10 മാസം മുമ്പ് നെതർലൻഡിൽ നിന്ന് ദുബൈയിലെത്തുമ്പോൾ യുക്രെയ്ൻ ദമ്പതികളായ ദിമിദ്രോ സ്വിക്കിനും ഭാര്യ മരിയ ഡെൻസ്യൂയിക്കിനും കേരളത്തെ കുറിച്ചോ മലയാളമെന്ന ഭാഷയെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. പക്ഷെ, പത്തുമാസത്തിനിപ്പുറം അങ്ങനെയല്ല, മലയാളി പ്രവാസികളുടെ ‘ചങ്കായി’ മാറിയിരിക്കുകയാണീ ദമ്പതികൾ. മലയാളം ഒട്ടും അറിയില്ലെങ്കിലും മലയാള സിനിമയിലെ ചിരിയുണർത്തുന്ന രസകരമായ സംഭാഷണ ശകലങ്ങൾ കൂട്ടിയിണക്കിയുള്ള ഇവരുടെ ഇൻസ്റ്റഗ്രാം, ടിക്ടോക് റീലൂകളാണ് ഗൾഫ് മലയാളികൾക്കിടയിൽ വൈറലായി മാറിയിരിക്കുന്നത്. മമ്മുട്ടി, മോഹൻലാൽ, ശ്രീനിവാസൻ തുടങ്ങിയ മലയാള നടൻമാർ അഭിനയിച്ച സിനിമകളിലെ സംഭാഷണങ്ങളാണ് ഇവരുടെ റീലുകളിലെ ശ്രദ്ധേയ ആകർഷണം.
മാരിടൈം ലോജിസ്റ്റിക്സ് പ്രഫഷണലായ ദിമിദ്രോ ഭാര്യക്കും മകൾക്കുമൊപ്പം ജോലി ആവശ്യാർഥമാണ് ഒമ്പതു മാസം മുമ്പ് ദുബൈയിലെത്തുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് 32കാരിയായ മരിയ. ഒമ്പതു വർഷത്തോളം ഇരുവരും നെതർലണ്ടിലായിരുന്നു താമസം. അക്കാലത്തു തന്നെ മരിയക്ക് ലക്ഷത്തിനു മുകളിൽ ഇൻസ്റ്റ ഫോളേവേഴ്സ് ഉണ്ടായിരുന്നു. അതോടൊപ്പം മികച്ച വ്ലോഗറും കൂടിയായിരുന്നു അവർ. നെതർലണ്ട് കൂടാതെ ജർമനി, യുക്രൈൻ, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു പ്രേക്ഷകരിൽ ഭൂരിഭാഗവും.
എന്നാൽ, യാത്രകൾ ഇഷ്ടപ്പെടുന്ന ഇരുവരും ഒരിടത്ത് സ്ഥിരമായി തങ്ങുന്ന പതിവില്ല. കുറച്ചു കാലം ഒരിടത്ത് താമസിച്ച ശേഷം മറ്റൊരിടം കണ്ടെത്തുകയാണ് രീതി. ദുബൈയിലെത്തിയതും അങ്ങനെ തന്നെയാണ്. ഓരോയിടത്തും വരുമാനത്തിനായി പുതു വഴികൾ തേടുന്നതും പല രീതിയിലായിരുന്നു. ദുബൈയിലെത്തിയ മരിയയുടെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കരിയർ വരുമാന മാർഗമാക്കുന്നതിനെ കുറിച്ചുള്ള ചിന്തയാണ് വ്യത്യസ്ത രീതിയിലുള്ള ഇൻസ്റ്റഗ്രാം റീലുകൾ എന്ന ആശയത്തിലെത്തിയതെന്ന് ദിമിദ്രോ വാട്സാപ്പ് ചാറ്റിലൂടെ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
മലയാളികൾ ഏറെയുള്ള ദുബൈയിൽ എത്തിയ ഒരു വിദേശിയുടെ ഇംഗ്ലീഷ് ഭാഷയിലുണ്ടാകുന്ന മാറ്റത്തെ കുറിച്ചുള്ളതായിരുന്നു ആദ്യ വീഡിയോ. ദിമിദ്രി അഭിനയിച്ച 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ മലയാളി പ്രവാസികൾ ഏറ്റെടുത്തതോടെ വൻ ഹിറ്റായി മാറി. നിലവിൽ ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമായി 13,0000 ഫോളോവേഴ്സുണ്ട് ദിമിദ്രിക്ക്. തുടർന്ന് മലയാളത്തിൽ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള വീഡിയോകൾക്കായി യൂട്യൂബിൽ തെരയുന്നതിനിടെയാണ് ചില മലയാള സിനിമകളിൽ ഒന്ന് കണ്ണിലുടക്കിയത്. മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാളം കടും കട്ടിയാണെങ്കിലും ഒരു ആകർഷണീയത ആ വീഡിയോകൾക്കുണ്ടായിരുന്നതായും ദിമിദ്രോ പറഞ്ഞു.
ഭാര്യ മരിയയും വീഡിയോകളിൽ ദിമിദ്രിക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഈ വീഡിയോകൾ മരിയയുടെ ഇൻസ്റ്റപേജിൽ അപ്ലോഡ് ചെയ്തതോടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയർന്നു. നിലവിൽ രണ്ടര ലക്ഷമാണ് ഫോളോവേഴ്സ്. മറ്റ് ഇൻസ്റ്റവീഡിയോകളിൽ നിന്ന് വ്യത്യസ്തമായി ആസ്വാദകരെ ആകർഷിക്കാവുന്ന വിത്യസ്ത ആശയങ്ങൾക്കാണ് ഇവർ പ്രാധാന്യം നൽകാറുള്ളതെന്നതാണ് പ്രത്യേകത. കോമഡി സീനുകളിലായിരുന്നു ദിമിദ്രി കൂടുതൽ അഭിനയിച്ചത്. എന്നാൽ ഫിറ്റ്നസ്, പാരന്‍റിങ്, ലൈഫ്സ്റ്റൈൽ എന്നിവ കൂടിക്കലർന്ന വീഡിയോകളിലാണ് മരിയ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇരുവരുടെയും വീഡിയോൾ വമ്പൻ ഹിറ്റായതോടെയാണ് മകൾ മിയയേയും വളർത്തു മൃഗങ്ങളേയും വീഡിയോയിൽ ഉൾപ്പെടുത്താൻ തുടങ്ങിയതെന്ന് ദിമിദ്രി പറഞ്ഞു.
34കാരനായ ദിമിദ്രിയുടെയും മരിയയുടെയും ജൻമസ്ഥലം യുക്രൈനാണ്. 13 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. 2014ൽ നെതർലണ്ടിലേക്ക് ചേക്കേറുകയും ഡച്ച് പൗരത്വം നേടുകയുമായിരുന്നു. 2022ൽ ആണ് യു.എ.ഇയിലേക്ക് വരുന്നത്. ഇൻസ്റ്റഗ്രാം വീഡിയേകളിലൂടെ മാത്രം കണ്ടു പരിചയിച്ച കേരളത്തെ ഇപ്പോൾ ഏറെ ഇഷ്പ്പെടുന്നുണ്ട്. മുമ്പ് നാവികനായി ജോലി നോക്കിയിരുന്ന കാലത്ത് ജോലിയുടെ ആവശ്യാർഥം മുംബൈ, സിക്ക, ഹസിറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും കേരളം ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീട്, മലയാളി സുഹൃത്തുക്കൾ അയച്ച വീഡിയോയിലൂടെയാണ് കേരളത്തെ അടുത്തറിയുന്നത്.
വെറും ഒരു വർഷത്തിനുള്ളിൽ ഒരു ഇൻസ്റ്റഗ്രാം പേജ് വിജയിപ്പിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ദിമിദ്രിയുടെ വിലയിരുത്തൽ. വീഡിയോയുടെ ഉള്ളടക്കത്തിൽ കാര്യമായി ശ്രദ്ധിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ. ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരോടും ഇത് തന്നെയാണ് പറയാനുള്ളത്. ഇഷ്ടമുള്ള ഉള്ളടക്കം തെരഞ്ഞെടുക്കാം. പക്ഷെ, അതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതോടൊപ്പം കാത്തിരിക്കൻ ക്ഷമയും ഉണ്ടാവണം. വീഡിയോ ചെയ്യാൻ ഉപയോഗിക്കുന്ന ക്യാമറകളുടെ ഗുണനിലവാരവും വളരെ പ്രധാനമാണ്. എപ്പോഴും ക്യാമറയുടെ ലെൻസ് ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം വീഡിയോകളുടെ മികവ് നഷ്ടമാവും. തുടർച്ചയായി വീഡിയോകൾ അപ്ലോഡ് ചെയ്യുകയെന്നതാണ് മറ്റൊരു പ്രധാന കാര്യം. കൂടുതൽ പേരും വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, അത് തുടർന്നു പോകുന്നവർ വിരളമാണ്. തുടർച്ചയായി മികച്ച വീഡിയോകളിലൂടെ മാത്രമേ ആസ്വാദകരെ ആകർഷിക്കാനാവൂവെന്നും ദിമിദ്രി പറഞ്ഞുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.