ദോഹ: കൊടുമുടികളും മലമ്പാതകളും കാടുകളുമെല്ലാം മധ്യപ്രദേശ് സ്വദേശിയും ഖത്തർ എയർവേസ് എയർക്രാഫ്റ്റ് എൻജിനീയറുമായ അമിത് ജോഷിക്ക് കുടുംബകാര്യമാണ്. ജോലിയിൽനിന്ന് നിശ്ചിത ഇടവേളയിൽ അവധിയെടുത്ത് കുടുംബസമേതം അവർ കീഴടക്കുന്നത് ഹിമാലയത്തിലെ പർവതശിഖരങ്ങളും മലമ്പാതകളും മുതൽ ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി വരെ.
ഭാര്യ രചന അമിത് ജോഷിക്കും ഖത്തറിലെ ഒറിക്സ് ഇന്റർനാഷനൽ സ്കൂളിൽ പത്താം ക്ലാസുകാരിയായ മകൾ അൻവി അമിത് ജോഷിക്കും ഒപ്പമാണ് ഇവരുടെ സാഹസിക യാത്രകൾ. ജൂലൈ ആദ്യവാരത്തിലാണ് 14കാരിയായ മകളുടെ കൈപിടിച്ച് അമിതും ഭാര്യയും താൻസനിയയിൽ സ്ഥിതിചെയ്യുന്ന ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കിയത്. 5895 മീറ്റർ ഉയരത്തിൽ, ഏറെ ദുർഘടമായ വഴികൾ കാത്തിരിക്കുന്ന കിളിമഞ്ചാരോയും കീഴടക്കി കഴിഞ്ഞയാഴ്ചയാണ് അമിതും കുടുംബവും ഖത്തറിൽ മടങ്ങിയെത്തിയത്.
മാതാപിതാക്കൾക്കൊപ്പം ഉയരങ്ങളെ കാൽക്കീഴിലാക്കുന്നത് ആവേശമാക്കിമാറ്റിയ അൻവി ഏഴാം വയസ്സിലാണ് തങ്ങൾക്കൊപ്പം യാത്ര തുടങ്ങുന്നതെന്ന് പിതാവ് അമിത് ജോഷി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം ട്രക്കിങ്ങിലൂടെയായിരുന്നു സാഹസികതയിലേക്കുള്ള തുടക്കം. അച്ഛനും അമ്മയും മലകൾ തേടി ഇറങ്ങുമ്പോൾ കൊച്ചുകുട്ടിയായ മകളെയും ഒപ്പം കൂട്ടുകയായിരുന്നു. ഇന്ത്യയിൽ കാടുകളും മലമ്പാതകളും താണ്ടി ഹിമാലയത്തിൽ വരെ അവർ ഒന്നിച്ചുനീങ്ങി.
ഉത്തരാഖണ്ഡിൽനിന്ന് ഹിമാചൽപ്രദേശ് വരെ നീണ്ടുകിടക്കുന്ന റുപിൻപാസിൽ മാതാപിതാക്കളുടെ കൈപിടിച്ചായിരുന്നു ആദ്യ ട്രക്കിങ്. 4650 മീറ്റർ ഉയരെ സ്ഥിതിചെയ്യുന്ന റുപിൻ പാസിലേക്കുള്ള യാത്രയിൽ തന്നെ മകളുടെ അഭിരുചി തിരിച്ചറിഞ്ഞതോടെ പിന്നീടുള്ള യാത്രകളിൽ അവർ മൂവരുമായി. ഓരോ ഉയരങ്ങളും കീഴടക്കൽ മകൾക്കും ആവേശമായി. 3600 മീറ്റർ ഉയരെ ഹേമകുണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സും 3810 മീറ്റർ ഉയരെയുള്ള കേദാർനാഥും 4500 മീറ്റർ ഉയരത്തിലെ മാർഡി ഹിമാലും എല്ലാം കീഴടക്കി യാത്രകളും സാഹസികതകളും ഹരമാക്കി മാറ്റി.
എവറസ്റ്റിലേക്കുള്ള യാത്രയിൽ 5364 മീറ്റർ ഉയരെയുള്ള ബേസ് ക്യാമ്പിലെത്തിയും ട്രക്കിങ് സാഹസികയാത്രക്കാരുടെ ആവേശമായ അന്നപൂർണ സർക്യൂട്ടും തൊറാങ് ലാ പാസുമെല്ലാം കടന്നാണ് അൻവി കിളിമഞ്ചാരോയിലുമെത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കാഠ്മണ്ഡുവിൽനിന്ന് എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്ര. ലുക്ലയിൽ ചെറു വിമാനത്തിലെത്തി, ശേഷം താഴ്വരയിലെ നംചെംമെഡ് ഗ്രാമത്തിലെത്തിയായിരുന്നു യാത്രയുടെ തുടക്കം.
കനത്ത മഞ്ഞുവീഴ്ചയും ദുർഘടമായ പാതകളും തണുപ്പും വെല്ലുവിളിയായപ്പോൾ ഇച്ഛാശക്തിയോടെ മുന്നേറി. ആറു ദിവസത്തിലേറെ നീണ്ട യാത്രക്കൊടുവിൽ ബേസ് ക്യാമ്പിലെത്തി ലക്ഷ്യം പൂർത്തിയാക്കിയായിരുന്നു മടക്കയാത്ര. അതിന്റെ തുടർച്ചയായിരുന്നു ജൂലൈയിലെ കിളിമഞ്ചാരോ ദൗത്യം. സാഹസികയാത്രകൾക്ക് പുറമെ, ഖത്തറിലെ യോഗയും സംഗീതവുമായും സജീവമാണ് ഈ മിടുക്കി.
കൊച്ചുമിടുക്കിയുടെ നേട്ടങ്ങളെ ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ നേതൃത്വത്തിൽ ആദരിച്ചു. ഫസ്റ്റ് സെക്രട്ടറി സേവ്യർ ധനരാജ് മെമെന്റോ നൽകി. ഐ.സി.സി സ്റ്റുഡന്റ്സ് ഫോറത്തിലെ സജീവ അംഗം കൂടിയായ അൻവിയെ പ്രസിഡന്റ് പി.എൻ. ബാബുരാജൻ അഭിനന്ദിച്ചു. മധ്യപ്രദേശ് സ്വദേശിയായ അമിത് മുംബൈയിലാണ് താമസം. കഴിഞ്ഞ അഞ്ചുവർഷമായി ഖത്തർ എയർവേസിലെ ജോലിയുമായി ദോഹയിലുണ്ട്. ഇടവേളകളിലാണ് യാത്രയെങ്കിലും പതിവായ പരിശീലനത്തിലൂടെയാണ് ഒരുക്കങ്ങളെന്ന് അമിത് പറയുന്നു. ദിവസേന രണ്ടു മണിക്കൂർ ജിംനേഷ്യത്തിലും മറ്റുമായി പരിശീലനം നടത്തും. ഒപ്പം സൈക്ലിങ്ങിലും സജീവമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.