ദോഹ: സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കമ്യൂണിക്കേഷൻ ആൻഡ് മീഡിയ എക്സിക്യൂട്ടിവ് ഡയറക്ടർ ഫത്മ അൽ നുഐമിക്ക് വേൾഡ് വിമൻ ഹീറോ പുരസ്കാരം. ദാവോസിൽ സമാപിച്ച ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് വേൾഡ് വിമൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പാനൽ സെഷനിലാണ് ഫത്മ അൽ നുഐമിക്ക് പുരസ്കാരം സമ്മാനിച്ചത്. പരിപാടിയിൽ ഫിഫ ലോകകപ്പ് ഖത്തർ വിജയത്തിൽ വനിതകളുടെ പങ്കിനെ പ്രത്യേകം പ്രശംസിക്കുകയും എടുത്തുകാണിക്കുകയും ചെയ്തു. പാനൽ ചർച്ചയിൽ ഖത്തർ ലോകകപ്പ് സംബന്ധിച്ചും ലോകകപ്പിലെ വനിതകളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ടും ഫത്മ അൽ നുഐമി സംസാരിച്ചു.
2022 ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന ലോകകിരീടമുയർത്തിയതോടെ ചരിത്രത്തിലിടം നേടിയ ടൂർണമെന്റിലെ വനിതകളുടെ പങ്കാളിത്തം പാനൽ ചർച്ച ചെയ്തു. രാജ്യത്തുടനീളം മാനുഷിക, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വികസനത്തെ ഉത്തേജിപ്പിക്കുന്ന ടൂർണമെന്റിനൊപ്പം, മിഡിലീസ്റ്റിലും അറബ് ലോകത്തുമായി വനിതകൾക്ക് സുപ്രധാന റോളുകളിൽ തിളങ്ങാനുള്ള വേദി ഖത്തർ 2022 ഒരുക്കിയിട്ടുണ്ടെന്ന് ഫത്മ അൽ നുഐമി പറഞ്ഞു.
ഖത്തറിൽ കായികരംഗത്ത് മത്സരം, സംഘാടനം, ഭരണം എന്നീ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ വലിയ വളർച്ചയുണ്ടായിട്ടുണ്ട്. തുല്യ അവസരങ്ങൾക്കും ദീർഘകാല വികസനത്തിനും വേദി പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ മേഖലയിൽ ഞങ്ങൾ വൻതോതിലുള്ള നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയിലെ സ്ത്രീകളുടെ ഉയർന്ന എണ്ണത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഉന്നത സ്ഥാനങ്ങൾ വഹിച്ചവരും നേതാക്കളും അതിലുണ്ടായിരുന്നുവെന്നും ഒരു ദശാബ്ദത്തിലേറെക്കാലം സുപ്രീം കമ്മിറ്റിയിൽ ചെലവഴിച്ച അൽ നുഐമി പാനലിൽ വിശദീകരിച്ചു. ടൂർണമെന്റിന്റെ പൈതൃകത്തെക്കുറിച്ചുള്ള ചർച്ചയിൽ, 35 രാജ്യങ്ങളിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമുൾപ്പെടെ ആഗോളാടിസ്ഥാനത്തിൽ ദശലക്ഷത്തിലധികം ആളുകൾക്ക് ഗുണപരമായ പ്രയോജനം ലഭിച്ച ഫുട്ബാൾ ഫോർ ഡെവലപ്മെന്റ് സംരംഭമായ ജനറേഷൻ അമേസിങ് ഫൗണ്ടേഷന്റെ സ്വാധീനത്തെക്കുറിച്ചും ഫത്മ അൽ നുഐമി ചൂണ്ടിക്കാട്ടി.
‘മേഖലയിലും ആഗോളതലത്തിലും ഫൗണ്ടേഷന് വലിയ സ്വാധീനമുണ്ട്. ടീം വർക്ക്, നേതൃത്വം, സമത്വം എന്നിങ്ങനെയുള്ള സുപ്രധാന ജീവിത നൈപുണ്യങ്ങൾ ഫുട്ബാളിലൂടെ പഠിക്കാൻ യുവാക്കൾക്ക് സുരക്ഷിതമായ ഇടം ജനറേഷൻ അമേസിങ് നൽകുന്നു. ചെറുപ്പക്കാരായ പെൺകുട്ടികളും ഈ പ്രോഗ്രാമിന്റെ കേന്ദ്രബിന്ദുവാണ്. ലിംഗസമത്വത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നത്’ -അവർ പറഞ്ഞു.
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ വേൾഡ് വിമൻ ഫൗണ്ടേഷൻ സ്ഥാപകയും സി.ഇ.ഒയുമായ രൂപ ഡാഷിൽനിന്ന് ഫത്മ അൽ നുഐമി വേൾഡ് വിമൻ ഹീറോ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് മറുപടിപ്രസംഗത്തിൽ ഫത്മ അൽ നുഐമി പറഞ്ഞു. ന്യൂയോർക്ക് സർവകലാശാലയിലെ ഗ്ലോബൽ അഫയേഴ്സ് അക്കാദമിക് ഡയറക്ടർ ഡോ. കരോലിൻ കിസാനെ പാനലിന്റെ മോഡറേറ്ററായിരുന്നു. ഫത്മ അൽ നുഐമിയെക്കൂടാതെ അൽ ജസീറയിലെ മാധ്യമപ്രവർത്തകയായ ഗാദ ഒവൈസ്, എ.സി.ഐ.സി.ഒ ഇൻഡസ്ട്രീസ് മുൻ ഡെപ്യൂട്ടി സി.ഇ.ഒ ഗൊസൻ അൽ ഖാലിദ്, ഗോൾഡൻ കയാൻ ഫോർ ഓയിൽ ആൻഡ് എനർജി സഹസ്ഥാപകയായ മലാക് അൽ അകീലി എന്നിവരായിരുന്നു പാനലിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.