മെഹന്ദി ആർട്ട്, കാലിഗ്രഫി, ഗിഫ്റ്റ് ഹാമ്പറിങ്, ബൊക്കെ മേക്കിങ്, ഗ്രാഫിക് ഡിസൈനിങ്, ഇവൻസ് ആൻഡ് പാർട്ടി ഡെക്കൊറിങിൽ ആരംഭിച്ചു പുരാതന ഹിന്ദു-ബുദ്ധിസത്തിൽ നിന്ന് ഉത്ഭവിച്ച മണ്ടാല എന്ന സൂക്ഷ്മ കലയിൽ പോലും വൈദഗ്ദ്യം പ്രാപിച്ചിരിക്കുകയാണ് മലപ്പുറത്തു നിന്നുള്ള കൊച്ചു മിടുക്കി അഷിക.
സ്വതന്ത്രമായി ഒരു വരുമാനം കെട്ടിപ്പടുക്കണമെന്നും ഉപ്പയുടെ ചുമലിലെ ഭാരിച്ച ഉത്തരവാദിത്തങ്ങൾക്ക് അല്പം എളുപ്പം പകരണമെന്ന ചിന്തയുമാണ് അഷികയെ പതിനാറാം വയസ്സിൽ തന്നെ ഇത്തരമൊരു ചുവടുവെപ്പിലേക്ക് നയിച്ചത്.വരയിലുള്ള ജന്മസിദ്ധമായ കഴിവിനെയാണ് കലാവിരുതിന്റെ വ്യത്യസ്തമായ തുറകളിലേക്ക് അഷിക പടർത്തിയിരിക്കുന്നത്. പഠനവും പാർട്ട് ടൈം ജോലിയും കൂടെ കര വിരുതുകളും; 21ആം വയസ്സിൽ അഷിക പ്രചോദനം പകരുന്നത് വളർന്നുവരുന്ന വലിയൊരു വിഭാഗത്തിനാണ്.
സ്കൂൾ തലം തൊട്ട് എഴുത്തും വരെയുമായി തന്റെ ലോകത്തെ ചുരുക്കിയ കൂട്ടുകാരിക്ക് കുടുംബത്തിന്റെയും പല അധ്യാപകരുടെയും താക്കീതുകൾ ലഭിച്ചു. അക്കാദമിക് തലത്തിൽ മാർക്ക് കുറയുന്നതായിരുന്നു പ്രധാന കാരണം. പക്ഷേ പഠിച്ചിറങ്ങും മുൻപ് മറ്റാരെക്കാളും വേഗത്തിൽ ഒരു പ്രൊഫഷൻ നേടിയെടുക്കണമെന്ന തന്റെ സ്വകാര്യ ലക്ഷ്യത്തെ അത്രകണ്ട് ആരും ഗൗനിച്ചില്ല.അഷികയുടെ ഓരോ പ്രയത്നങ്ങൾക്ക് പിറകിലും ഉപ്പ ഹുസൈന്റെയും ഉമ്മ ജസിയുടെയും കൃത്യമായ മാർഗനിർദ്ദേശങ്ങൾ കൂട്ടുണ്ടായിരുന്നു. ഒരു കൃത്യമായ ഔട്ട്പുട്ട് ലഭിക്കുന്നതിന് അവ ഈ കൂട്ടുകാരിയെ വളരെയധികം സഹായിച്ചു.
ഈയിടക്ക് ഉപ്പയുടെ സഹോദരിയുടെ അവശ്യാർത്ഥം നിർമ്മിച്ചു നൽകിയ ഒരു മീറ്റർ നീളമുള്ള മണ്ടാല -കാലിഗ്രഫി സമന്വയ രൂപം ഏറെ ശ്രദ്ധേയമായി. പൂർണമായി നാലുദിവസം എടുത്ത് കുഞ്ഞുകുഞ്ഞു വരകളാൽ തീർത്തെടുത്താൽ ഈ അത്ഭുത സൃഷ്ടി അഷികയുടെ കലാ ജീവിതത്തിലെ ഒരു വലിയ ഏട് തന്നെയാണ്.
ലണ്ടൻ അമേരിക്കൻ സിറ്റി കോളജിൽ ബി.ബി.എ ബിരുദം ചെയ്തുകൊണ്ടിരിക്കുന്ന ഇവർക്ക് baithul aish എന്ന ക്ലോത്തിങ് ബ്രാൻഡും learnato എന്ന സ്വതന്ത്ര എജുക്കേഷൻ കൺസൾട്ടൻസിയും സ്വന്തമായുണ്ട്.21 ആം വയസ്സിൽ ഒട്ടനവധി പ്രൊഫഷനുകൾ തന്റെ പേരിനോടൊപ്പം തുന്നി വെച്ചിരിക്കുകയാണ് അഷികയെന്ന ശക്തമായ ഈ പെൺകഥാപാത്രം. അവ ഓരോന്നും തനതുമൂല്യങ്ങൾ നഷ്ടമാകാതെ ഒരു പ്രത്യേക താളത്തിൽ ചിട്ടപ്പെടുത്തി കൊണ്ടുപോകാനും ഇവൾ ഇതിനോടകം പരിശീലിച്ചു കഴിഞ്ഞു. പരിശ്രമവും പരിത്യാഗവും നിസംശയം വിജയം കൊയ്തെടുക്കുമെന്ന് വിളിച്ചോതുകയാണ് അഷികയുടെ ബ്യൂട്ടിഫുൾ ആർട്ട് ലൈഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.