കൃഷി മുഖ്യ ഇനമാക്കിയ ആലപ്പുഴ പാതിരപ്പള്ളിയിലെ നിഷയുടെ കൃഷികാര്യ 'സൂപ്പർമാർക്കറ്റ്' സൂപ്പർഹിറ്റാണ്. രണ്ട്പതിറ്റാണ്ടായി നാടിനെ ജൈവകൃഷിരീതിയിലേക്ക് വഴിതെളിച്ചും വിത്തുപാകുന്നത് മുതൽ വിളവെടുക്കുന്നതുവരെയുള്ള എല്ലാകാര്യത്തിലും കൂടെക്കൂടിയും ജൈവകൃഷിയുടെ പ്രചാരകയായി മാറിയ ആലപ്പുഴ കലവൂർ കാവ്യാലയത്തിൽ നിമിഷ സുരേഷിന്റെ (50) കൃഷി മാർക്കറ്റിന് പ്രത്യേകതകൾ ഏറെയാണ്. പ്രകൃതിയെ തൊട്ടറിഞ്ഞ് മണ്ണിനെയും മനുഷ്യനെയും കോർത്തിണക്കി വനിതനേതൃത്വം നൽകുന്ന സൂപ്പർമാർക്കറ്റ് എന്നനിലയിൽ കേരളത്തിലെ കർഷകരുടെ ശ്രദ്ധാകേന്ദ്രമാണ്.
വാങ്ങുന്ന വിത്തുകൾക്ക് നൂറുശതമാനമാണ് ഗാരന്റി. വിത്തുകൾ കിളിർക്കാതെ നശിച്ചുപോയാൽ അതേഇനത്തിലെ പുതിയത് സൗജന്യമായി നൽകുമെന്നതാണ് സവിശേഷത. സാമ്പത്തിക നേട്ടത്തിനപ്പുറം സേവനത്തിനാണ് മുഖ്യപരിഗണന. കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നം ഉയർന്നവിലയ്ക്ക് വിൽക്കാനും സഹായിക്കും. ഇടപാടുകാരായ കർഷകരിൽനിന്ന് തന്നെയാണ് വിൽപനക്ക് ആവശ്യമായ വിത്തുകൾ വാങ്ങുന്നത്.
പഞ്ചായത്തുകൾ, കുടുംബശ്രീ, വിവിധ സംഘടനകൾ എന്നിവക്ക് സൗജന്യനിരക്കിലാണ് നൽകുന്നത്. കാലാവസ്ഥവ്യതിയാനത്തിൽ കൃഷിക്കുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് ചില പൊടിക്കൈകളും ചികിത്സയും നടത്താറുണ്ട്. 18 വർഷമായി കായ്ക്കാതിരുന്ന തെങ്ങ് കുലച്ചത് ഈ ജൈവപരിപാലനത്തിന്റെ നേർക്കാഴ്ചയാണ്. ജീവനക്കാരില്ലാത്ത കടയിൽ സഹായിക്കാൻ കൂടെയുള്ളത് ഭർത്താവും മകനുമാണ്.
ജൈവകൃഷിയെ സഹായിക്കുന്ന സാധനങ്ങൾ മാത്രമാണ് ഇവിടെ കിട്ടുക. പച്ചക്കറിവിത്തുകൾ, ചെടികൾ, ഗ്രോ ബാഗുകൾ, വളം, കീടനാശിനി, കാര്‍ഷികസാമഗ്രികള്‍, കാര്‍ഷിക പുസ്തകങ്ങൾ എന്നിവയെല്ലാം ഒരുകുടക്കീഴിലെത്തിയതോടെ ദിനംപ്രതി കർഷകരുടെ കുത്തൊഴുക്കാണ്. കോവിഡ് പിടിമുറുക്കിയ ലോക്ഡൗൺ കാലത്ത് കടയിലെ മുഴുവൻ സാധനങ്ങളും വിറ്റുപോയ ചരിത്രവുമുണ്ട്.
മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ ആയിരത്തിലധികം കർഷകർ സൂപ്പർ മാർക്കറ്റിലെ സ്ഥിരം ഇടപാടുകാരാണ്. ഇതിനൊപ്പം കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽനിന്ന് എത്തുന്നവരുമുണ്ട്. 'ഹൈടെക്' കൃഷിരീതികളറിയാനും കാർഷിക ആവശ്യങ്ങൾക്കും എത്തുന്ന മറ്റ് ജില്ലക്കാർക്ക് വാട്ട്സ് ആപ്പിലൂടെയാണ് മാർഗനിർദേശം. ആദ്യമൊക്കെ നാട്ടുകാരാണ് കൃഷിരീതികളെക്കുറിച്ച് ചോദിച്ചറിയാൻ എത്തിയിരുന്നത്.
വീട്ടിലെ ജൈവകൃഷിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന 'വിഷരഹിത പച്ചക്കറി' സൂപ്പര്‍മാർക്കറ്റിൽ എത്തിച്ചായിരുന്നു തുടക്കം. കൃഷിരീതികൾ ഹൈടെക്കിലേക്ക് ചുവടുമാറ്റിയപ്പോൾ കാർഷികപ്രശ്നങ്ങളും കാർഷിക ഉപകരണങ്ങൾക്കും വേണ്ടിയാണ് സമീപിച്ചത്. അവയെല്ലാം ഒരുകുടക്കീഴിലാക്കി പരിഹാരം കണ്ടെത്തിയാണ് 'വിജയഗാഥ' രചിച്ചത്.
കൃഷിയും കൃഷിരീതിയും അറിയാതെ വാങ്ങിക്കൊണ്ടുപോകുന്ന വിത്തുകൾ വിളവെടുത്തതും പാകത്തിൽ പന്തലിച്ചുനിൽക്കുന്നതുമായ നിരവധി ചിത്രങ്ങളുമായി സന്തോഷം പങ്കിടാൻ ഉപഭോക്താക്കൾ എത്താറുണ്ട്. അറിവ് പകരുന്നതിനൊപ്പം കൃഷിവകുപ്പിന്റെ വിവിധ സെമിനാറുകളിൽ ക്ലാസെടുക്കുന്നുണ്ട്.
കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ജൈവകൃഷിരീതികളിലേക്ക് കൂടുതൽപേർ സഹായം തേടിയെത്തിയത്. അവർക്കായി കുറഞ്ഞനിരക്കിൽ ഒരുക്കിയ 'ജൈവശ്രീ' അടുക്കളത്തോട്ടം പദ്ധതി വൻവിജയമായിരുന്നു. കൃഷിക്ക് ആവശ്യമായ വിത്തും വളവും മറ്റ് ജൈവകീടനാശിനികളും നിറച്ച കിറ്റിലൂടെയാണ് നാടാകെ ഹരിതവിപ്ലവം തീർത്തത്. കൃഷിയോട് താൽപര്യം പ്രകടിപ്പിച്ച് എത്തുന്നവരിൽ ഏറെയും പുരുഷന്മാരാണെന്ന് നിഷ 'മാധ്യമ'ത്തോട് പറഞ്ഞു. വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയിൽപോലും സജീവമാകാതെ സ്ത്രീകൾ മുഖംതിരിഞ്ഞുനിൽക്കുന്നതിൽ വിഷമമുണ്ട്.
പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയാണ്. അച്ഛനും മുത്തശ്ശനും കൃഷിക്കാരാണ്. അവർ ചെറുപ്രായത്തിൽ പകർന്നുനൽകിയ കൃഷിരീതികളുടെ നേരറിവാണ് വനിതസംരംഭകക്ക് കരുത്തായത്. ചരിത്ര ബിരുദധാരിയാണെങ്കിലും ഇഷ്ടപ്പെട്ടത് കൃഷിയുടെ ഭൂമിശാസ്ത്രമാണ്.
വിവാഹം കഴിഞ്ഞ് കുടുംബകാര്യങ്ങൾ നോക്കുന്നതിനിടെയാണ് ഭർത്താവിന്റെ പിന്തുണയിൽ കാർഷികവിപണന മേഖലയിലേക്ക് തിരിഞ്ഞത്. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി. തൃശൂർ മണ്ണുത്തി നൂപർ മാനുവേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ മാർക്കറ്റിങ് മാനേജർ സുരേഷ്കുമാർ ഭർത്താവും കാവ്യ സുരേഷ്, കരുൺ എസ്. നാഥ് എന്നിവർ മക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.