'കുട്ടിക്കാലത്ത് വീട്ടിൽ കറന്റുപോകുമ്പോൾ മുത്തശ്ശനെയും മുത്തശ്ശിയെയും കൂട്ടി വീടിന്റെ മുകളിലെത്തും. അന്നുകണ്ട അത്രയും തിളക്കമുള്ള നക്ഷത്രങ്ങളെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. മലിനീകരണം ഇല്ലെങ്കിൽ നക്ഷത്രങ്ങൾ നമ്മുടെ മുഖത്തോട് ചേർന്നുനിൽക്കുന്നതായി തോന്നും. അതായിരിക്കാം എന്നിൽ ആഗ്രഹങ്ങളുടെ ആദ്യ വിത്ത് മുളപ്പിച്ചതും' -തന്റെ സ്വപ്നങ്ങളെ പിന്തുടർന്ന് ബഹിരാകാശത്തെത്തിയ 34കാരി സിരിഷ ബന്ദ്ല പറയുന്നു.
നക്ഷത്രങ്ങളോടും നീലാകാശത്തോടുമുള്ള കൗതുകമാകാം ആകാശം കൈയെത്തിപ്പിടിക്കാനായിരുന്നു ഈ മിടുക്കിയുടെ ആഗ്രഹം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സിരിഷയുടെ ജനനം. പിന്നീട് മാതാപിതാക്കൾക്കൊപ്പം യുനൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പറിച്ചുനട്ടു. എന്നാൽ, കാഴ്ചപരിമിതി വില്ലനായി. നാഷനൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ഭാഗമാകുകയെന്ന ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ, തന്റെ സ്വപ്നത്തെ പിന്തുടരുന്നതിൽനിന്ന് സിരിഷ പിന്മാറാൻ തയാറായിരുന്നില്ല. എയറോനോട്ടിക്സ് എൻജിനീയർ/ഗവേഷക എന്ന കുപ്പായമണിഞ്ഞു. ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസന്റെ കമേഴ്സ്യൽ ബഹിരാകാശദൗത്യമായ വിർജിൻ ഗാലക്ടികിന്റെ ഭാഗമായി. ഇതോടെ ഇന്ത്യയുടെ നാലാമത്തെ ബഹിരാകാശസഞ്ചാരിയും സുനിത വില്യംസിനും കൽപന ചൗളക്കും ശേഷം ബഹിരാകാശയാത്ര നടത്തുന്ന മൂന്നാമത്തെ വനിതയുമായി സിരിഷ.
വിർജിൻ ഗാലക്ടിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസണും മറ്റു നാലുപേർക്കുമൊപ്പം 2021 ജൂലൈ 11നായിരുന്നു സിരിഷയുടെ ബഹിരാകാശ യാത്ര. വിർജിൻ ഗാലക്ടികിന്റെ വി.എസ്.എസ് യൂനിറ്റി 22 ബഹിരാകാശദൗത്യത്തിൽ ബഹിരാകാശത്തെ ഗുരുത്വാകർഷണ മാറ്റത്തോട് സസ്യങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന പരീക്ഷണവും സിരിഷ നടത്തി. ഭൂമിയിൽനിന്ന് ഏകദേശം 90 കി.മീ. അകലേക്ക് 1.5 മണിക്കൂർ നീണ്ടുനിന്നതായിരുന്നു യാത്ര. നിലവിൽ വിർജിൻ ഗാലക്ടികിന്റെ ഗവൺമെന്റ് റിലേഷൻസ് വൈസ് പ്രസിഡന്റാണ് സിരിഷ.
'ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ അന്തരീക്ഷത്തിലെ നീല നേർത്ത വര കാണാനാകും. അത് അവിശ്വസനീയമായിരുന്നു. യു.എസിന്റെ തെക്കുപടിഞ്ഞാറൻ ഭാഗമായിരുന്നു. നമ്മൾ എപ്പോഴും സംസ്ഥാനങ്ങളെക്കുറിച്ചും അതിർത്തികളെക്കുറിച്ചും പറയുന്നു. മുകളിൽനിന്ന് നോക്കുമ്പോൾ അതിർത്തികളൊന്നും കണ്ടില്ല. എന്നാൽ, നമ്മൾ എങ്ങനെ ഇത്രയും വിഭജിക്കപ്പെട്ടു എന്ന ചിന്ത മനസ്സിലേക്കു വന്നു' -സിരിഷ പറയുന്നു. 'നമുക്കു ചുറ്റുമുള്ള അന്തരീക്ഷത്തിന്റെ നീലനിറത്തിൽനിന്ന് ബഹിരാകാശത്തിന്റെ കറുപ്പിലേക്ക് മാറുന്നത് ഞാൻ നോക്കിക്കണ്ടു. ഇതുവരെ ഓർമയിൽ പതിഞ്ഞ അവിശ്വസനീയമായ നിമിഷമായിരുന്നു അത്' -അവർ കൂട്ടിച്ചേർത്തു.
'നിങ്ങൾ ഒരു ബഹിരാകാശ യാത്രികയാകാൻ ആഗ്രഹിക്കുകയാണെങ്കിൽ അതിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക. അവ നിങ്ങളെ പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായിക്കും. നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം. അവിടെ നിങ്ങൾക്ക് ഒരു പുതിയ വഴിതെളിക്കാനാകും. ഇപ്പോൾ സർക്കാർ/സ്വകാര്യ മേഖലകളിൽ നിങ്ങൾക്ക് പങ്കാളികളായി പ്രവർത്തിക്കാം. നിരവധി ചോയ്സുകൾ നിങ്ങൾക്കു മുന്നിലെത്തും' -പുതുതലമുറയോടായി സിരിഷ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.