കൊട്ടാരക്കര: കഥകളിയുടെ ചരിത്രം ഉറങ്ങുന്ന മണ്ണിൽനിന്ന് കഥകളിയുടെ അരങ്ങൊഴിഞ്ഞ് കൊട്ടാരക്കരയുടെ സ്വന്തം ഭദ്ര. കോട്ടാത്തല പത്തടി ജങ്ഷനിൽ ഗൗരി ഗോവിന്ദത്തിൽ ഭദ്ര ബുധനാഴ്ചയാണ് വിടപറഞ്ഞത്. 1982ൽ മയ്യനാട് ജന്മകുളം ക്ഷേത്രത്തിൽ ദുര്യോധനവധത്തിലെ പഞ്ചാലിയായായിരുന്നു അരങ്ങേറ്റം. തുടർന്ന് കൊട്ടാരക്കര ഭദ്ര എന്ന പേര് കഥകളിയുടെ ഭാഗമായി. രണ്ടായിരത്തോളം വേദികളിൽ പഞ്ചാലിയായി വേഷമിട്ടു.
ഒരേ വേദിയിൽ മകനോടൊപ്പം ആടാനുള്ള അപൂർവതയും ഉണ്ടായി. നളചരിതത്തിലെ ദമയന്തിയായി ഭദ്രയും സഖിയായി മകൻ ഗണേഷുമാണ് അരങ്ങിൽ ൈകയടി നേടിയത്. ഗുരുക്കന്മാരുടെ മക്കൾക്കൊപ്പവും വേഷമിട്ടു. 41 വയസ്സിലാണ് ഭദ്ര കഥകളി അരങ്ങിലേക്ക് വരുന്നത്. കഥകളിപരിശീലകനായ മയ്യനാട് കേശവൻനമ്പൂതിരിയുടെ അടുക്കൽ കഥകളി പരിശീലിക്കാൻ എത്തി.
പ്രായമായതിനാൽ കഥകളി പരിശീലിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കേശവൻനമ്പൂതിരി പറഞ്ഞു. ഭദ്രയുടെ വിഷമം കണ്ട് കൂടെ ഒരാൾകൂടി ഉണ്ടെങ്കിൽ പഠിപ്പിക്കാമെന്ന് ഉറപ്പുനൽകി. അങ്ങനെ സുഹൃത്ത് കൊട്ടാരക്കര ഗംഗയെ ഒപ്പം കൂട്ടി. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗംഗയുടെ വീട്ടിലായിരുന്നു പരിശീലനം കൂടുതലും. രണ്ടായിരം വേദികളിൽ ദുശ്ശാസനനായി കൊട്ടാരക്കര ഗംഗയും വേഷമിട്ടു.
ഭദ്ര കഥകളി പഠിക്കുന്നതിന് മുമ്പ് കുട്ടിയായിരുന്നപ്പോൾ ആർ.സി. കൈമൾ എന്ന നൃത്താധ്യാപകന് കീഴിൽ നൃത്തം അഭ്യസിച്ചിരുന്നു. ശേഷം കൗമാരപ്രായത്തിൽതന്നെ കൈതക്കോട് രാമൻപിള്ളക്ക് മുന്നിൽ കഥകളിയിലെ ആദ്യ മുദ്രകൾ ഹൃദിസ്ഥമാക്കി. പിന്നീട് പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. അരങ്ങേറ്റം എത്തുംമുമ്പേ അവസാനിപ്പിച്ചു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ഒമ്പത് വയസ്സുള്ള മകനൊപ്പം വീണ്ടും കഥകളി പഠിക്കാൻ എത്തിയതോടെ വീണ്ടും കഥകളിയുടെ അരങ്ങത്തേക്ക് ഭദ്രയും വരുകയായിരുന്നു.
പിന്നീട് കഥകളിയിൽ ഭദ്രക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മിനുക്ക് വേഷങ്ങൾ ആടി ഫലിപ്പിക്കുന്നതിലെ തന്മയത്വം കൊട്ടാരക്കര ഭദ്രക്ക് ഏറെ പ്രശസ്തി നൽകി. ബാലഗോകുലം, ജെ.സി.ഐ, നാരീശക്തി പുരസ്കാരം, തൊള്ളാർകുഴി പി. ശങ്കരൻ സ്മാരക പുരസ്കാരം എന്നിവ കൂടാതെ നിരവധി ക്ഷേത്രങ്ങളുടെയും കഥകളി ആസ്വാദക സമിതികളുടെയും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊട്ടാരക്കര: മികവുറ്റ കഥകളി കലാകാരിയും തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമാണ് കൊട്ടാരക്കര ഭദ്രയെന്ന് കഥകളി കലാകാരി കൊട്ടാരക്കര ഗംഗ.
തന്നെ കഥകളിയിലേക്ക് എത്തിച്ച കൂട്ടുകാരിയുടെ വിയോഗത്തിലെ സങ്കടത്തിലാണ് അവർ. ‘ഭദ്രയുടെ കഥകളിപഠന മോഹത്തിനനുസരിച്ച് കൂട്ടിനായാണ് ഞാനും കഥകളി പഠിക്കാൻ തുടങ്ങിയത്. വർഷങ്ങളായി ഞങ്ങൾ രണ്ടുപേരും സജീവമായി വേദിയിൽ വേഷങ്ങൾ ചെയ്തുപോന്നിരുന്നു. അത്രമേൽ സ്നേഹിതരാണ്. ഈ നഷ്ടം ഒരിക്കലും നികത്താൻ പറ്റുന്നതല്ല. ഞാൻ ദുശ്ശാസനനും ഭദ്ര പാഞ്ചാലിയുമായി ആയിരത്തോളം വേദികൾ കയറി.
ആ സമയത്ത് പ്രേക്ഷകർ അതിനെ ഉപദ്രവിക്കല്ലേ, ഒന്ന് വിടൂ... ഇത്ര ക്രൂരത ഉണ്ടോ... എന്നൊക്കെ ചോദിച്ച നിമിഷങ്ങൾ മനസ്സിൽ ഉണ്ട്. നിരവധി കൂട്ട് വേഷങ്ങൾ ഞങ്ങൾ ഒരുമിച്ചാടി. എല്ലാം ഒരു ഓർമയിൽ ഒതുക്കി. പ്രിയ സുഹൃത്തിന്റെ വിടവാങ്ങൽ താങ്ങാനാവുന്നില്ല.’- കൊട്ടാരക്കരക്കും കഥകളിക്കും തീരാനഷ്ടമാണ് ഭദ്ര എന്ന മികച്ച കലാകാരിയുടെ വിടപറച്ചിലെന്ന് കൊട്ടാരക്കര ഗംഗ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.