തിരൂര്‍: അഞ്ചല അറിയാതെയാണ് അവളില്‍ ആ ആഗ്രഹം ചുവടുവെച്ചുതുടങ്ങിയത്. ഒരുനാള്‍ നാലാള് അറിയപ്പെടുന്ന നര്‍ത്തകിയാകണമെന്ന അടങ്ങാത്ത ആഗ്രഹം. ചുറ്റുമുള്ള സാഹചര്യങ്ങള്‍ തടസ്സം നിന്നപ്പോഴും നൃത്തകലയോടുള്ള അഭിനിവേശം അവളില്‍ ആളിപ്പടര്‍ന്നു.
അങ്ങനെയാണ് ജീവിതത്തില്‍ ഒരിക്കല്‍പോലും അറിഞ്ഞിട്ടില്ലാത്ത നൃത്തച്ചുവടുകള്‍ രണ്ടു മാസത്തിനുള്ളില്‍ പഠിച്ചെടുത്ത് കേരള നടനത്തില്‍ ചടുലതാളത്തില്‍ നിറഞ്ഞാടിയത്. പാലക്കാട് കുമ്പിടിയിലെ ചോലയില്‍ റഹീനയുടെ ഏക മകളാണ് അഞ്ചല.
ആദ്യമായി ജില്ലയിൽ മത്സരിക്കാനെത്തിയ അഞ്ചല എ ഗ്രേഡ് കരസ്ഥമാക്കിയാണ് മടങ്ങിയത്. അഞ്ചലയുടെ മൂന്നര വയസ്സിലാണ് പിതാവിന്റെ മരണം. പിന്നീട് ഉമ്മ റഹീനയുടെയും വല്യുപ്പ സൈതലവിയുടെയും തണലിലായിരുന്നു. സാഹചര്യങ്ങള്‍ പ്രതിസന്ധി തീര്‍ത്തപ്പോള്‍ യൂട്യൂബിനെ ആശ്രയിച്ച് ഭരതനാട്യത്തിലെ ബാലപാഠങ്ങള്‍ പഠിച്ചു.
ഇന്ത്യ- ഏഷ്യ വേള്‍ഡ് റെക്കോഡ് പ്രോഗ്രാമില്‍ തിരുവനന്തപുരത്ത് പോയി ആയിരത്തില്‍പരം നര്‍ത്തകിമാര്‍ക്കൊപ്പം നാട്ടുകുറിഞ്ഞി രാഗത്തില്‍ ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കോഡും ഏഷ്യബുക്ക് ഓഫ് റെക്കോഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും നേടി.
ഇവിടെനിന്നാണ് തിരൂര്‍ മാങ്ങാട്ടിരി സ്വദേശിയും 22 വര്‍ഷമായി നൃത്തകല അധ്യാപകനുമായ കലാഭവന്‍ അലിയെ പരിചയപ്പെടുന്നത്. അദ്ദേഹം രണ്ടുമാസത്തെ മാത്രം പരിശീലനം നൽകി. എടപ്പാള്‍ പോട്ടൂര്‍ മോഡേണ്‍ ഹയര്‍സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. തിരൂര്‍ ബി.പി അങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ ഉമ്മയുടെ വരുമാനത്തിലാണ് ഇവരുടെ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.