കാലിഗ്രാഫിയിൽ അത്ഭുതങ്ങൾ തീർത്ത് മറിയംബീ

സ്കൂൾ പഠനകാലഘട്ടം ചാർത്തിക്കൊടുത്ത ‘ആർട്ടിസ്റ്റ്’ പട്ടം കൊണ്ട് അറബി ഭാഷാ കാലിഗ്രാഫിയിൽ അത്ഭുതങ്ങൾ വരച്ചിടുകയാണ് കണ്ണൂരിൽനിന്നുള്ള കലാകാരി മറിയംബീ ദുൽഫഖർ അലി. 20 വർഷമായി കുടുംബസമേതം ഇമാറാത്തിൽ തന്നെയാണ് മറിയംബീയുടെ വളർച്ചയും പഠനവും. സ്കൂൾ - കോളജ് തലങ്ങളിൽ മികവുറ്റ കൈയ്യക്ഷരവും അതുല്യമായ ആലേഖന ശൈലിയും ഇവർക്ക് വാഴ്ത്തു പാട്ടായി.

മറിയത്തിനൊപ്പം തന്നിലെ കലാപ്രതിഭയും വാനോളം വളർന്നു. വീടണയുന്ന നേരങ്ങളിലത്രയും എഴുത്തും വരയുമായി കൂട്ടുകൂടിയ ഈ കൂട്ടുകാരി വീടിന്‍റെ ചുമരുകളിലാകെയും താൻ ക്യാൻവാസുകളിൽ തീർത്തെടുത്ത ആലേഖനങ്ങൾ പതിപ്പിച്ചു വെച്ചു. പുതുതായി തീർത്ത കാലിഗ്രാഫി ക്യാൻവാസ് പതിപ്പിക്കാൻ സ്ഥലം തികയാതെ വന്നപ്പോഴാണ് തന്‍റെ സൃഷ്ടികളുടെ ആധിക്യവും പ്രസ്തുത മേഖലയിലെ ആത്മാർത്ഥതയും ഏറെ ഉയർന്നതായി മറിയം തിരിച്ചറിയുന്നത്. ഉമ്മയാണ് തന്‍റെ കാലിഗ്രാഫി പ്രോജക്റ്റുകൾക്ക് ഒരു മാർക്കറ്റിംഗ് സാധ്യതയുണ്ടെന്ന് വിവരം ചൂണ്ടിക്കാട്ടുന്നത്. ഉടൻ ഇൻസ്റ്റഗ്രാമിൽ പ്ലാറ്റ്ഫോമിന് രൂപം നൽകുകയും ഒരു ചെറിയ ഇടവേള കഴിഞ്ഞ് ഇന്ത്യ, യു.എ.ഇ ഭേദമന്യേ ഇവരെത്തേടി നിരവധി ഓർഡറുകൾ എത്തി തുടങ്ങുന്നതും.

ഈ ചെറിയ പ്രായത്തിൽ ചെറുതെങ്കിലും വരുമാനവിഹിതം തന്നെ തേടിയെത്തിയപ്പോൾ മറിയം ഏറെ ആശ്ചര്യപ്പെട്ടു. ആഗ്രഹവും വരുമാനവും ഒരേ സ്വപ്നത്തിന്‍റെ രണ്ട് പിന്നാമ്പുറങ്ങളായപ്പോൾ പിന്നീട് പുനർവിചിന്തനത്തിന്‍റെ ആവശ്യം വേണ്ടിവന്നില്ല. മെഡിക്കൽ കോഡിങ്ങിൽ ബിരുദം പൂർത്തീകരിച്ചെങ്കിലും ജോലിയിൽ പ്രവേശിക്കാൻ തൽക്കാലം മറിയമിന് ഉദ്ദേശമില്ല.

Jo malone, OC ഹൊമെ, 6th street , Lacoste, MAC തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ ലൈവ് കാലിഗ്രാഫിയും അതിലുപരി സ്വന്തമായി രൂപം നൽകിയ കിസ്‌വ പ്രോജക്​ടിനു ലഭിച്ച വലിയ സ്വീകാര്യതയുമായി മുന്നോട്ട് കുതിക്കുകയാണ് ‘calligra.beee’. ഈയിടക്ക് അബൂദബി ബ്രിട്ടീഷ് കമ്മ്യൂനിറ്റി സ്കൂളിൽ കാലിഗ്രാഫി വർക്ഷോപ്പിനു നേതൃത്വം നൽകാനായത് മറിയമിന്‍റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത്​ കാലിഗ്രാഫിയെ പരിചയപ്പെടുത്തിയപ്പോൾ തന്‍റെ ആത്മവിശ്വാസം ഇരട്ടിയായതായി മറിയം പറഞ്ഞു. ഭർത്താവ് നബീൽ അബൂബക്കറും ഉപ്പ ദുൽഫഖർ അലിയും ഉമ്മ സുമയ്യയും ചേർന്ന കൂട്ടായ പിൻബലമാണ് തന്‍റെ കാതലായ വിജയങ്ങൾക്ക് പിന്നിൽ എന്ന് അവകാശപ്പെടുകയാണ് മറിയം.

Tags:    
News Summary - life story of Mariambe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.