പത്തനംതിട്ട: ഭാഷയുടെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന അധ്യാപിക ഡോ. എൻ. ശ്രീവൃന്ദക്ക് രണ്ടാംതവണയും സംസ്ഥാന സർക്കാറിന്റെ ഭരണഭാഷ സേവന പുരസ്കാരം. ക്ലാസ് ഒന്ന് വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ ശ്രീവൃന്ദ 10,000 രൂപ സമ്മാനം ലഭിക്കും. പുരസ്കാരം നവംബർ ഒന്നിന് തിരുവനന്തപുരം ഡർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
2019ലാണ് മുമ്പ് ഇതേ പുരസ്കാരം ശ്രീവൃന്ദക്ക് ലഭിച്ചത്. പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ അസി. പ്രഫസറായി സേവനം ചെയ്യുന്ന ശ്രീവൃന്ദ വിവിധ ഭാഷ ഉന്നമന പ്രവർത്തനങ്ങളുമായി സജീവമാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ മലയാള ഭാഷാപഠനത്തെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കി ഇവർ തയാറാക്കിയ എഴുത്തുപുര എന്ന മൊബൈൽ ആപ്ലിക്കേഷൻ ശ്രദ്ധേയമായിരുന്നു. ഒട്ടേറെ ഗവേഷക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
ശ്രീവൃന്ദ രചിച്ച 10 പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. കേരള സർവകലാശാലയുടെ ഗവേഷക ഗൈഡാണ്. 2019ലെ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ ടാലന്റ് റൈറ്റർ പുരസ്കാരം, വിദ്യാഭ്യാസ ഗവേഷണത്തിന് എൻ.സി.ഇ.ആർ.ടി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയാണ്. തിരുവല്ല എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ രാജേഷ് കുമാറാണ് ഭർത്താവ്. മക്കൾ: സൂര്യ തേജസ്, അക്ഷയതേജസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.