ദുബൈ: നാലു മീറ്ററുള്ള പേപ്പർ കാൻവാസിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ചിത്രം. അതും രണ്ടുലക്ഷത്തിലധികം അക്ഷരങ്ങൾ ഉപയോഗിച്ച്. കോഴിക്കോട് പയ്യോളി സ്വദേശി നേഹ ഫാത്തിമയാണ് അക്ഷരച്ചിത്രം(വേഡ് ആർട്ട്) കൊണ്ട് ശൈഖ് മുഹമ്മദിന് സ്നേഹസമ്മാനമൊരുക്കിയത്.
ഇത് അദ്ദേഹത്തിന് നേരിട്ട് സമ്മാനിക്കുകയെന്ന ആഗ്രഹവുമായി ഇപ്പോൾ ദുബൈയിലുണ്ട് നേഹ. 'ലോകം ആദരിക്കുന്ന ശൈഖ് മുഹമ്മദിന് ജന്മദിന സമ്മാനമായി നൽകണമെന്ന ആഗ്രഹവുമായി തയാറാക്കിയ ചിത്രമാണിത്. ആ സ്വപ്നവുമായി ജൂലൈ എട്ടിന് ദുബൈയിലെത്തിയതാണ്. ഇതുവരെ അതിന് സാധിച്ചില്ല. അത് സാധ്യമാകുമെന്ന പ്രതീക്ഷയിൽ കഴിയുകയാണിവിടെ'-നേഹ പറയുന്നു.
ഈ സ്വപ്നം പൂവണിയുന്നതും കാത്ത് ഒരുമാസത്തെ വിസിറ്റ് വിസയിൽ ഭർത്താവ് ഫിനു ഷാനിനൊപ്പം ദുബൈയിൽ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണ് 21കാരി. 400ലധികം പേപ്പറുകൾ ഉപയോഗിച്ചാണ് കോഴിക്കോട് സി.എക്ക് പഠിക്കുന്ന നേഹ ഈ വിസ്മയചിത്രം തയാറാക്കിയത്. 'ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം' എന്ന് എഴുതിയാണ് ചിത്രം വരച്ചത്. മാർച്ച് അവസാനം തുടങ്ങിയ ചിത്രരചന മൂന്നുമാസത്തോളമെടുത്താണ് പൂർത്തിയാക്കിയത്.
ഇതിനിടെ മേയിൽ നിക്കാഹിന്റെ വേളയിൽ പോലും ചിത്രരചന ഉപേക്ഷിച്ചില്ല. 20 മണിക്കൂറോളം ചിത്രരചനക്കായി മാറ്റിവെച്ച ദിവസങ്ങളുമുണ്ട്. ഇതിനിടെ വന്ന സി.എ, ബി.കോം (ഡിസ്റ്റൻസ് എജുക്കേഷൻ) പരീക്ഷകളും ഉപേക്ഷിച്ചു. അഞ്ചര മീറ്റർ കാൻവാസിൽ ചിത്രമൊരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടത് നാലു മീറ്ററായി ചുരുക്കി.
നേഹയുടെ ഈ സ്നേഹോദ്യമത്തെ കുറിച്ച് അടുത്തിടെ 'ദുബൈ ടി.വി'റിപ്പോർട്ട് ചെയ്തിരുന്നു. ചെറുപ്പം മുതലേ വരക്കുമായിരുന്ന നേഹ കലയുടെ ലോകത്ത് എന്നും വ്യത്യസ്തത പുലർത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് കലാരംഗത്ത് നടത്തിയ ശ്രമങ്ങൾക്ക് ഇതുവരെ എട്ടു റെക്കോഡും രണ്ട് അവാർഡും തേടിയെത്തി. ഒരുപാട് ആരാധിച്ച കമൽഹാസൻ, മോഹൻലാൽ തുടങ്ങിയ താരങ്ങളെ നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചു.
കോവിഡ് കാലത്ത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽ പെൻസിൽ കാർവിങ് ആണ് തെരഞ്ഞെടുത്തത്. തുടർന്ന് മനുഷ്യശരീരത്തിലെ വിവിധ സംവിധാനങ്ങളുടെ പേരുകൾ പെൻസിലിൽ കൊത്തിയെടുത്തു. അത് ഏഷ്യൻ ബുക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചു. പിന്നീട് ലീഫ് കാർവിങ്ങിലേക്ക് തിരിഞ്ഞു. ശരീര സംവിധാനങ്ങളുടെ പേരുകൾ ഇലയിൽ ചെയ്തും നേഹ ശ്രദ്ധേയയായി. കമൽഹാസന്റെ 49 കഥാപാത്രങ്ങളുടെ രൂപം ലീഫ് ആർട്ടിലൂടെ ഒരുക്കി അദ്ദേഹത്തിന് ജന്മദിന സമ്മാനമായി അയച്ചു നൽകിയിരുന്നു.
അക്ഷരങ്ങളിലൂടെയും കമൽഹാസന്റെ ചിത്രം വരച്ചിട്ടുണ്ട്. കമൽഹാസന്റെ പേരുകൊണ്ട് വരച്ച ചിത്രം അദ്ദേഹത്തിന് നേരിട്ട് സമ്മാനിക്കാനും കഴിഞ്ഞു. ഇന്ത്യ സ്റ്റാർ ഐക്കൺ അവാർഡ് 2021, ഇന്റർനാഷനൽ വുമൺ ഇൻസ്പയറിങ് അവാർഡ് 2021 എന്നിവ നേഹയെ തേടിയെത്തിയിട്ടുണ്ട്. പൊന്നാടയിൽ മോഹൻലാലിന്റെ മുഖം എംബ്രോയിഡറി ചെയ്തതും അദ്ദേഹത്തിന്റെ ചിത്രം അക്ഷരങ്ങൾ കൊണ്ട് വരച്ചതും നേരിട്ട് നൽകാനായത് ജീവിതത്തിലെ സന്തോഷകരമായ മുഹൂർത്തമാണെന്ന് നേഹ പറയുന്നു. ഫുട്ബാൾ താരം മെസി, നടന്മാരായ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ എന്നിവരുടെ ചിത്രങ്ങളും നേഹ ചെയ്തിട്ടുണ്ട്.
പിതാവ് പയ്യോളി വാളിയിൽ വീട്ടിൽ സമദ്, മാതാവ് സുഹ്റ, സഹോദരൻ വാഹിദ്, കോഴിക്കോട് മിംസിൽ ജോലി ചെയ്യുന്ന ഭർത്താവ് ഫിനു ഷാൻ എന്നിവരുടെ പിന്തുണയും നേഹയുടെ കലാജീവിതത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.