ഇന്നു മുതൽ പ്രാതലിലും വൈവിധ്യം
ജനുവരി മുതലാണ് പ്രാതൽ ആരംഭിച്ചത്. ഇഡ്ഡലിയിലായിരുന്നു തുടക്കം, എന്നാൽ, ചൊവ്വാഴ്ച മുതൽ ഇടിയപ്പം, പൂരിമസാല തുടങ്ങിയ വൈവിധ്യങ്ങൾ കൂടി ആരംഭിക്കുകയാണ്. വനിത ദിനം പ്രമാണിച്ച് ഉച്ചയൂണിനൊപ്പം പായസവും നൽകും.
വരുന്നു അത്താഴവും
പത്തു രൂപ ഊണിന്റെയും പ്രാതലിന്റെയും വിജയത്തിന് പിന്നാലെ അത്താഴവും തുടങ്ങാനുള്ള പദ്ധതിയിലാണ് സംഘാടകർ. ചപ്പാത്തിയും കറിയുമായിരിക്കും പ്രധാനമായും നൽകുക. കോർപറേഷൻ തുടങ്ങുന്ന ഷി ലോഡ്ജ് പ്രവർത്തനമാരംഭിക്കുന്നതിനു പിന്നാലെ ഏപ്രിലോടു കൂടിയാണ് അത്താഴത്തിലേക്ക് കടക്കുകയെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷീബാ ലാൽ വ്യക്തമാക്കി. ബിരിയാണി, മാംസവിഭവങ്ങൾ എന്നിവയിലും ഒരു കൈ നോക്കാനും ആലോചനയുണ്ട്.
കൊച്ചി: എന്നും അതിരാവിലെ അഞ്ചു മണിക്ക് കൊച്ചി നഗരം ഉണരുന്നതിനും ഏറെ മുമ്പ് ഒരു കൂട്ടം പെണ്ണുങ്ങൾ എറണാകുളം നോർത്തിലുള്ള പതിവുകേന്ദ്രത്തിലൊത്തു ചേരും. പിന്നെ അധ്വാനത്തിന്‍റെ മണിക്കൂറുകളാണ്. എന്താണാ അധ്വാനമെന്നല്ലേ, വിശന്നിരിക്കുന്ന നഗരത്തിലെ പാവപ്പെട്ടവർക്കായുള്ള അന്നമൊരുക്കുകയാണവർ രാവിലെ മുതൽ, അതും പത്തു രൂപ മാത്രം വാങ്ങി. കൊച്ചി കോർപറേഷന്‍റെ 'സമൃദ്ധി @ കൊച്ചി' ജനകീയ ഹോട്ടലാണീ രുചിയിടം.
കഴിഞ്ഞ ഒക്ടോബർ ഏഴിന് നടി മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്ത സമൃദ്ധി അഞ്ചു മാസം പിന്നിടുമ്പോൾ സ്വാദേറിയും സമൃദ്ധമായും മുന്നോട്ടുപോവുകയാണ്. വിശന്നുവലഞ്ഞു വരുന്നവരുടെ മുഖത്തെ ദൈന്യത വയറുനിറയെ കഴിച്ചതിനുശേഷമുള്ള പ്രസന്നതയായി മാറുന്നിടത്താണ് കുടുംബശ്രീ പ്രവർത്തകരായ 30ഓളം വരുന്ന ഈ വനിത കൂട്ടായ്മയുടെ സന്തോഷം. ഇവരിൽ 25 വയസ്സുള്ളവർ മുതൽ 55 വയസ്സുള്ളവർ വരെയുണ്ട്. തൃശൂർ ആസ്ഥാനമായുള്ള കുടുംബശ്രീയുടെ പരിശീലന ഏജൻസിയായ എ.ഐ.എഫ്.ആർ.എച്ച്.എം ഡയറക്ടർ രതി കുഞ്ഞുകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പരിശീലനത്തിന് ശേഷമാണ് വനിതകൾ സമൃദ്ധിയുടെ അടുക്കളയിലും നടുത്തളത്തിലുമെല്ലാം തിളങ്ങാൻ തുടങ്ങിയത്.
നിത്യേന 3500ഓളം പേർക്ക് അന്നമൂട്ടുന്നതിലൂടെ 75,000 രൂപ വരെ സമൃദ്ധിയിൽനിന്ന് കിട്ടുന്നുണ്ട്. നിത്യേന 500 കിലോ അരിയും അത്ര തന്നെ പച്ചക്കറിയും ഈ അടുക്കളയിൽനിന്ന് രുചിയൂറും ഊണായി മാറുന്നു. രാവിലെ പത്തരക്കു തന്നെ ആളുകൾ ഉച്ചഭക്ഷണം തേടിയെത്തുമ്പോൾ നിറയുന്നത് ഈ പെണ്ണുങ്ങളുടെ മനസ്സ് കൂടിയാണ്. 'പലരും രാത്രിഭക്ഷണവും പ്രാതലും ഒന്നും കഴിക്കാതെ പത്തുരൂപ സ്വരുക്കൂട്ടി എത്തുന്നവരാണ്. വിശക്കുന്നവനെ വയറുനിറയെ കഴിപ്പിക്കുക എന്നതിനപ്പുറം മറ്റൊരു നിർവൃതിയും ഇല്ലെന്ന്' വടുതലക്കാരി സിനി വർഗീസും പി.സി. ഷൈബിയും പറയുന്നു.
ആളുകളുമായി കൂടുതൽ ഇടപഴകാനും സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കാനും കഴിഞ്ഞതും അഭിമാനമായി കാണുന്നുണ്ടീ പെണ്ണുങ്ങൾ. ഊണ്, പ്രാതൽ, സർവിസ്, ക്ലീനിങ്, പാർസൽ തുടങ്ങിയ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തനം, ഇവരുടെ സഹായിയായി തൃശൂർക്കാരനായ ഷെഫ് പ്രസാദുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.