വി.എസ്. രതീഷ് എന്നിവരും വിവിധ വേഷങ്ങളിൽ എത്തുന്നു.
ജനമൈത്രി നോഡൽ ഓഫിസർ ആർ. നിശാന്തിനിയുടെ ആശയത്തിൽ അനിൽ കാരേറ്റാണ് സംവിധാനം. വിദ്യാലയങ്ങൾ, ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷൻ തുടങ്ങി സംസ്ഥാനത്താകമാനം സൗജന്യമായി നാടകം അവതരിപ്പിക്കും. അപേക്ഷ നൽകേണ്ട ഇ- മെയിൽ jmspd.pol@kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.