കോഴിക്കോട്: അർജന്റീനയിൽ നടക്കുന്ന ലോക റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കൈത്താങ്ങില്ലാതെ ദേശീയ സ്കേറ്റിങ് താരം. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ വിസ്മയ വിനോദാണ് മത്സരത്തിനു മുന്നോടിയായി നടത്തുന്ന പരിശീലന ക്യാമ്പുകൾക്കുപോലും പങ്കെടുക്കാൻ പണം കണ്ടെത്താൻ മാർഗമില്ലാതെ പ്രതിസന്ധിയിലായത്.
ഒക്ടോബർ 24 മുതൽ അർജന്റീനയിലെ ബ്വേനസ് എയ്റിസിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ വനിത ആൽപൈൻ വിഭാഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്ന് അർഹത നേടിയ രണ്ടു പേരിലൊരാളാണ് വിസ്മയ. മറ്റൊരാൾ തമിഴ്നാട് സ്വദേശിനിയാണ്. ഇതുവരെ ഏഴു ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് സ്വർണ, വെള്ളി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട് വിസ്മയ.
ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനു മുന്നോടിയായുള്ള പരിശീലനത്തിനും അർജന്റീനയിലേക്ക് പോകുന്നതിനും താമസിക്കുന്നതിനുമെല്ലാമായി സ്വന്തമായി തുക കണ്ടെത്തണം എന്നതാണ് വിസ്മയയുടെ മോഹങ്ങൾക്ക് കടിഞ്ഞാണിടുന്നത്. ചാമ്പ്യൻഷിപ്പിന് മുമ്പ് നാലു ക്യാമ്പുകളിലാണ് പങ്കെടുക്കേണ്ടത്. രണ്ടെണ്ണം പുണെയിലും ഒന്ന് നോയിഡയിലും അവസാനത്തേത് അർജന്റീനയിലുമാണ്.
ഓരോ ക്യാമ്പിനും അമ്പതിനായിരത്തോളം രൂപ ചെലവാകും. അർജന്റീനയിലേക്കുള്ള യാത്രാചെലവിനത്തിൽ രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ റോളർ സ്കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ (ആർ.എസ്.എഫ്.ഐ) ഡി.ഡിയായി അടക്കണം. മകളെക്കുറിച്ച് വലിയ സ്വപ്നങ്ങൾ നെയ്യുന്ന പിതാവ് വിനോദിന്റെയും മാതാവ് സ്മിതയുടെയും കൊക്കിലൊതുങ്ങുന്നതല്ല ഇത്രയും വലിയ തുക. വെസ്റ്റ്ഹില്ലിൽ ഫാൻസി കട നടത്തുന്ന വിനോദ് വളരെ ബുദ്ധിമുട്ടിയാണ് ആദ്യതവണ പുണെയിലേക്കു പോകാനുള്ള അമ്പതിനായിരത്തോളം രൂപ കണ്ടെത്തിയത്.
സാമ്പത്തികസഹായം അനുവദിക്കുന്നതിൽ വലിയ മടിയൊന്നും പ്രകടിപ്പിക്കാതിരുന്ന സ്പോർട്സ് കൗൺസിൽ, കോവിഡിനുശേഷം വലിയ സാമ്പത്തിക പരാധീനതയിലാണെന്നും അതിനാൽ പല ദേശീയ മത്സരങ്ങളിലും പങ്കെടുത്ത വകയിൽ ലഭിക്കേണ്ടിയിരുന്ന തുക പോലും ഇപ്പോഴും ലഭിക്കാത്ത അവസ്ഥയിലാണെന്നും വിസ്മയ പറഞ്ഞു. സാമ്പത്തിക സഹായം അനുവദിക്കണമെന്ന അപേക്ഷയുമായി മന്ത്രി വി. അബ്ദുറഹ്മാനെ സമീപിച്ചിരിക്കുകയാണ് പ്രോവിഡൻസ് കോളജിലെ മൂന്നാം വർഷ ബി.എം ഇക്കണോമിക്സ് വിദ്യാർഥിനിയായ വിസ്മയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.