വീട്ടുമുറ്റത്തുനിന്ന്​ മക്കളുടെ ഖബറിടത്തിലേക്ക്​​ ​ കാഴ്ചയെറിഞ്ഞ്​ നിൽക്കുന്ന പാത്തുമ്മക്കുട്ടി

കൺമുന്നിൽ ഏഴു മക്കളുടെ മീസാൻ കല്ലുകൾ; തളരാതെ പാത്തുമ്മക്കുട്ടി

കോഴിക്കോട്: പാത്തുമ്മക്കുട്ടിയുടെ പത്തുമക്കളിൽ ഏഴുപേർ ആ ഖബറിടത്തിലാണ് ഉറങ്ങുന്നത്. ഒരാൾ ഏഴുവർഷമായി വീട്ടിനുള്ളിൽ മൃതശയ്യയിൽ കിടക്കുന്നു. മക്കൾ തുടർച്ചയായി മരിച്ചുപോവുന്നത് നിസ്സഹായതയോടെ നോക്കിനിന്ന പാത്തുമ്മക്കുട്ടി പക്ഷേ വല്ലാതെയൊന്നും കരഞ്ഞ് നേരം കളയാറില്ല.

വീടിനോടുചേർന്ന്, അനന്തതയിലേക്ക് പരന്നുകിടക്കുന്ന ഖബറിടത്തിലേക്ക് നോക്കി മക്കൾക്കുവേണ്ടി പ്രാർഥിക്കും. അത്രയേ വേണ്ടൂ. നൊന്തുപെറ്റ മക്കൾ നിരന്തരം 'മീസാൻ കല്ലു'കളായി മാറുമ്പോൾ പതറാതെ മനം കാത്തു. ദൈവനിശ്ചയം നടപ്പിലാവുന്നത് തടയാൻ ആർക്കുമാവില്ലല്ലോ. പിന്നെ ഞാനെന്തിന് സങ്കടപ്പെട്ടിരിക്കണമെന്നുപറഞ്ഞ് ആശ്വസിക്കുകയാണ് ഈ ഉമ്മ. കോഴിക്കോട് മുഖദാറിൽ കണ്ണംപറമ്പ് ശ്മശാനത്തിനോട് ചേർന്നാണ് പാത്തുമ്മക്കുട്ടി താമസിക്കുന്നത്. വീടിന്‍റെ മതിലിനപ്പുറം ഖബറിടമാണ്.

പാത്തുമക്കുട്ടിക്ക് ഇപ്പോൾ 73 വയസ്സായി. 30വർഷം മുമ്പാണ് ഭർത്താവ് കുഞ്ഞിമുഹമ്മദ് മരിച്ചത്. പിന്നാലെ മൂത്തമകൻ ലത്തീഫ് മരിച്ചു. പിന്നെ മകൾ അസ്മ. മറ്റ് മക്കളായ ഇഖ്ബാലും ഹംസയും പിന്നാലെ മരിച്ചു. മകൻ അമീർ 19 വർഷമായി കിടപ്പിലാണ്. ഏഴുവർഷമായി തീർത്തും മിണ്ടാട്ടമില്ല. അപസ്മാരത്തിന് സമാനമായ അവസ്ഥയിലാണ് കിടപ്പ്. മക്കളുടെ മരണകാരണത്തെക്കുറിച്ച് വൈകിയാണ് പാത്തുമ്മക്കുട്ടി തിരിച്ചറിയുന്നത്.

മൂത്തമകനൊഴിച്ച് ഏതാണ്ടെല്ലാവരും സമാന ലക്ഷണങ്ങൾ മൂലമാണ് മരിച്ചത്. ആദ്യത്തെ രണ്ട് മക്കൾ ഗർഭാവസ്ഥയിൽ മരിച്ചതാണ്. മൂന്നാമത്തെ കുഞ്ഞ് ഏഴുമാസം പ്രായമുള്ളപ്പോൾ മരിച്ചു. 'ഹണ്ടിങ് ടോൺസ്' എന്ന അപൂർവ പാരമ്പര്യ രോഗമാണ് തന്‍റെ മക്കളെ കൊണ്ടുപോയതെന്ന് വൈകിയാണ് അറിയുന്നത്. തലച്ചോറിലെ നാഡീകോശങ്ങൾ പതുക്കെ നശിച്ചുപോകുന്ന അവസ്ഥയാണിത്. നടക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാനുമാകില്ല. അപസ്മാരമിളകുന്ന അവസ്ഥയിൽ കിടക്കും. മനോനില തകരാറിലാവും. സാധാരണ 30, 40 വയസ്സാകുമ്പോഴാണ് രോഗം കണ്ടെത്താനാവുന്നത്.

പ്രത്യേകിച്ച് മരുന്നോ ചികിത്സയോ ഇല്ലെന്നാണ് ഡോക്ടർമാർ പാത്തുമ്മക്കുട്ടിയെ അറിയിച്ചത്. മരിച്ചുപോയ മകന്‍റെ മക്കളും ഇതേ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ ഒരു മകളെ രോഗത്തിന്‍റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചു. കുടുംബത്തിലെ പാരമ്പര്യ രോഗത്തെക്കുറിച്ച് പുറംലോകമറിഞ്ഞതോടെ ഏറ്റവും ഇളയ മകളുടെ വിവാഹം മുടങ്ങി. സമാനതകളില്ലാത്ത ജീവിത പരീക്ഷണങ്ങളിലും പാത്തുമ്മക്കുട്ടിയുടെ വാക്കുകളിൽ മുഴങ്ങുന്നത് നിശ്ചയദാർഢ്യം. കടന്നുപോന്ന നാളുകളെക്കുറിച്ച് ചിരിച്ചുകൊണ്ടാണ് അവർ സംസാരിക്കുന്നത്. ബാക്കിയുള്ള മക്കൾക്ക് രോഗം വരരുതേ എന്നാണ് പ്രാർഥന. പ്രയാസങ്ങൾക്ക് നടുവിലും ഇതിന്‍റെ പേരിലൊന്നും ആരോടും കൈനീട്ടാൻ ഈ ഉമ്മയില്ല.

ഇവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് സാമൂഹിക സംഘടന വെച്ചുകൊടുത്ത വീട്ടിലാണ് താമസം. തിരുനാവായക്കാരിയാണ് പാത്തുമ്മക്കുട്ടി. 16ാം വയസ്സിൽ കോഴിക്കോട്ടേക്ക് വിവാഹം ചെയ്തു കൊണ്ടുവന്നതാണ്.

Tags:    
News Summary - Pathummakutty did not give up after death of 7 childrens out of 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-01 06:20 GMT