‘കാണൂ എൻ നാട്ടുകാരേ, കേൾക്കൂ എൻ കൂട്ടുകാരേ, ഇനി പതിവുകൾ മാറുംവഴികൾ, മാറും തിരകൾ മാറും ഇവിടെ’ -റാപ് സംഗീതത്തിന്റെ അകമ്പടിയിൽ അവർ വന്നിറങ്ങി, പുതുതലമുറയിലെ ഒരുകൂട്ടം ഐ.ടി പ്രഫഷനലുകൾ. പുതുതലമുറക്കൊപ്പം പുത്തൻ ചിന്തകൾ അവർക്കുള്ളിലുണ്ടെന്ന് കരുതിയെങ്കിൽ തെറ്റി. വിരലിലെണ്ണാവുന്നവർ അവിടെയും പുറം തിരിഞ്ഞ് നിൽക്കുന്നുണ്ട്. തൊഴിലിടങ്ങളിലും സമൂഹത്തിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി അവതരിപ്പിക്കുകയാണ് അവർ. ഓരോ ഇടങ്ങളിലും ആൺകോയ്മ എങ്ങനെ നിലനിൽക്കുന്നുവെന്ന് പറഞ്ഞുതരുന്നു. വിദ്യാഭ്യാസമുണ്ടെങ്കിലും സ്ത്രീകൾ പ്രഫഷനിൽ നേരിടേണ്ടിവരുന്ന വിവേചനം തുറന്നുകാണിക്കുന്നു. ​ഐ.ടി പ്രഫഷനലുകളുടെയും കുടുംബശ്രീ പ്രവർത്തകയുടെയും ജീവിതം ഫ്രെയിമുകളിൽ മാറിമറിയുമ്പോൾ പുരുഷാധിപത്യ സമൂഹത്തിനുനേരെ ചോദ്യങ്ങൾ ഉയർത്തുന്നു. എന്നാൽ, മാറുന്ന സമൂഹത്തിൽ മാറ്റങ്ങൾ ഏറ്റെടുക്കുന്ന ഒരു പുതുതലമുറയായി അവരും മാറുന്നു.


സമൂഹത്തിൽ ഇനിയും മാറേണ്ട ചിന്തകളെ അവതരിപ്പിച്ചിരിക്കുന്നത് ഒരു നാടക​ത്തിലൂടെയാണ്. ജോലി സ്ഥലങ്ങളിലും പൊതുസമൂഹത്തിലും സ്ത്രീകൾ നേരിടേണ്ടിവരുന്ന മാറ്റിനിർത്തപ്പെടലുകളുടെ ഒരു ദൃശ്യാവിഷ്കാരമാണ് ‘ഷി ആർക്കൈവ്‌’ എന്ന നാടകം. ‘ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന്’ എന്ന സന്ദേശവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് പദയാത്രയോടനുബന്ധിച്ചുള്ള കലാജാഥയിലാണ് ‘ഷീ ആർക്കൈവ്‌’ അവതരിപ്പിക്കുന്നത്.


നാടക ചലച്ചിത്ര രംഗത്ത് സജീവമായ സജിതാ മഠത്തിലാണ് ഷീ ആർക്കെവിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അരുൺലാലാണ് സംവിധാനം. പ്രമീള പട്ടാമ്പി, വിസ്മയ വി.എ, സ്മിയ കൊടുങ്ങല്ലൂർ, രോഹിണി ഇരിങ്ങാലക്കുട, ബിന്ദു പീറ്റർ, ആർ.കെ താനൂൻ, വി.കെ. കുഞ്ഞികൃഷ്ണൻ, പ്രഭോഷ് മുദ്ര, അഖിൽ ഒളവണ്ണ, വിഷ്ണു എലവഞ്ചേരി, അഖിലേഷ് തയ്യൂർ എന്നിവരാണ് അഭിനേതാക്കൾ. വി.കെ.കുഞ്ഞികൃഷ്ണൻ, ബി.എസ്.ശ്രീകണ്ഠൻ എന്നിവർ രചിച്ച് രവി ഏഴോം സംവിധാനം ചെയ്ത കോട്ട്‌ വിൽകലാമേളയും കലാജാഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളികളുടെ കാപട്യവും അന്ധവിശ്വാസ പ്രചാരണവും തുറന്നുകാട്ടുന്നതാണ് കോട്ട് വിൽകലാമേള.

Tags:    
News Summary - drama she archive Sajitha Madathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 06:28 GMT