കാഞ്ഞങ്ങാട്: സ്ത്രീകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗഗുണങ്ങള്‍ മുന്‍നിര്‍ത്തി യുവതലമുറക്ക് ഇവ പരിചയപ്പെടുത്തുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്. 2500ഓളം മെന്‍സ്ട്രുവല്‍ കപ്പുകള്‍ നഗരസഭ സൗജന്യമായി നൽകും. ഇതിനായി ഒമ്പതുലക്ഷം രൂപ വകയിരുത്തി. സാനിറ്ററി പാഡുകള്‍ നശിപ്പിക്കാന്‍ പലയിടത്തും സംവിധാനം ഇല്ലാത്തതും സ്ത്രീകളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമായാണ് നഗരസഭ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. പാഡുകള്‍ നശിപ്പിക്കുന്നതുവഴി പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കുറക്കുകയും ഇതിന്റെ ലക്ഷ്യമാണ്.
പാഡ് ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള ആരോഗ്യ വകുപ്പിന്റെ നിർദേശത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്. നഗരസഭയിലെ ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കാണ് മെന്‍സ്ട്രുവല്‍ കപ്പ് ആദ്യം വിതരണം ചെയ്യുക.
ആരോഗ്യ വകുപ്പുമായി സംയോജിച്ച് കുടുംബശ്രീ മുഖേന കപ്പിനെക്കുറിച്ച് ബോധവത്കരണം നടത്തും. സെപ്റ്റംബര്‍ 20വരെയുള്ള വാര്‍ഡ് സഭകള്‍വഴി മെന്‍സ്ട്രുവല്‍ കപ്പിനെക്കുറിച്ച് വിശദീകരണം നല്‍കും.
വാര്‍ഡ് സഭകള്‍ കഴിയുന്നതോടെ ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാകും. ഒരു മെന്‍സ്ട്രുവല്‍ കപ്പിന് 400 രൂപയോളം വിലയുണ്ട്. പുതുതലമുറക്ക് ഇവ പരിചയപ്പെടുത്താനും മെന്‍സ്ട്രുവല്‍ കപ്പിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് നഗരസഭാധ്യക്ഷ കെ.വി. സുജാത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.