ഡാൻസ്, പാചകം, യാത്ര വിവരണം, കൊച്ചുകൊച്ചു വാർത്തമാനങ്ങൾ, തമാശകൾ, മൊട്ടിവേഷൻ ക്ലാസുകൾ, ബ്യൂട്ടി ടിപ്സുകൾ തുടങ്ങിയവയൊക്കെയായി സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാണ് ‘ദുബൈ പാത്തു’. കണ്ണൂർ കണ്ണാടിപ്പറമ്പ് ചേലേരിമുക്ക് സ്വദേശി ജീന ബിനേഷിന് ‘ദുബൈ പാത്തു’വായി അറിയപ്പെടാനാണ് ഏറെയിഷ്ടം. സ്കൂൾ പഠനകാലംതൊട്ട് കലാരംഗത്ത് നിറ സാന്നിധ്യമാണ്. സ്കൂൾ, സബ് ജില്ല, ജില്ലാ തലങ്ങളിൽ കലാ തിലകപ്പട്ടവും സംസ്ഥാന തലത്തിൽ ബെസ്റ്റ് ആക്ടറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നാട്ടിലെ വിവിധ സ്റ്റേജുകളിൽ കലാ പരിപാടികളുമായി നിറഞ്ഞുനിന്നിരുന്നു. അഭിനയം, നൃത്തം, നൃത്താധ്യാപനം, മോണോആക്ട്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ മേഖലകളിൽ തന്റെതായ മുദ്ര പതിപ്പിച്ചു. നൃത്തത്തിൽ സജീവമായിരുന്ന പഠന കാലത്ത് സിനിമയിൽ അഭിനയിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്ത് മുഖേന അതിന് അവസരം ലഭിച്ചില്ലെങ്കിലും ചിലരുടെ എതിർപ്പിൽ ആ രംഗത്തേക്ക് കടക്കാൻ സാധിക്കാതെ വന്നു.
കുട്ടിക്കാലത്ത് വീട്ടിൽ വരുന്ന അയൽവാസികളായ സ്ത്രീകളുടെ ശബ്ദം അനുകരിച്ചാണ് മിമിക്രിരംഗത്തേക്കും അഭിനയ രംഗത്തേക്കും കടന്നുവരുന്നത്. ആമിന താത്തയുടെയും ഖദീജ താത്തയുടെയും സുലു ചേച്ചിയുടെയും കുഞ്ഞി പാത്തു താത്തയുടെയുമൊക്കെ സംസാരങ്ങൾ സ്വന്തം വീട്ടുകാർക്ക് മുമ്പിൽ അനുകരിക്കും. ഇതുകേട്ട് വീട്ടുകാർ ചിരിയോട് ചിരിയാണ്. ഷാർജയിലെത്തിയ ശേഷമാണ് റീലുകൾ നിർമിക്കാൻ തുടങ്ങുന്നത്.
കുടുംബാഗങ്ങളുടെയും നാട്ടുകാരുടെയുമൊക്കെ അകമഴിഞ്ഞ പ്രോത്സാഹനമുണ്ട് ഇവർക്ക്. തനിക്ക് വിവിധ മത്സരങ്ങളിൽ ലഭിച്ച, വീട്ടിലെ ഷെൽഫുകളിൽ സൂക്ഷിച്ചുവെച്ച പൊടി പിടിച്ച മെഡലുകളും കപ്പുകളും വൃത്തിയാകുമ്പോഴാണ് കുട്ടിക്കാലത്ത് ലഭിച്ച പ്ലേറ്റും ചായ കപ്പും ഓർമ വന്നത്. പ്ലൈറ്റും ഗ്ലാസും ഇന്നും ഉപയോഗിക്കുമ്പോൾ ആ പഴയകാലം ഓർമ്മ വരുന്നതിനെ കുറിച്ചാണ് ആദ്യമായി ഒരു വീഡിയോ ചെയ്യണമെന്ന് ആശയം മനസ്സിൽ വരുന്നത്. അത് ഭർത്താവുമായി പങ്കുവെച്ചു. ഇപ്പോൾ നൂറുകണക്കിന് വീഡിയോകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.
‘മുല്ല ബസാർ’ എന്ന യൂട്യൂബ് ചാനലും ഇവരുടേതാണ്. വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റീലുകൾക്കും ഷോർട്സുകൾക്കും ലഭിക്കുന്ന ലൈക്കും ഷെയറും അഭിനന്ദനങ്ങളും കാണുമ്പോൾ വലിയ സന്തോഷമാണ്. വളരെ കുറച്ചുപേർ മോശം അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും അവർക്കൊക്കെ സ്നേഹത്തോടെ മറുപടി നൽകാനാണ് പതിവ്. താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകൾ കോപ്പി ചെയ്ത് ചിലർ ടിക്ക്ടോക്കിൽ പ്രചരിപ്പിക്കുകയും അതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തയോടെയാണ് ടിക്ക്ടോക്കിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങുന്നത്. ഇൻസ്റ്റഗ്രാമിലും ടിക്ക്ടോക് ലൈവിലും വരുന്ന പ്രതികരണങ്ങൾക്കെല്ലാം തിരക്കിനിടയിലും മറുപടി നൽകാൻ സമയം കണ്ടെത്തുന്നുണ്ട്.
പഠനകാലത്ത് കലാ രംഗത്ത് സകല പിന്തുണകളുമായി അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു. വിവാഹ ശേഷം ഭർത്താവും കുടുംബവും എല്ലാ പിന്തുകളുമായി കൂടെയുണ്ട്. ഭർത്താവും രണ്ട് മക്കളുമായി ഷാർജയിലാണ് താമസം. ഇപ്പോൾ മേക്കപ്പ് ആർട്സ്റ്റായാണ് ജോലി. വലത് കൈകൊണ്ട് ചെയ്തത് ഇടതുകൈ അറിയരുതെന്ന ബോധ്യത്തോടെ തന്നാൽ കഴിയുന്ന നന്മകൾ മറ്റുള്ളവർക്ക് ചെയ്തുകൊടുക്കണമെന്നാണ് ആഗ്രഹം.
യുട്യൂബ്, ഇൻസ്റ്റഗ്രാം, ടിക് ടോക്, ഫേസ്ബുക്ക് തുടങ്ങിയവയിലെല്ലാം വീഡിയോകൾ നേരത്തെ തന്നെ ചെയ്യുന്നുണ്ടങ്കിലും സ്വന്തം ശബ്ദത്തിൽ വീഡിയോ ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷത്തിനടുത്തേ ആകുന്നുള്ളൂ. ചെലേരിമുക്കിലെ തനത് ശൈലിയിലാണ് സംസാരം. സ്വന്തം ശബ്ദത്തിൽ വീഡിയോ ചെയ്യാൻ തുടങ്ങിയതോടെ അതിന് വലിയ സ്വീകാര്യത ലഭിച്ചു. നാട്ടുവർത്തമാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു. നാട്ടിലെയും ഇവിടെത്തെയും കൊച്ചുകൊച്ചു കാര്യങ്ങൾ നാടൻ സംസാരത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയണിപ്പോൾ. കലയിൽ ഏറ്റവും ഇഷ്ട്ടം ഒപ്പനയാണ്.
സ്കൂൾ പഠന കാലത്ത് ഒപ്പന മത്സരങ്ങളിൽ വേഷമിട്ടതോടെ കാച്ചിത്തുണിയും കുപ്പായവും ഇഷ്ടപ്പെട്ട വേഷമായി. ആളുകൾ മറന്നു തുടങ്ങിയ ആ ലളിതമായ വേഷം പുതിയ തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുക യെന്ന ലക്ഷ്യത്തോടെ വീഡിയോകളിൽ ആ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടു. കുട്ടിക്കാലത്ത് അയൽവാസികളായ വല്ലിമ്മമാരിൽ നിന്നും ലഭിച്ച സ്നേഹവും അടുപ്പവുമാണ് സോഷ്യൽ മീഡിയയിൽ ‘പാത്തു’ എന്ന പേര് സ്വീകരിക്കാൻ കാരണമായത്.
സ്കൂൾ പഠനകാലത്തേ സഹപാഠികൾകൊപ്പം റമദാനിൽ നോമ്പെടുക്കുന്നതും ഇപ്പോൾ കുടുബത്തോടൊപ്പം അത് തുടരുന്നതും മധുരിക്കുന്ന ഓർമയാണ്. മരണത്തെ കുറിച്ച ചില പാട്ടുകൾ വീഡിയോ ചെയ്തപ്പോൾ കരഞ്ഞുപോയി. ആ വീഡിയോകൾക്ക് വലിയ സ്വീകാര്യതയും പ്രതികരണങ്ങളും ലഭിക്കുകയും ചെയ്തു. ജീവിതത്തിൽ നേരിട്ട പരീക്ഷണങ്ങളിൽ പതറാതെ ചുറ്റുമുള്ളവരെ കൊച്ചുകൊച്ചു തമാശകളും സ്നേഹംകൊണ്ടും സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.