ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച് സംഗീതത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ ഒരു മലയാളി മിടുക്കിയുണ്ട് ഇങ്ങ് യു.എ.ഇയിൽ. 140 ഭാഷാ ഗാനങ്ങൾ ആലപിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡ് നേടിയിരിക്കുകയാണ് ബഹുഭാഷ ഗായിക സുചേതാ സതീഷ്. യു.എൻ. കാലാവസ്ഥ സമ്മേളനത്തിന് (കോപ് 28) ഐക്യദാർഢ്യവുമായി അവതരിപ്പിച്ച കൺസർട്ട് ഫോർ ക്ലൈമറ്റ് എന്ന സംഗീതപരിപാടിയിലാണ് പുതിയ ഗിന്നസ് റെക്കോഡ് പിറന്നത്. ഇക്കഴിഞ്ഞ നവംബർ 24ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന കാലാവസ്ഥ സമ്മേളന വേദിയിലായിരുന്നു ഒൻപത് മണിക്കൂർ നീണ്ട സംഗീത പരിപാടി. കലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്ത 140 രാജ്യതലവന്മാരെ പ്രതിനിധീകരിച്ചാണ് 140 ഗാനങ്ങൾ സുചേത ആലപിച്ചത്. 39 ഇന്ത്യൻ ഭാഷകളിലും 101 ലോക ഭാഷകളിലും ആണ് സംഗീതകച്ചേരി നടത്തിയത്. ജനുവരി അഞ്ചിനാണ് ഗിന്നസ് റെക്കോർഡ് പ്രഖ്യാപിച്ചത്. 121 ഭാഷകളിൽ കച്ചേരി അവതരിപ്പിച്ച പൂനെ വോക്കലിസ്റ്റ് മഞ്ജുശ്രീ ഓക്കിന്റെ റെക്കോർഡാണ് 18കാരിയായ ഈ കണ്ണൂരുകാരി തകർത്തത്. 2021ൽ 120 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന് സുചേതയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. തന്റെ തന്നെ റെകോഡ് കൂടിയാണ് സുജേത പഴങ്കഥയാക്കിയത്. ഉത്തർപ്രദേശിലെ അവദി ഭാഷയിലായിരുന്നു ആദ്യ ഗാനം. ഭാരതത്തോടുള്ള ആദരസൂചകമായി ദേശഭക്തി ഗാനവും പരിപാടിയിൽ സുചേത ആലപിച്ചിരുന്നു.
യു.എ.ഇ.യിൽ താമസിക്കുന്ന കണ്ണൂർ, എളയാവൂർ സ്വദേശികളായ ഡോ. ടി.സി. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളാണ് സുചേത സതീഷ്. ദുബൈയിൽ നോളജ് പാർക് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ ഡിജിറ്റൽ മീഡിയയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പത്താം വയസ്സിൽ യുട്യൂബിലൂടെ കേട്ട ജാപ്പനീസ് സംഗീതത്തോടുള്ള ഇഷ്ടമാണ് ഈയൊരു മേഖലയിലേക്ക് സുചേതയെ വഴിതിരിച്ചുവിട്ടത്. കൗതുകം തോന്നിയാണ് യുമേയിതേ എന്ന് തുടങ്ങുന്ന ജാപ്പനീസ് ഗാനം മനപ്പാഠമാക്കിയത്. പിന്നീടൊരിക്കൽ ആ പാട്ട് പാടിയ ഗായികയെ തന്നെ പാടി കേൾപ്പിച്ചപ്പോൾ മികച്ച പ്രതികരണം ലഭിച്ചതായി സുചേത പറഞ്ഞു. ആ നല്ല വാക്കുകളിൽ നിന്നുള്ള പ്രചോദനമാണ് കൂടുതൽ ഭാഷകളിൽ പാട്ടുകൾ പഠിക്കാൻ തനിക്ക് പ്രേരണയായതെന്നും സുചേത പറഞ്ഞു. ഇന്ന് 39 ഇന്ത്യൻ ഭാഷകളിലും 101 ലോക ഭാഷകളിലും പാടാനുള്ള കഴിവുണ്ട് ഈ യുവഗായികക്ക്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഫ്രഞ്ച്, തമിഴ്, ടർക്കിഷ്, ജാപ്പനീസ് എന്നീ ഭാഷകൾ സുചേതയ്ക്ക് അനായാസം വഴങ്ങും. ദുബൈ എന്ന നഗരം തന്ന അവസരങ്ങളാണ് മകൾക്ക് ലോകത്തിന്റെ നെറുകയിൽ എത്താൻ പിന്തുണയേകിയതെന്നാണ് പിതാവ് ഡോ. സതീഷ് പറയുന്നത്.
ആറ് മാസം പ്രായമുള്ളപ്പോഴാണ് സുചേത യു.എ.ഇയിലെത്തുന്നത്. പിന്നീട് വളർന്നതും പഠിച്ചതും യു.എ.ഇ.യിലായിരുന്നു. മൂന്നാം വയസുമുതലാണ് കർണാട്ടിക് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. പിന്നീട് കർണാട്ടിക് സംഗീതവും പഠിക്കാനാരംഭിച്ചു. ഇപ്പോൾ വെസ്റ്റേൺ വോക്കൽസും പഠിക്കുന്നുണ്ട്. ചലച്ചിത്ര പിന്നണി ഗായികയും സംസ്ഥാന അവാർഡ് ജേതാവുമായ ആശ ജി. മേനോനാണ് കർണ്ണാട്ടിക് സംഗീതത്തിന്റെ ഗുരു. സംഗീതസംവിധായകനായ ജെറി അമൽദേവ് ഹിന്ദുസ്ഥാനിയും പഠിപ്പിക്കുന്നുണ്ട്. പഠിച്ചെടുക്കാൻ അൽപ്പം പ്രയാസം തോന്നിയിട്ടുള്ളത് ജർമൻ ഭാഷയാണ്. ഇന്ത്യൻ ഭാഷയിലെ പാട്ടുകളാണ് പഠിക്കാൻ എളുപ്പം. മറ്റ് ഭാഷകളിൽ പാട്ടുകൾ പഠിക്കുമ്പോൾ അതിന്റെ അർഥം കൂടി മനസിലാക്കാൻ ശ്രമിക്കാറുണ്ട്. ഭൂട്ടാനീസ് ഭാഷയോട് വല്ലാത്തൊരു അടുപ്പം തോന്നിയിട്ടുണ്ട്. ഭൂട്ടാനീസ് ഭാഷയിൽ മൂന്ന് സംഗീതക്കച്ചേരികൾ നടത്തിയിട്ടുണ്ട്. ദുബൈയിലും അബൂദബിയിലും കച്ചേരികൾ നടത്തിയിട്ടുണ്ട്. 2021ലാണ് 120 ഭാഷകളിൽ സംഗീതമാലപിച്ച് ആദ്യത്തെ ഗിന്നസ് പുരസ്കാരം നേടിയത്.
ആയിഷ എന്ന മലയാളം സിനിമയിൽ അറബിക് ഭാഷയിലുള്ള ഗാനം ആലപിച്ചത് സുചേതയാണ്. 2018-ൽ 12 -ാം വയസ്സിൽ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സംഗീതക്കച്ചേരിയിൽ ഏറ്റവും അധികം ഭാഷകളിൽ പാട്ട് പാടിയതിനും 102 ഭാഷകളിൽ ഏറ്റവും കൂടുതൽ സമയം തുടർച്ചയായി പാടിയ കുട്ടിയ്ക്കുള്ള ബഹുമതിയുമായാണ് അമേരിക്കൻ വേൾഡ് റെക്കോർഡ് അക്കാദമിയുടെ രണ്ട് അവാർഡുകൾ ലഭിച്ചത്. പാട്ടിൽ മാത്രമല്ല, പഠനത്തിലും സുചേത മിടുമിടുക്കിയാണ്. 2014 ൽ ദുബൈ സർക്കാരിന്റെ അക്കാദമിക് എക്സലൻസിനുള്ള ശൈഖ് ഹംദാൻ അവാർഡ് സുചേതയ്ക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.