ഷാർജ: സർഗാത്മക ജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച് സാംസ്കാരിക, വാണിജ്യ രംഗങ്ങളിൽ കരുത്ത് തെളിയിച്ച അറബ് ലോകത്തെയും ഇന്ത്യയിലെയും നാലു സ്ത്രീ പ്രതിഭകൾക്ക് ‘ഗൾഫ് മാധ്യമം ഇൻഡോ-അറബ് വുമൺ എക്സലൻസ് അവാർഡ്’. സംഗീതം, സിനിമ, സംരംഭകത്വം, എഴുത്ത് മേഖലകളിൽ മികവു തെളിയിച്ച പ്രഗത്ഭരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്.
ലോകത്തിന് മുന്നിൽ ഇന്ത്യൻ സംഗീതത്തിന്റെ വ്യതിരിക്തമായ ശൈലി പരിചയപ്പെടുത്തിയ ഇതിഹാസ പ്രതിഭ ഉഷ ഉതുപ്പിന് ഇത്തവണ ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ സമ്മാനിക്കും. ആയിരക്കണക്കിന് വേദികളെ ഇളക്കിമറിച്ച പോപ് സംഗീതശൈലിയുടെ എക്കാലത്തെയും മഹാപ്രതിഭയുടെ സാന്നിധ്യം ‘കമോൺ കേരള’യുടെ വേദിക്ക് ആവേശം പകരുന്നതുകൂടിയാണ്. മലയാളമടക്കം 16 ഇന്ത്യൻ ഭാഷകളിലും അറബിയടക്കം ലോക ഭാഷകളിലും ഇവർ ഗാനമാലപിച്ചിട്ടുണ്ട്.
ഓസ്കറിന് നാമനിർദേശം ചെയ്യപ്പെട്ട ഇമാറാത്തി സിനിമ സംവിധായികയും ദുബൈ മീഡിയ കൗൺസിൽ അംഗവുമായ നഹ്ല ഹമദ് അൽ മുഹൈരി, മീഡിയ- ഹോസ്പിറ്റാലിറ്റി മേഖലയിൽ ശ്രദ്ധേയയായ ഫാൽക്കൺ ഹോൾഡിങ്സ് സി.ഇ.ഒ അംന അൽ ദാഹിരി, എഴുത്തുകാരിയും ഗിന്നസ് റെക്കോഡ് ജേതാവുമായ അനിത പടനാട്ടിൽ എന്നിവർക്ക് ഇന്തോ-അറബ് വുമൺ എക്സലൻസ് അവാർഡും സമ്മാനിക്കും. അറബ് മേഖലയിലെ പ്രഗത്ഭരായ നിരവധി സിനിമ താരങ്ങൾക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിച്ചിട്ടുള്ള നഹ്ല അൽ മുഹൈരി എക്സ്പോ2020 ദുബൈ അടക്കമുള്ള പദ്ധതികൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
സമീപ കാലത്ത് മലയാള സിനിമ സഹനിർമാതാവായും പ്രവർത്തിച്ചു. യു.എ.ഇയിലെ വാണിജ്യ മേഖലയിൽ അറിയപ്പെടുന്ന നെറ്റ്വർക്കിങ് സ്പെഷലിസ്റ്റായ അംന അൽ ദാഹിരി, ഇമാറാത്തി സംസ്കാരത്തെയും പൈതൃകത്തെയും ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ മുന്നിൽനിൽക്കുന്ന വ്യക്തി കൂടിയാണ്. ചെറുകഥകളും ലേഖനങ്ങളും വിവർത്തിത പുസ്തകങ്ങളും അടക്കം എഴുത്ത് ജീവിതത്തിൽ സ്വന്തമായ മുദ്രപതിപ്പിച്ച അനിത, ദുബൈയിൽ പ്രവാസിയായ മലയാളിയാണ്.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ജീവചരിത്രം കുട്ടികൾക്കുവേണ്ടി തയാറാക്കി പ്രസീദ്ധീകരിച്ചിട്ടുണ്ട്. 2018ൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘കമോൺ കേരള’യുടെ രണ്ടാം ദിനമായ ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങിൽ എം.ബി.എം ഹോൾഡിങ്സ് ചെയർമാൻ ശൈഖ് മാന ബിൻ ഹഷ്ർ ആൽ മക്തൂം മുഖ്യാതിഥിയായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.