അകത്തളങ്ങളിൽ ഒതുങ്ങിപ്പോയവരെ സ്വപ്നം കാണാനും സ്വന്തം കാലിൽ നിൽക്കാനും പഠിപ്പിച്ച പ്രസ്ഥാനവും ആശയവുമാണ് കുടുംബശ്രീ. സാമ്പത്തിക ഭദ്രതയുടെയും സ്വയംപര്യാപ്തതയുടെയും പാഠങ്ങൾ വനിതകളെ പഠിപ്പിച്ച കുടുംബശ്രീക്ക് 25 വയസ്സ് പൂർത്തിയാകുമ്പോൾ കണ്ണൂരിലെ വിജയകഥകൾ ഏറെയാണ്.
വനിതകളിലൂടെ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിടുന്ന ഏഷ്യയിലെ ഏറ്റവും വലിയ സംഘടന സംവിധാനമായ കുടുംബശ്രീയുടെ വേരുകൾക്ക് കണ്ണൂരിന്റെ മണ്ണിൽ ആഴമേറെയാണ്. ശക്തവും വിപുലവുമായ സംഘടന സംവിധാനവും സംരംഭങ്ങളും പുത്തൻ ആശയങ്ങളുമായി അതങ്ങനെ വ്യാപിച്ച് കിടക്കുന്നു. 21,593 അയൽക്കൂട്ടങ്ങളിലായി 3.27 ലക്ഷം അംഗങ്ങളാണ് കണ്ണൂരിലെ കുടുംബശ്രീയുടെ കരുത്ത്.
5000ത്തിലധികം സംരംഭങ്ങൾ, രുചി വൈവിധ്യങ്ങളുടെ കണ്ണൂർ ബ്രാൻഡ്, തൊഴിലില്ലായ്മ പരിഹരിക്കാന്‍ സഹായിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍, ആദിവാസി വനിതകൾക്ക് താങ്ങും തണലുമായ ആദിക്കുടകൾ, ജനകീയ ഹോട്ടലുകൾ, ബഡ്സ് സ്കൂളുകൾ തുടങ്ങി യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂർ പാക്കേജൊരുക്കിയ ദ ട്രാവലർ വനിത ടൂർ എന്റർപ്രൈസസ് വരെ എത്തി നിൽക്കുന്നു ജില്ലയിൽ കുടുംബശ്രീയുടെ മുന്നേറ്റം.
സ്ത്രീകൾക്കും കുട്ടികൾക്കും കരുതലൊരുക്കിയ സ്നേഹിത സഹായ കേന്ദ്രം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ഗാർഹിക പീഡനങ്ങളെയും മാനസിക സമ്മർദത്തെയും തുടർന്ന് വീട്ടിൽനിന്നിറങ്ങുന്നവർക്ക് താൽക്കാലിക അഭയവും നിയമസഹായവും നൽകി 24 മണിക്കൂറുമാണ് പ്രവർത്തനം.
മദ്യപാനം, മാനസിക സമ്മർദം, സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയവയിൽ വനിതകൾക്ക് കൈത്താങ്ങാവുകയാണ് സ്നേഹിത. കോവിഡ് കാലത്ത് ടെലി കൗൺസലിങ്ങിനായി നിരവധിപേരാണ് വിളിച്ചത്. സാമൂഹിക, സാംസ്കാരിക, സേവന, കാരുണ്യ മണ്ഡലങ്ങളിൽ ഒപ്പുചാർത്തി കുടുംബശ്രീ യാത്ര തുടരുകയാണ്. ആ യാത്രക്കൊപ്പം സഞ്ചരിക്കുകയാണ് മാധ്യമം ഇന്നുമുതൽ.
ആദിവാസി മേഖലയിലെ വനിതകളുടെ സ്വയംപര്യാപ്തതക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ശീലതുന്നിയ ആദിക്കുടകൾ തണലായത് നിരവധി കുടുംബങ്ങൾക്ക്. ആറളം ഫാം പട്ടികവര്‍ഗ പുനരധിവാസ മേഖലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഉൽപാദിപ്പിക്കുന്ന കുടകള്‍ ‘ആദി കുടകള്‍’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ചത് 2021 മേയിലാണ്. ഇരുപതിനായിരം കുടകളാണ് മൂന്ന് വർഷത്തിനകം വിറ്റുപോയത്.
40 ആദിവാസി വനിതകളാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്. 21 ഇനം കുടകള്‍ വിപണിയിലെത്തുന്നുണ്ട്. ആദിവാസി വനിതകള്‍ക്ക് ജില്ല ടീമിന്റെ നേതൃത്വത്തില്‍ കുടനിർമാണത്തില് പരിശീലനം നല്‍കുകയായിരുന്നു. നിർമാണ കിറ്റുകളും നല്കി.
വനവിഭവങ്ങൾ ശേഖരിച്ചും കൂലിവേല ചെയ്തും മാത്രം ഉപജീവനം കണ്ടെത്തുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അധിക വരുമാനം ലഭ്യമാക്കി കൈത്താങ്ങേകാനാണ് ഈ സംരംഭം വഴി ലക്ഷ്യമിട്ടത്. കുട വാങ്ങാന്‍ വിളിക്കാം. ഫോൺ: 04902953006, 9645183673.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.