മസ്കത്ത്: ‘സെലസ്റ്റിയൽ ബോഡീസ്’ എന്ന നോവലിന് മാൻ ബുക്കർ പുരസ്കാരം നേടി ചരിത്രം സൃഷ്ടിച്ച ഒമാനി എഴുത്തുകാരി ജോഖ അൽ ഹർത്തിക്ക് മറ്റൊരു ശ്രദ്ധേയ അംഗീകാരം കൂടി. ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയതും ആദരണീയവുമായ സാഹിത്യ പുരസ്കാരമായ ജെയിംസ് ടെയ്റ്റ് ബ്ലാക്ക് പ്രൈസിനായി നാമനിർദേശം ചെയ്തു.
മെർലിൻ ബൂത്ത് അറബിയിൽനിന്ന് വിവർത്തനം ചെയ്ത ജോഖയുടെ ‘കയ്പേറിയ ഓറഞ്ച് ട്രീ’ എന്ന പുസ്തകമാണ് ഫിക്ഷൻ വിഭാഗത്തിലെ പട്ടികയിൽ അവസാന നലെണ്ണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പുലിറ്റ്സർ സമ്മാനജേതാവ് ബാർബറ കിങ്സോൾവറിന്റെ ഡെമോൺ കോപ്പർഹെഡ്, ഡേവിഡ് ഹാക്സ്റ്റൺ ഫിന്നിഷിൽനിന്ന് വിവർത്തനം ചെയ്ത പജ്റ്റിം സ്റ്റാറ്റോവ്സിയുടെ ബൊല്ല, സെൽബി വിൻ ഷ്വാർട്സിന്റെ ആഫ്റ്റർ സപ്പോയുമാണ് അവസാന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് കൃതികൾ. വിജയികളാകുന്നവർക്ക് 10,000 പൗണ്ട് ആണ് ( എകദേശം 4,785 ഒമാനി റിയാൽ ) സമ്മാനത്തുകയായി കിട്ടുക. ‘സെലസ്റ്റിയൽ ബോഡീസ്’ മെർലിൻ ബൂത്ത്തന്നെയായിരുന്നു വിവർത്തനം ചെയ്തിരുന്നത്.
മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ അറബി സാഹിത്യകാരി, ഇംഗ്ലീഷിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരി എന്നീ നേട്ടങ്ങള്‍ക്കുടമയാണ് ജോഖ ഹര്‍ത്തി. 1919മുതൽ എഡിൻബർഗ് സർവകലാശാലയാണ് അവാർഡുകൾ നൽകിക്കൊണ്ടിരിക്കുന്നത്. സാഹിത്യകാരന്മാരും വിദ്യാർഥികളും വിലയിരുത്തിയ ശേഷമാണ് അവാർഡുകൾ നൽകുന്നത്. ജൂലൈയിലാണ് എഡിൻബർഗ് സർവകലാശാല വിജയികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ 12 മാസങ്ങളിൽ ഇംഗ്ലീഷിൽ എഴുതിയതോ വിവർത്തനം ചെയ്തതോ ആയ ഫിക്ഷൻ, ജീവചരിത്രം എന്നിവയിൽ പ്രസിദ്ധീകരിച്ച മികച്ച സൃഷ്ടികൾക്കാണ് അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.