പാരിസ്: കഴിഞ്ഞ ദിവസം കുഞ്ഞുമക്കളെ സാക്ഷിയാക്കി ഒളിമ്പിക്സിൽ മെഡലുകൾ തുഴഞ്ഞെടുത്ത മൂന്ന് പെണ്ണുങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. ഒളിമ്പിക്സിൽ റോവിങ്ങിലാണ് അമ്മമനസുകളുടെ പതക്കത്തിളക്കമുണ്ടായത്. രണ്ട് തവണ സ്വർണം നേടിയ ചരിത്രമുള്ള ബ്രിട്ടന്റെ വെറ്ററൻ താരം ഹെലൻ ഗ്രോവറാണ് അമ്മമാരിൽ സൂപ്പർ സ്റ്റാർ. കോക്സ്‍ലസ് ഫോറിലാണ് ഹെലൻ ടീമിലുണ്ടായിരുന്നത്. നേരിയ വ്യത്യാസത്തിനാണ് സ്വർണം നഷ്ടമായത്.
ഡബ്ൾ സ്കൾസ് വിഭാഗത്തിൽ സ്വർണം നേടിയ ന്യുസിലാൻഡിന്റെ ലൂസി സ്പൂർസും ബ്രൂക്ക് ഫ്രാൻസിസുമാണ് മറ്റ് രണ്ട് അമ്മമാർ. ഫിനിഷിങ് ലൈൻ കടന്നതിന് പിന്നാലെ രണ്ട് പേരുടെയും മക്കളെ ഗ്യാലറിയിൽ നിന്ന് ഇവരുടെ കൈകളിലെത്തിച്ചു. ആ കുഞ്ഞുങ്ങൾ ഞങ്ങളെ കാത്തിരിക്കുന്നത് പോലെയാണ് തോന്നിയതെന്ന് ബ്രൂക്ക് പറഞ്ഞു. ക്യാമ്പുകളിൽ ഒരു വയസ്സുള്ള ഈ കുട്ടികളുമുണ്ടായിരുന്നു. പരിശീലനത്തിനിടെ കുട്ടികൾക്കായുള്ള പാട്ടുകൾ ബ്രൂക്കും ലൂസിയും പാടാറുണ്ടായിരുന്നു. പാരീസിൽ മത്സരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാൽ കുട്ടികളെ പരിചരിക്കാൻ കുടുംബാംഗങ്ങളെയും കൂട്ടിയാണ് വന്നത്.
കുട്ടികളെ വളർത്തുന്നത് എളുപ്പമല്ലെന്നും എല്ലാവരും പിന്തുണ നൽകിയെന്നും ബ്രൂക്ക് പറഞ്ഞു. മത്സരാർത്ഥികളിൽ നിന്നും മറ്റ് ടീമുകളിൽ നിന്നും പിന്തുണയുടെ സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ലൂസി പറഞ്ഞു.
2012, 16 ഒളിമ്പിക്സുകളിലെ സ്വർണമെഡൽ ജേത്രിയാണ് ബ്രിട്ടന്റെ ഹെലൻ ഗ്ലോവർ. പരിശീലനത്തിനിടെ കുട്ടികൾക്ക് മുലയൂട്ടുന്നത് വെല്ലുവിളിയാണെന്ന് മൂന്ന് മക്കളുടെ അമ്മയായ ഹെലൻ പറഞ്ഞു. മൂന്ന് മക്കളുടെ അമ്മയായ തന്റെ നേട്ടം മറ്റ് അത്‌ലറ്റുകൾക്ക് പ്രചോദനമേകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെലൻ ഗ്ലോവർ പറഞ്ഞു.
അമ്മമാരായ ശേഷം ജോലിയായാലും ഹോബിയായാലും സ്‌പോർട്‌സായാലും തിരിച്ചുവരാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കാനായെന്നും ബ്രിട്ടീഷ് താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.