കൊച്ചി: കേസന്വേഷണത്തോടൊപ്പം ലഹരിവിരുദ്ധ പ്രചാരണത്തിലും ഒരു പതിറ്റാണ്ടിന്റെ പെരുമ തീർക്കുകയാണ് ഇവിടെ ഒരു വനിതാ സിവിൽ എക്സൈസ് ഓഫിസർ. ഏലൂർ സ്വദേശിനിയായ വനിത സിവിൽ എക്സൈസ് ഓഫിസറായ എം.വി. ജിജിമോളാണ് ലഹരി വിരുദ്ധ പ്രചാരണത്തിൽ കാക്കിക്കുള്ളിലെ അധ്യാപികയെന്ന പെരുമ തീർക്കുന്നത്.
2014ൽ സംസ്ഥാനത്തെ ആദ്യ വനിത എക്സൈസ് ഓഫിസർമാരുടെ ബാച്ചിലാണ് ഇവർ കാക്കിയണിഞ്ഞത്. ഇരട്ട പി.ജിയും ബി.എഡുമുള്ള ഈ മുൻ അധ്യാപിക അധ്യാപന രംഗത്തെ തന്റെ മുൻപരിചയം ലഹരിവിരുദ്ധ പ്രചാരണ രംഗത്തൊരു ആയുധമാക്കുകയായിരുന്നു. ഒരു പതിറ്റാണ്ടിനിടെ ആയിരത്തോളം ലഹരിവിരുദ്ധ ക്ലാസുകൾക്കാണ് ഇവർ നേതൃത്വം നൽകിയത്. സർവിസിൽ കയറിയത് മുതൽ ക്ലാസെടുക്കാനാരംഭിച്ച ഇവർ 2017ൽ വിമുക്തി ലഹരി വർജന മിഷൻ ആരംഭിച്ചതോടെ ജില്ലയിലെ പ്രധാന പരിശീലകരിൽ ഒരാളാണ്.
എറണാകുളം ഡിവിഷൻ, റെയ്ഞ്ച്, സ്ക്വാഡ്, ആലുവ ഓഫിസുകളിൽ സേവനമനുഷ്ഠിച്ച ഇവർ നിലവിൽ അസി. എക്സൈസ് കമീഷണറുടെ റൈറ്ററാണ്. ബോധവത്കരണത്തോടൊപ്പം കേസന്വേഷണത്തിലും സജീവമായ ഓഫിസറെ തേടി മൂന്നുവട്ടം ഗുഡ് സർവിസ് എൻട്രിയും ലഭിച്ചിട്ടുണ്ട്. കായിക മേഖലയിലും മികവു തെളിയിച്ച ഇവർ കഴിഞ്ഞ രണ്ട് തവണയും സംസ്ഥാന എക്സൈസ് കായിക മേളയിൽ വെറ്ററൻസ് വിഭാഗത്തിൽ ചാമ്പ്യനായിരുന്നു. എയർ ഫോഴ്സിൽനിന്ന് വിരമിച്ച സുധിയാണ് ഭർത്താവ്. ഡോ. അക്ഷര, പ്ലസ് വൺ വിദ്യാർഥി അക്ഷയ് എന്നിവർ മക്കളാണ്. ഫാക്ട് മുൻ ജീവനക്കാരൻ വിശ്വംഭരൻ -രാജമ്മ ദമ്പതികളുടെ മകളായ ഈ ഓഫീസർ പഠന കാലയളവിലും മികച്ച കായിക താരമായിരുന്നു. ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയാണ് പുതുതലമുറയെ ലഹരിയടക്കമുള്ള മാരക വിപത്തുകളുടെ പിടിയിൽനിന്ന് രക്ഷപ്പെടുത്താനുള്ള പ്രധാന മാർഗമെന്നാണ് ജിജി മോൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.