തൃശൂര്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അഭിനേതാക്കളെ കോര്‍ത്തിണക്കി ഒരുക്കുന്ന രാജ്യാന്തര ടെലിവിഷന്‍ സീരീസില്‍ സുപ്രധാന കഥാപാത്രമായി മലയാളി താരം. നിരവധി മലയാളം സിനിമകളില്‍ നടിയായ ഡോ. കലാമണ്ഡലം രാധികയാണ് തെന്നിന്ത്യയില്‍നിന്ന് വെബ് സീരീസില്‍ അഭിനേതാവായ ഏക വ്യക്തി. 20ാം നൂറ്റാണ്ടിലെ അടിമ വിശേഷങ്ങളുമായി പുറത്തിറക്കുന്ന 'സ്‌ലേവ് മാര്‍ക്കറ്റ്' എന്ന ടി.വി സീരീസിന്‍റെ ചിത്രീകരണം ഈജിപ്തിലെ കൈറോയിലാണ്.
ആദ്യഘട്ട ചിത്രീകരണം ജൂലൈയില്‍ ആരംഭിച്ചു. അടിമക്കപ്പലിലെ പാചകക്കാരിയും ബുദ്ധിമതിയുമായ ഹനിമ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അടിമജീവിതത്തിനിടയില്‍ മകളെ പിരിയേണ്ടിവന്നു. ക്ലേശങ്ങളും ദുരിതങ്ങളും നിറഞ്ഞ അടിമത്തത്തില്‍നിന്നു മോചനം നേടാന്‍ നടത്തുന്ന തന്ത്രപരമായ കരുനീക്കങ്ങളുടെ ഉദ്വേഗജനകമായ കഥയുമായാണ് വെബ് സീരീസ് പുരോഗമിക്കുന്നത്.
45 മിനിറ്റ് വീതമുള്ള 11 എപിസോഡുകളിലുള്ള വെബ് സീരീസിന്‍റെ ചിത്രീകരണം ഈ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് രാധിക വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈകാതെ ടി.വി സീരീസ് സംപ്രേഷണം ചെയ്യുമെന്നും വ്യക്തമാക്കി. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. ഇന്‍റര്‍നാഷനല്‍ എമ്മി അവാര്‍ഡ് നേടിയ ഡല്‍ഹി ക്രൈം അടക്കം അനേകം ചിത്രങ്ങള്‍ ഒരുക്കിയ പ്രശസ്ത തുനീഷ്യന്‍ സംവിധായകനായ ലസാദ് ഒസാള്‍ട്ടിയാണ് സംവിധായകൻ.
എം.ബി.സി സ്റ്റുഡിയോയാണ് വെബ് സീരീസിന്‍റെ നിര്‍മാതാക്കൾ. ഇന്നലെ വരെ, ഗ്രാമം, ക്ലിയോപാട്ര, ഓര്‍ഡിനറി, വീരപുത്രന്‍, കഥ തുടരുന്നു, ജാനകി, റിതു, ഇന്നത്തെ ചിന്താവിഷയം, ദേ ഇങ്ങോട്ടു നോക്ക്യേ, വിനോദയാത്ര, നിവേദ്യം, രസതന്ത്രം, അച്ചുവിന്‍റെ അമ്മ, കിലുകിലുക്കം തുടങ്ങിയ സിനിമകളിലും ഏതാനും ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
മോഹിനിയാട്ടത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് അടക്കമുള്ള അംഗീകാരങ്ങള്‍ നേടിയ രാധിക മുദ്രകളെക്കുറിച്ച് ഇംഗ്ലീഷില്‍ രചിച്ച ഗ്രന്ഥം പ്രശസ്തമാണ്. കലാരംഗത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കിയ 'നൃത്ത്യധാര' ട്രസ്റ്റിന്‍റെ സാരഥിയാണ്. കൊച്ചിയിലെ കളമശ്ശേരിയിലാണ് താമസം. വാർത്തസമ്മേളനത്തിൽ ഫ്രാങ്കോ ലൂയീസ്, ടി.എ. സാബു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.