തൃശൂർ: 62ാം വയസ്സിൽ വേമ്പനാട്ടുകായൽ നീന്തിക്കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിക്കാൻ ഡോ. കുഞ്ഞമ്മ മാത്യൂസ്. കായലിന്റെ ഏറ്റവും വീതിയേറിയ ആലപ്പുഴ ജില്ലയിലെ അമ്പലക്കടവ് വടക്കുംകരയിൽനിന്ന് ആരംഭിച്ച് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് ഏഴ് കിലോമീറ്റർ നീന്താനാണ് തീരുമാനം. ശനിയാഴ്ച രാവിലെ എട്ടിനാണ് സാഹസിക നീന്തൽ ആരംഭിക്കുക. ഇത്രയും ദൂരം നീന്തുന്ന ഏറ്റവും പ്രായംകൂടിയ വനിതയാകാനാണ് ശ്രമമെന്ന് ഡോ. കുഞ്ഞമ്മ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എൽ.ഐ.സിയിൽനിന്ന് വിരമിച്ച ഡോ. കുഞ്ഞമ്മയുടെ ഭർത്താവ് തൃശൂർ അഞ്ചേരി ജവഹർ റോഡ് പുത്തൻപുര ഹൗസിൽ പി.വി. ആന്റണി മലഞ്ചരക്ക് വ്യാപാരിയാണ്. ഏക മകൾ ഡോ. ജ്യോത്സ്ന ദുബൈയിലാണ്.
വേമ്പനാട്ടുകായൽ താണ്ടാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ കോതമംഗലം ഡോൾഫിൻ അക്വാട്ടികിലെ ബിജു തങ്കപ്പൻ പരിശീലനം നൽകാൻ തയാറായി. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ മൂന്നര മാസത്തോളം പരിശീലനം നേടിയാണ് ഈ ഉദ്യമത്തിന് ഒരുങ്ങിയത്. തൃശൂരിലെ നീന്തൽ -ഓട്ടം -സൈക്ലിങ് കൂട്ടായ്മയായ എൻഡ്യൂറൻസ് അത്ലറ്റ്സ് ഓഫ് തൃശൂർ (ഇ.എ.ടി) അംഗമാണ് കുഞ്ഞമ്മ. വാർത്തസമ്മേളനത്തിൽ മേരി മാത്യൂസ്, വി.എ. രാമകൃഷ്ണൻ, പ്രശാന്ത് പണിക്കർ, വിപിൻ ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.