അവധിദിവസങ്ങളിൽ പെൻസിലും കടലാസുമായി തെരുവിലേക്കിറങ്ങും. വഴിയിൽ കാണുന്ന ആരും ശ്രദ്ധിക്കാത്ത, ചിരപരിചിത മുഖങ്ങളെ എ ഫോർ കടലാസിന്റെ ചതുരത്തിനുള്ളിൽ വരച്ചുതീർക്കും
എച്ച്.ബി കാർബൺ പെൻസിലുകൊണ്ടുള്ള കുറിയ വരകളിലൂടെ ജീവിതം കോറിയിടുന്ന ഒരു പൊലീസുകാരി. മലപ്പുറം എം.എസ്.പി ക്യാമ്പിലെ സബൂറ നാട്ടിൻപുറത്തെ സാധാരണക്കാരുടെ സന്തോഷ നിമിഷങ്ങൾ 30 സെക്കൻഡ് റീലുകളിലൂടെ ലോകത്തിനു പരിചയപ്പെടുത്തുകയാണിപ്പോൾ.
തിരക്കേറിയ ജോലിക്കിടയിൽ വീണുകിട്ടുന്ന അവധിദിവസങ്ങളിൽ പെൻസിലും കടലാസുമായി തെരുവിലേക്കിറങ്ങും. വഴിയോരങ്ങളിലെ മനുഷ്യരെ തേടിയാണ് യാത്ര. വഴിയിൽ കാണുന്ന ആരും ശ്രദ്ധിക്കാത്ത, ചിരപരിചിത മുഖങ്ങളെ എ ഫോർ കടലാസിന്റെ ചതുരത്തിനുള്ളിൽ വരച്ചുതീർക്കും. പിന്നീട് ആ ചിത്രം അവർക്കുതന്നെ കൈമാറും.
ഒരാളുടെ ചിത്രം വരച്ച് അത് കൈമാറുന്ന നിമിഷം വല്ലാത്ത അനുഭവമാണ്. വിവരിക്കാൻ വാക്കുകളില്ല. അവരുടെ സന്തോഷം കാണുമ്പോൾ കണ്ണും മനസ്സും നിറയും -സബൂറ പറയുന്നു. saboora_artlover എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങളെ മറ്റുള്ളവർക്കായി സബൂറ അടയാളപ്പെടുത്തുന്നത്.
ആറു വർഷമായി കാക്കിയാണ് വേഷം. കുഞ്ഞു നാളിൽ തുടങ്ങിയതാണ് കാക്കിയോടുള്ള ഇഷ്ടം. അന്നൊക്കെ ആ വേഷത്തോടു മാത്രമായിരുന്നു പ്രിയം. പിന്നീട് പലതരം മനുഷ്യരുമായി അടുത്ത് ഇടപഴകാനുള്ള അവസരം കൗതുകമായി. തിരുവനന്തപുരം ചാല കമ്പോളത്തിലെ ചുമട്ടുതൊഴിലാളിയും നെടുമങ്ങാട് സ്വദേശിയുമായ പിതാവ് സലീമിലൂടെയാണ് ലോകത്തെ കണ്ടു പഠിച്ചത്. എന്നാൽ, പ്ലസ് ടു കഴിഞ്ഞ് കുടുംബിനിയായതോടെ പഠിക്കാനും വരക്കാനുമുള്ള ആഗ്രഹം ബാക്കിനിന്നു. രണ്ടു കുട്ടികളുടെ അമ്മയായി.
എന്നാൽ, ഞാനും കുട്ടികളും വീട്ടുകാരുടെ ചുമലിലായതോടെ ചെറുപ്പത്തിലേ പൊലീസ് മോഹം വീണ്ടും മനസ്സിൽ കയറി. പൊലീസ് ജോലിക്കായി പി.എസ്.സി പഠിക്കാൻ തുടങ്ങി. പ്ലസ് ടുവായിരുന്നു എന്റെ യോഗ്യത. ഒമ്പതു മാസത്തെ കഠിന പരിശ്രമത്തിലൂടെ പി.എസ്.സി ലിസ്റ്റിൽ ഇടംപിടിച്ചു.
എന്നാൽ, ഫിസിക്കൽ ടെസ്റ്റ് ആയിരുന്നു അടുത്ത കടമ്പ. സ്പോർട്സ് ഒന്നുമറിയില്ലായിരുന്നു. ഒരിക്കൽ ഹൈജംപ് ബാറിൽ തട്ടിവീണ് കാലൊടിഞ്ഞു. എന്നിട്ടും കഠിന പ്രയത്നത്താൽ 13ാമത്തെ ആളായി ജയിച്ചു. പൊലീസ് അക്കാദമിയിലെ പരിശീലനത്തിനിടയിലും ആരോഗ്യപ്രശ്നങ്ങളുണ്ടായെങ്കിലും അതിനെ അതിജീവിച്ചു. എനിക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും ബിരുദമുണ്ടായിരുന്നു.
അതോടെ ഡിഗ്രി വേണമെന്ന ആഗ്രഹവും ഉടലെടുത്തു. പരിശീലന സമയത്തുതന്നെ ഡിഗ്രിയും ഒപ്പം പഠിക്കാൻ തുടങ്ങി. പരിശീലനം കഴിഞ്ഞ് എല്ലാവരും കിടന്നുറങ്ങുമ്പോൾ ഉറക്കമിളച്ച് പഠിക്കാൻ തുടങ്ങി. ഇപ്പോൾ ബി.എ ഹിസ്റ്ററി ബിരുദധാരിയാണെന്നും സബൂറ പറയുന്നു.
പൊലീസ് സ്റ്റേഷനിൽ ജോലിക്കിടെ വരക്കാൻ സമയം കിട്ടില്ല. പേട്ട സ്റ്റേഷനു കീഴിൽ കൺട്രോൾ റൂം വാഹനത്തിൽ കഴക്കൂട്ടം ബൈപാസിലായിരുന്നു ഡ്യൂട്ടി. ഇടക്ക് സെക്രട്ടേറിയറ്റ് നടയിൽ സമര ഡ്യൂട്ടിയും. അടിയും സമരവും ബഹളവും. ചിത്രം വരക്കാനുള്ള സാഹചര്യമൊന്നും അവിടെയുണ്ടാകില്ല. സ്റ്റേഷനിൽ ജോലി ചെയ്തിരുന്നപ്പോൾ കുറെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിച്ചിരുന്നു.
സ്റ്റേഷനിൽനിന്ന് ബറ്റാലിയനിലേക്ക് ചോദിച്ചു വാങ്ങിയതാണ്. സ്റ്റേഷനിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അവിടെയാകുമ്പോൾ വീടും ജോലിയും മാത്രം. ഒരിടത്ത് ഒതുങ്ങിക്കൂടുന്നത് ഇഷ്ടമല്ല. പാഷനൊന്നും ഫോളോ ചെയ്യാൻ കഴിയില്ല. സ്കൂളിലായിരിക്കുമ്പോൾ മുതൽ യൂനിഫോമിട്ടവരെ കാണുമ്പോൾ ആരാധനയായിരുന്നു. ആൾക്കാരുമായി കൂടുതലായി ഇടപെടാൻ കഴിയുമെന്നതു തന്നെയാണ് ഈ ജോലിയെ പ്രിയപ്പെട്ടതാക്കുന്നത് -സബൂറ കൂട്ടിച്ചേർത്തു.
നാളെ എന്തൊക്കെ ചെയ്യണം എന്ന് ഓരോ ദിവസവും എഴുതിവെക്കും. ഒരു ദിവസം പത്തു കാര്യങ്ങൾ എഴുതിയാൽ അഞ്ചോ ആറോ ആയിരിക്കും പൂർത്തിയാക്കാനാവുക. ചിലപ്പോൾ മുഴുവനും ചെയ്യാനാവും. ആ ദിവസങ്ങളിൽ മനസ്സമാധാനമായി ഉറങ്ങാം.
തിരുവനന്തപുരത്ത് ആയിരുന്നപ്പോൾ വരക്കുക എന്നത് ആഗ്രഹമായി ഉള്ളിൽ കൊണ്ടുനടക്കാൻ മാത്രമേ പറ്റുമായിരുന്നുള്ളൂ. ഓരോരുത്തരെ കാണുമ്പോൾ വരച്ചാൽ കൊള്ളാം എന്ന് തോന്നും. പേക്ഷ, ഒന്നും ചെയ്യാൻ കഴിയില്ല. മലപ്പുറത്തെത്തിയപ്പോൾ കഥ മാറി. വരക്കാൻ സമയം ധാരാളം കിട്ടിത്തുടങ്ങി. അവധിദിവസങ്ങളിലാണ് വരയുടെ ലോകത്തിലേക്കിറങ്ങുക. ഒരു ദിവസം ഡ്യൂട്ടിക്കിടെ മലപ്പുറം എം.എസ്.പി ക്യാമ്പ് കമാൻഡന്റ് കെ.വി. സന്തോഷ് കുമാറിന്റെ ചിത്രം വരച്ചുകൊടുത്തു. സാർ അത് വളരെ സന്തോഷത്തോടെ സ്വീകരിച്ചു. മുൻ ഡി.ജി.പി അനിൽകാന്ത് വിരമിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിത്രവും വരച്ചുകൊടുത്തിരുന്നു. അറിയപ്പെടുന്ന ഒരു മോഡൽകൂടിയാണ് സബൂറ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.