ഫോട്ടോപോസിങ്ങിൽ നിന്ന് തുടങ്ങിയ ലൂലയുടെ ഇഷ്ട വിനോദം ഇന്ന് പ്രൊഫഷനൽ ഫോട്ടോഗ്രാഫിയിൽ എത്തി നിൽക്കുകയാണ്. ഫുഡ്-ഇവന്‍റ് ഫോട്ടോഗ്രഫി മുതൽ ട്രാവൽ ഫോട്ടോഗ്രാഫിയിലൂടെ വേറിട്ട പ്രയാണം നടത്തുകയാണ് ഈ മലപ്പുറംകാരി.
ചെറു പ്രായത്തിൽ ഉപ്പ സമ്മാനിച്ച കാമറയാണ് ലൂലയെ ഫോട്ടോഗ്രഫിയിലേക്ക് ആദ്യമായി അടുപ്പിച്ചത്. ഇടക്കാലത്ത് പഠനത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് എൻജിനീയറിങ് പൂർത്തിയാക്കി.
ഈ വേളയിൽ കൂട്ടുകാരുടെ വീഡിയോകൾ ലൂല നിർമ്മിച്ചു തുടങ്ങി. എന്നാൽ, ഈ ഫോട്ടോ-വീഡിയോഗ്രാഫികൾ തന്‍റെ കരിയറായി മാറുമെന്ന് ലൂല സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. പക്ഷേ, ഫോട്ടോഗ്രാഫിക്ക് താൻ അർപ്പിക്കുന്ന താല്പര്യവും അസാധ്യ ക്ഷമയും ലൂല നാൾവഴികളിലൂടെ മനസ്സിലാക്കി. ലൂല ഫോട്ടോഗ്രാഫിയിൽ ആത്മസമർപ്പണം നടത്തിയെന്ന് വേണം പറയാൻ.
ഇന്‍റീരിയർ ഡിസൈനിങ്ങിൽ തുടർപഠനം കഴിഞ്ഞ് ലൂല ദുബൈയിലേക്ക് പറന്നു. പങ്കാളി നസിരി നൽകിയ ഇൻസ്റ്റ മിനി ക്യാമറ ലൂലയുടെ പകൽ സ്വപ്നങ്ങളെ വീണ്ടും തട്ടിയുണർത്തി. പിന്നീട് സഹധർമ്മിണിയുടെ ഇഷ്ടത്തെ തിരിച്ചറിഞ്ഞ് ജംഷദ് അപ്ഗ്രേഡ് മൊബൈൽ ലൂലക്ക് സമ്മാനിച്ചു. ഇൻസ്റ്റഗ്രാമിൽ താൻ പകർത്തിയ ചിത്രങ്ങൾ പങ്കുവെക്കുന്നതോടെ ലൂലയെ ഉപയോക്താക്കൾ അംഗീകരിച്ചു തുടങ്ങി. ചിത്രം പകർത്തലിനൊപ്പം ചിത്രരചനയും അവയുടെ വീഡിയോഗ്രഫിയും അവളുടെ സൗഹൃദ വലയത്തെ വിശാലമാക്കി.
ശേഷം ക്യാമറയിലേക്ക് ചുവട് മാറി. പിന്നീട് കാലം ലൂലയെ ആവശ്യപ്പെടുകയായിരുന്നു. ലൈഫ് സ്റ്റൈൽ, ഫുഡ്, ട്രാവൽ, പോർട്രെറ്റ് തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ ലൂല നിലയുറപ്പിച്ചു. ഇന്ന് കൂട്ടുകാരിയും ലൂലയും ചേർന്ന് രൂപം നൽകിയ ഐൻ ഫിലിംസ് എന്ന ദുബൈ ബേസ്ഡ് മീഡിയ കമ്പനിയിൽ മേൽനോട്ടം വഹിച്ചു വരികയാണ് ലൂല ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.