ഷാർജ: പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍.ആര്.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി പ്രതിഭ പുരസ്കാരം ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന് അമ്പലത്തിലകത്തിന്. ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരം പ്രഖ്യാപിച്ചതെന്ന് എന്‍.ആര്.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറുമായ ഡോ. എസ്. അഹ്മദ് അറിയിച്ചു.
അധ്യാപിക എന്നതിലുപരി കലാ സാംസ്കാരിക രംഗങ്ങളിലും ഗ്രന്ഥരചനയിലുമുള്ള സംഭാവനകള്‍ പരിഗണിച്ചാണ് അവാർഡ്. ജനുവരി 11ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് അവാര്‍ഡ് സമ്മാനിക്കും.
കണ്ണൂര്‍ ജില്ലയില്‍ പരേതനായ ചിറക്കല്‍ കെ.പി. അബ്ദുൽ ഖാദര്‍ ഗുരുക്കളുടെയും ഖദീജ അമ്പലത്തിലകത്തിന്റെയും മകളാണ് ജാസ്മിൻ. 2015ലാണ് ഇവർ ഷാര്‍ജയിലെത്തിയത്. മൂന്നു വര്‍ഷം അജ്മാന് ഹാബിറ്റാറ്റ് സ്കൂളില്‍ സേവനം ചെയ്ത ജാസ്മിന് 2019 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയാണ്. വൈകി വീശിയ മുല്ലഗന്ധം, മകള്‍ക്ക്, കാത്തുവെച്ച പ്രണയമൊഴികള്‍, ആലമീ, ശൂന്യതയില്‍നിന്നും ഭൂമി ഉണ്ടായ രാത്രി, രാക്കിളിപ്പേച്ച്, സൈകതഭൂവിലെ അക്ഷരോത്സവം എന്നിവയാണ് പ്രധാന രചനകള്‍. ഭര്‍ത്താവ്: സമീര്‍. ഷഹ്സാദ്, ജന്നത്ത് എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.