പ​ങ്ക​ജാ​ക്ഷി

എട്ടിൽ മുടങ്ങിയ പഠനം 78ൽ തിരിച്ചുപിടിച്ച് പങ്കജാക്ഷി

കണ്ണൂർ: 72 വർഷം മുമ്പാണ്. പ്രാരാബ്ധത്താൽ പഠനം മുടങ്ങിയ നാലാം ക്ലാസുകാരി നാരോൻ പങ്കജാക്ഷി കണ്ണുതുടച്ച് അരങ്ങേറ്റുപറമ്പ് സ്കൂളിന്‍റെ പടിയിറങ്ങി. പിന്നെ ബീഡിത്തൊഴിലാളിയായി. 14ാം വയസ്സിൽ കല്യാണം കഴിച്ച് കുടുംബിനിയായി. ചില്ലറ രാഷ്ട്രീയ പ്രവർത്തന ഫലമായി പഞ്ചായത്ത് അംഗമായി. ജനപ്രതിനിധി എന്നനിലയിൽ വിദാർഥികൾക്ക് പഠനമികവിനുള്ള സമ്മാനവിതരണം ചടങ്ങിൽ പങ്കെടുത്തതാണ് മനംമാറ്റത്തിന്‍റെ തുടക്കം. വീണ്ടും പഠിക്കണമെന്നായി ആഗ്രഹം.

എട്ടാം വയസ്സിൽ മുടങ്ങിയ പഠനവഴിയിൽ 78ാം വയസ്സിൽ പങ്കജാക്ഷി തിരിച്ചെത്തി. ആദ്യം ഏഴാം തരം തുല്യത പാസായി. 78ാം വയസ്സിൽ എസ്.എസ്.എൽ.സി കടന്നു. പ്ലസ് ടുവാണ് അടുത്ത ലക്ഷ്യം. അതിനായി ഉറക്കൊഴിഞ്ഞുള്ള പഠന ദിനങ്ങൾക്കിടെ, വില്ലനായി പക്ഷാഘാതം പിടികൂടി. എങ്കിലും, പഠനം ഉപേക്ഷിച്ചില്ല. കൈകൾ ചലിപ്പിക്കാൻ പ്രയാസമുണ്ട്. എങ്കിലും, പിന്മാറാനില്ല. കൊച്ചുമക്കളെ സഹായിയാക്കി പരീക്ഷയെ നേരിടാൻതന്നെയാണ് 82കാരിയായ പങ്കജാക്ഷിയുടെ തീരുമാനം. നാട്ടുകാർക്ക് നിശ്ചയദാർഢ്യത്തിന്‍റെ പെൺരൂപമാണ് ഈ മുത്തശ്ശി. 79ാം വയസ്സിൽ കതിരൂർ സൂര്യനാരായണ ക്ഷേത്രക്കുളത്തിലെത്തി നീന്തൽ പഠിച്ചത് ആ മനക്കരുത്തിന്‍റെ ബലത്തിലാണ്.

സ്വാതന്ത്ര്യസമര സേനാനി സി.എച്ച്. അനന്തന്‍റെയും നാരോൻ ദേവകിയുടെയും മകളാണ് പങ്കജാക്ഷി. പിണറായി സ്വദേശി കെ. ബാലനാണ് ഭർത്താവ്. ഭർത്താവിനൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായിരുന്ന ഇവർ 2015 വരെ പിണറായി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മെംബറായിരുന്നു. കലാരംഗത്തും ഒരു കൈനോക്കി. 'എന്‍റെ ഗാനം' നാടകത്തിൽ അഭിനയിച്ചു. ശരീരം തളർന്നനിലയിൽ ഇപ്പോൾ വായനയിൽ മുഴുകുകയാണ്. കണ്ണൂർ കോർപറേഷൻ കൗൺസിലർ ഉഷ, പുഷ്പ, ഉഷ, സുമ, സത്യൻ, സജീവൻ എന്നിവരാണ് മക്കൾ.

Tags:    
News Summary - At 78, Pankajakshi is studying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.