ദോഹ: ഇതൊരു സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയാണ്. ഇനിയും സംഭവിക്കാത്തൊരു ക്ലൈമാക്സിനായി ഖത്തറിൽ അൽ വക്റയിലെ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ കാത്തിരിക്കുന്ന കഥാനായിക, ഇന്ത്യക്കാരി നേദ യസ്ദാനിയുടെ ജീവിതകഥ. ബംഗളൂരു സ്വദേശിയായ അൻജും അസ്മ അസീസിന്റെയും ഇറാനിയായ ഫരിദ് യസ്ദാനിയുടെയും ഏക മകളായി കുടുംബത്തിലെ ചിത്രശലഭംപോലെ പാറിപ്പറക്കുന്നതിനിടെ പത്തുവർഷം മുമ്പ് ദോഹയിൽ നടന്ന ഒരു വാഹനാപകടത്തിലാണ് നേദയുടെയും കുടുംബത്തിന്റെയും ജീവിതം തകിടം മറിയുന്നത്.
അന്ന്, 15 വയസ്സായിരുന്നു നേദയുടെ പ്രായം. ദോഹയിൽ മാതൃസഹോദരിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ നേദ, കൂട്ടുകാർക്കൊപ്പം സഞ്ചരിക്കവെയായിരുന്നു അപകടം സംഭവിച്ചത്. വാഹനമോടിച്ച സ്വദേശി പൗരൻ മരിക്കുകയും നേദക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തലക്കും നട്ടെല്ലിനും പരിക്കേറ്റ ഇവർ ഏറെ നാളത്തെ ചികിത്സക്കുശേഷം ഓർമകൾ വീണ്ടെടുക്കുമ്പോഴേക്കും ശരീരം തളർന്നിരുന്നു. നടക്കാനോ സ്വന്തം കാര്യങ്ങൾ നിർവഹിക്കാനോ കഴിയാതെ പൂർണമായും വീൽചെയറിലായി. സംസാരം മുറിഞ്ഞ് വാക്കുകൾ അപൂർണമായി. അപകടം ഏൽപിച്ച ആഘാതത്തിൽ വേദനകൾ മാത്രം കൂട്ടായി. ജീവൻ നിലനിർത്താൻ വിദഗ്ധ ചികിത്സകൾ അനിവാര്യമായി.
2012ൽ അപകടം സംഭവിക്കുമ്പോൾ സന്ദർശക വിസയിലായിരുന്ന നേദക്ക് മെഡിക്കൽ എമർജൻസി പരിഗണിച്ച് താൽക്കാലിക വിസ അനുവദിക്കുകയായിരുന്നു. ഇതിനിടെ, ഹമദ് മെഡിക്കൽ കമ്മിറ്റി 340 ശതമാനം വൈകല്യം സംഭവിച്ചതായി സ്ഥിരീകരിച്ചതോടെ അപകട ഇൻഷുറൻസിനായി കേസ് നടപടികളിലേക്ക് നീങ്ങി. അങ്ങനെ, 2014ൽ 6.04 ലക്ഷം റിയാൽ (അന്നത്തെ വിനിമയ നിരക്ക് പ്രകാരം ഒരു കോടി രൂപ) ഇൻഷുറൻസ് തുകയായി കോടതി വിധിച്ചു. അഭിഭാഷകന്റെ ഫീസും കഴിച്ച് 4.74 ലക്ഷം റിയാലാണ് (80 ലക്ഷം രൂപ) നേദക്ക് ലഭിച്ചത്.
ചികിത്സക്കായി ഇതിനകം തന്നെ ലക്ഷങ്ങൾ ചെലവഴിച്ച കുടുംബത്തിന് ഒന്നുമല്ലായിരുന്നു ഈ തുക. ഖത്തറിലും ഇന്ത്യയിലും ജർമനിയിലുമായി ഓരോ ഘട്ടത്തിലും വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിക്കുമ്പോൾ ലക്ഷങ്ങൾ ബില്ലുകളായി. ഇറാനിയായ പിതാവ് നേരത്തേ തന്നെ കുടുംബവുമായുള്ള ബന്ധം ഒഴിവാക്കിയതിനാൽ ചികിത്സയും സംരക്ഷണവുമെല്ലാം നേദയുടെ മാതാവിന്റെ ബന്ധുക്കളുടെ മാത്രം ബാധ്യതയായി. ദോഹയിലുള്ള മാതൃസഹോദരിയും പാലക്കാട് സ്വദേശിയായ ഇവരുടെ ഭർത്താവ് വിനോദും ജീവിതം ദുസ്സഹമായ കൊച്ചുമിടുക്കിക്ക് താങ്ങായി. ഇൻഷുറൻസ് തുകയും ഇവരുടെ സമ്പാദ്യവുമെല്ലാം നേദയുടെ ചികിത്സക്കായാണ് ചെലവഴിച്ചത്.
ഏറ്റവും ഒടുവിൽ ജർമനിയിൽനിന്ന് നടക്കാൻ സഹായിക്കുന്ന സ് പ്ലിന്റ് ഘടിപ്പിച്ച് നാട്ടിലേക്കുള്ള യാത്രക്കിടയിൽ 2019 ഡിസംബറിൽ ഖത്തറിലെത്തിയതായിരുന്നു നേദ. ഏതാനും ദിവസം ഇവിടെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനുള്ള പദ്ധതി കോവിഡ് വ്യാപനത്തിൽ മുടങ്ങി. ആഴ്ചകൾ മാത്രം തങ്ങാനെത്തിയവൾ ഖത്തറിൽ കുടുങ്ങി. കോവിഡ് ഇളവിൽ സന്ദർശന വിസയുടെ കാലാവധി 2021 ഒക്ടോബർ വരെ ദീർഘിപ്പിച്ചതിനാൽ ഇവിടെത്തന്നെ തങ്ങി. പിന്നീട്, രോഗവ്യാപനം ശമിച്ചതോടെ 2021 നവംബറിൽ ജർമനിയിൽ നിന്നുള്ള ചികിത്സയുടെ തുടർച്ചയായി ഓട്ടോബോകിന്റെ ദുബൈ കേന്ദ്രത്തിലെത്തി തുടർചികിത്സ നടത്താനുള്ള പദ്ധതികളുമായി അൽ വക്റയിലെ വീട്ടിൽനിന്ന് പുറപ്പെട്ടപ്പോഴാണ് ദുരിതജീവിതത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്.
ദോഹ വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് നേദക്ക് ഖത്തറിൽനിന്ന് പുറത്തേക്ക് പോകാൻ യാത്രാവിലക്കുള്ള കാര്യമറിയുന്നത്. ദുരിതങ്ങളുടെ തീരാക്കയത്തിലായ കുടുംബത്തിന് ഇരട്ടി ആഘാതമായി ഈ വാർത്ത. യാത്രാവിലക്കിന്റെ കാരണങ്ങൾ തേടിപ്പോയപ്പോഴാണ് ഏഴു വർഷം മുമ്പ് വിധിച്ച കോടതിവിധി ഇൻഷുറൻസ് കമ്പനിയുടെ അപ്പീലിനെ തുടർന്ന് റദ്ദാക്കിയ കാര്യം അറിയുന്നത്.
ഇൻഷുറൻസ് തുകയായ 6.08 ലക്ഷം റിയാൽ പൂർണമായും കമ്പനിക്ക് തിരിച്ചുനൽകണം എന്ന ഉത്തരവോടെ പഴയ വിധിയെ 2018ൽ കോടതി റദ്ദാക്കിയ വാർത്ത കേട്ട് നേദയും കുടുംബവും വീണ്ടും തകർന്നു. ഇൻഷുറൻസ് കമ്പനിയുടെ അപ്പീലും തങ്ങൾക്കെതിരായ വിധിയും വിമാനത്താവളത്തിൽ തടഞ്ഞപ്പോൾ മാത്രമായിരുന്നു കുടുംബം അറി
ഞ്ഞത്. അഭിഭാഷകന്റെ സർവിസ് ചാർജ് കഴിച്ച് ലഭിച്ച ഇൻഷുറൻസ് തുകയും തങ്ങളുടെ സമ്പാദ്യവും പൂർണമായും ചികിത്സക്കായി ചെലവഴിച്ച് നിൽക്കുമ്പോഴായിരുന്നു ഭീമമായ തുക തിരിച്ചടക്കാൻ ആവശ്യപ്പെടുന്നത്. വിലക്ക് നീക്കാൻ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചെങ്കിലും തുക തിരിച്ചടക്കാൻ തന്നെയായിരുന്നു ആവശ്യം. ഇതോടെ സഹായം തേടി പല വാതിലുകളിൽ മുട്ടി. ഒടുവിൽ, ഇന്ത്യൻ എംബസിയുടെയും ഐ.സി.ബി.എഫിന്റെയും നിയമ സഹായ ക്ലിനിക്കിലും നേദയുടെ കുടുംബമെത്തി. അങ്ങനെയാണ് ഖത്തറിലെ മലയാളി അഭിഭാഷകൻ നിസാർ കോച്ചേരിയിലേക്ക് വിഷയമെത്തുന്നത്.
അദ്ദേഹത്തിന്റെ കൂടി സഹായത്തോടെ വീണ്ടും സമീപിച്ചപ്പോൾ ന്യായമായ തുക നൽകുകയാണെങ്കിൽ ഇളവുകൾ അനുവദിച്ച് യാത്രാവിലക്ക് നീക്കാൻ സഹായിക്കാമെന്ന് ഇൻഷുറൻസ് കമ്പനി അറിയിച്ചിട്ടുണ്ട്. ഇപ്പോൾ, ഈ വാക്കിൽ ആശ്വാസം കാണുകയാണ് വിനോദും ഭാര്യയും.
എന്നാൽ, ആവശ്യമായ തുക കണ്ടെത്താൻ ആരെ സമീപിക്കണം എന്നറിയാതെ ദുരിതക്കയത്തിൽ തന്നെയാണ് കുടുംബം. ശരീരം നുറുങ്ങുന്ന വേദനയോടെ വക്റയിലെ വീട്ടിൽ കട്ടിലിലും വീൽചെയറിലുമായി കണ്ണീർ വീഴ്ത്തുമ്പോഴും ഈ പ്രതിസന്ധി മറികടക്കാൻ പ്രവാസികളുടെയും മറ്റു സുമനസ്സുകളുടെയും സഹായമെത്തുമെന്ന പ്രതീക്ഷയിലാണ് നേദ യസ്ദാനി. വേദന മറക്കാൻ അവൾക്ക് തുടർ ചികിത്സ വേണം, ബംഗളൂരുവിലെ വാടകവീട്ടിൽ കണ്ണീരോടെ കാത്തിരിക്കുന്ന അമ്മയുടെ അരികിലെത്തി ആ സ്നേഹത്തിൽ അലിയണം.
ഈ ദുരിതക്കാഴ്ചകൾക്കിടയിൽ തങ്ങളെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിനോദും ഭാര്യയും അവർക്ക് നിയമസഹായവുമായി രംഗത്തുള്ള അഡ്വ. നിസാർ കോച്ചേരിയും (+974 5581 3105).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.