?????? ???????????? ??????????????? ??? ????????

ജീവിതഗന്ധിയായ വരകളും ശില്‍പങ്ങളും തീര്‍ത്ത് ഒടുവില്‍ ആസ്വാദകഹൃദയങ്ങളില്‍ വരച്ചുപൂര്‍ത്തിയാവാത്ത ഒരു ചിത്രം പോലെ കാലയവനികയില്‍ മറഞ്ഞ ഇതിഹാസചിത്രകാരന്‍ യൂസുഫ് അറക്കല്‍. അദ്ദേഹം അവസാനമായി വരച്ച ‘എ ട്രിബ്യൂട്ട് ടു ലെജന്‍ഡ്സ്’ എന്ന ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട്ട് ലളിതകല അക്കാദമി ആര്‍ട്ട്ഗാലറിയില്‍ സംഘടിപ്പിച്ചപ്പോള്‍ ഉദ്ഘാടനം ചെയ്തത് സഹധര്‍മിണി സാറ അറക്കല്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് വിടപറഞ്ഞ യൂസുഫ് അറക്കലിന്‍െറ ഓര്‍മകള്‍ അവര്‍ പങ്കുവെക്കുന്നു. ഇന്ത്യന്‍ ചിത്രകലാ പാരമ്പര്യത്തെ ലോകത്തിന്‍െറ നെറുകെയില്‍ എത്തിച്ച യൂസുഫ് അറക്കലെന്ന ചിത്രകാരന് നോവിന്‍െറയും കണ്ണീരിന്‍െറയും ഒരു ഭൂതകാലമുണ്ടായിരുന്നു. ബംഗളൂരുവിലെ തെരുവുകളില്‍ ഒരു നേരത്തെ അന്നത്തിനായും തലചായ്ച്ചുറങ്ങാന്‍ ഇടംതേടിയും അലഞ്ഞ നാളുകളുണ്ടായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ സ്വന്തം ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഏടുകള്‍തന്നെയായിരുന്നു ആ മഹാനായ ചിത്രകാരന്‍െറ ഓരോ വരകളിലും തെളിഞ്ഞുനിന്നത്. തൃശൂര്‍ ചാവക്കാട്ടെ അറക്കല്‍ രാജകുടുംബത്തില്‍ പിറന്ന യൂസുഫ് ബന്ധുവും മറ്റൊരു രാജകുടുംബാംഗവുമായ തലക്കര മുഹമ്മദിന്‍െറ മകള്‍ സാറയെ ജീവിത പങ്കാളിയാക്കുമ്പോള്‍ യൂസുഫിന് വയസ്സ് 26, സാറക്ക് 16ഉം. ഏറെക്കഴിയാതെ ഇരുവരും ബംഗളൂരുവിലേക്ക് കുടിയേറി. ഏറെക്കാലം പട്ടിണിയായി ഉറങ്ങാനും നൊമ്പരത്തിന്‍ മിഴിനീര്‍ കുടിക്കാനുമായിരുന്നു ഇരുവരുടെയും വിധി. ചെറുപ്പംതൊട്ടേ കലയോട് അടങ്ങാത്ത അഭിനിവേശമുള്ള യൂസുഫ് തനിക്ക് എച്ച്.എ.എല്‍ കമ്പനിയില്‍ ലഭിച്ച സര്‍ക്കാര്‍ ജോലി വരെ ഉപേക്ഷിച്ച് മുഴുസമയവും കലക്കുവേണ്ടി സമര്‍പ്പിക്കാനൊരുങ്ങി.

ജീവിതമെന്തെന്നറിയുകയായിരുന്നു സാറയപ്പോള്‍. കലയോടുള്ള ആത്മാര്‍ഥത കൊണ്ട് അടുപ്പുപുകയില്ലല്ലോ എന്നു ചിന്തിക്കുന്ന പ്രായോഗികമതിയായ വീട്ടമ്മയായിരുന്നു അന്ന് സാറ. കൂടാതെ നഗരത്തിന്‍െറ തിരക്കുകളില്‍ പെട്ടെന്നകപ്പെട്ട ഗ്രാമീണ പെണ്‍കൊടിയുടെ നിഷ്കളങ്കതയും. ജീവിതത്തെക്കാള്‍ വലുതാണോ കല എന്നു ചിന്തിക്കുന്ന ഭാര്യക്ക് കലയെക്കാള്‍ വലുതല്ല മറ്റൊന്നും എന്നു ചിന്തിക്കുന്ന ഭര്‍ത്താവ്, അതായിരുന്നു സാറയും യൂസുഫും.

ഭര്‍ത്താവിന്‍െറ കരിയറിന്‍െറ തുടക്കത്തില്‍ തന്‍െറ ഈ ഉത്തരവാദിത്തബോധവും നിഷ്കളങ്കതയും ജീവിതത്തെക്കുറിച്ചുള്ള ആശങ്കയും മൂലം എടുത്തുചാടി അബദ്ധമായിപ്പോയ അവസരങ്ങള്‍ സാറയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. യൂസുഫിന് ആദ്യമായി ഒരു ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴായിരുന്നു ആദ്യസംഭവം. അവാര്‍ഡ് വിവരമറിയിക്കുന്ന കത്ത് സഹധര്‍മിണിയെക്കാണിക്കാന്‍ ഓടിയെത്തിയ ആ ചിത്രകാരനോട് ‘അവാര്‍ഡോ, അതെന്താ? ഞാന്‍ കരുതി ശമ്പളമാണെന്ന്’ എന്ന് വളരെ ലാഘവത്തോടെ മൊഴിഞ്ഞ, അവാര്‍ഡിനെക്കുറിച്ച് ഒന്നുമറിയാത്ത സാറയെന്ന ആ ചാവക്കാടന്‍ പെണ്‍കുട്ടിയില്‍നിന്ന് സാറ അറക്കലെന്ന അറിയപ്പെടുന്ന ചിത്രപ്രദര്‍ശന സംഘാടകയാക്കിയത് കല തന്നെയാണ്, ഒപ്പം കലയെ ഒരു സപര്യയായി ആരാധിച്ച കലാകാരനും.

ചിത്രംവരയുടെ തുടക്കനാളുകളില്‍ ബംഗളൂരുവിലെ ഒരു ഗാലറിയില്‍ ഒരുക്കിയ യൂസുഫ് അറക്കലിന്‍െറ ചിത്രപ്രദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകര്‍ സാറയോട് പ്രദര്‍ശനത്തെക്കുറിച്ച് അഭിപ്രായമാരാഞ്ഞു. ചിത്രങ്ങളെക്കുറിച്ചല്ല അവര്‍ക്കു പറയാനുണ്ടായിരുന്നത്, പ്രദര്‍ശനത്തിനിടെ കിട്ടുന്ന കാപ്പിയെയും പലഹാരത്തെയും കുറിച്ചായിരുന്നു. ‘നല്ല രുചിയുള്ള കാപ്പിയും പലഹാരവും കിട്ടുന്നു, അതുകൊണ്ട് എന്നും പ്രദര്‍ശനത്തിനുവരാന്‍ എനിക്കിഷ്ടമാണ്’ എന്ന മറുപടി നിഷ്കളങ്കമായ വാക്കുകള്‍ അന്നത്തെ ജീവിതാവസ്ഥയിലേക്കുള്ള വെളിച്ചം വീശല്‍കൂടിയായിരുന്നു.

പിറ്റേന്ന് അവരുടെ പ്രതികരണം ചേര്‍ത്ത് വാര്‍ത്ത അച്ചടിച്ചതുകണ്ട് തകര്‍ന്നുപോയ ഭര്‍ത്താവിനോട് സാറ പറഞ്ഞതും അതുതന്നെയായിരുന്നു. ‘അവര്‍ എന്നോട് പ്രദര്‍ശനത്തെക്കുറിച്ച് ചോദിച്ചു, ഞാന്‍ എന്‍െറ അഭിപ്രായം സത്യസന്ധമായി പറഞ്ഞു’. കലയില്‍നിന്ന് വിശപ്പുമാറ്റാനുള്ളത് കിട്ടുമോ എന്നു ചോദിച്ച സാറ പിന്നീട് ലോകം അറിയപ്പെടുന്ന ശില്‍പിയും ചിത്രകാരനുമായി യൂസുഫ് മാറുന്നതിന് ഏറെ പിന്തുണയും പ്രചോദനവുമായി കൂടെനിന്ന നല്ലപാതിയായി എന്നത് ചരിത്രത്തിന്‍െറ മനോഹരമായ ട്വിസ്റ്റ്.വളരെ കുറച്ചുസമയം മാത്രമേ അദ്ദേഹത്തിന് ഓരോ ചിത്രവും വരക്കാന്‍ ആവശ്യമുള്ളൂ. എന്നാല്‍, ഏറെ അഴകും മിഴിവുമുള്ളതായിരിക്കും ആ ചിത്രങ്ങള്‍.

അങ്ങേയറ്റം അര്‍പ്പണബോധത്തോടെ വരക്കുന്ന ഓരോ ചിത്രവും ഏറെ കൃത്യവും ശുദ്ധവുമായിരിക്കുമെന്ന് സാറ പറയുന്നു. താനേറെ ആരാധിക്കുന്ന വിശ്വോത്തര ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ മുതല്‍ ഇന്ത്യന്‍ ചിത്രകലയുടെയും ശില്‍പകലയുടെയും എക്കാലത്തെയും ജ്വലിക്കുന്ന ദീപങ്ങളായ 135 കലാകാരന്മാര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ‘എ ട്രിബ്യൂട്ട് ടു ലെജന്‍ഡ്സ്’ എന്ന പേരില്‍ യൂസുഫ് വരച്ച ചിത്രങ്ങളാണ് അദ്ദേഹത്തിന്‍െറ അവസാന വര്‍ക്ക്. 2014 മുതല്‍ ഒരു വര്‍ഷമെടുത്തു, ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍. ഈ കാലയളവിലൊന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തുപോവുക പോലും ചെയ്തിട്ടില്ല അദ്ദേഹം. ഭര്‍ത്താവിന്‍െറ കലയോടുള്ള അര്‍പ്പണബോധം തന്നെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ടെന്ന് സാറ പറയുന്നു.

യൂസുഫ് ഒരു സ്വപ്രയത്നത്താല്‍ വിജയിയായ വ്യക്തിയാണെന്നു വിശേഷിപ്പിക്കാനാണ് ഇവര്‍ക്കിഷ്ടം. ‘‘അദ്ദേഹം ഒരു സെല്‍ഫ് മേഡ് പേഴ്സനാലിറ്റി മാത്രമല്ല, ഞാന്‍ ഇന്ന് ആരാണോ, എന്‍െറ വ്യക്തിത്വമെന്താണോ അതാക്കി മാറ്റിയതും യൂസുഫാണ്. ഒരു വീട്ടമ്മയായി ഒതുങ്ങേണ്ടിയിരുന്ന എന്നെ അദ്ദേഹം നിഴലുപോലെ ഒപ്പം ചേര്‍ത്തുപിടിച്ചു’’ -സാറയുടെ വാക്കുകള്‍. ചിത്രങ്ങളുമായി ലോകം മുഴുവന്‍ യൂസുഫ് കറങ്ങിയപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്നു സാറ. ഒരുപാട് കലാകാരന്മാരെ ആ യാത്രകളില്‍ അടുത്തറിയാനായി.

ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് ചിത്രകലയുടെ അറക്കല്‍ സുല്‍ത്താന്‍ യാത്രയായത്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ‘ജീസസ് ക്രൈസ്റ്റ് സീരിസ്’ വത്തിക്കാന്‍ സിറ്റിയില്‍ പ്രദര്‍ശിപ്പിക്കുക എന്നതായിരുന്നു ഇതിലൊന്ന്. അതിനുവേണ്ടി ഏറെ പരിശ്രമിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. കൂടാതെ മറ്റൊരു മാസ്റ്റര്‍പീസായ ‘ന്യൂഡ് സീരിസ്’ പുസ്തക രൂപത്തിലാക്കണം. ഇതിഹാസ കലാകാരന്മാര്‍ക്ക് ശ്രദ്ധാഞ്ജലിയൊരുക്കിയ അവസാനത്തെ ചിത്രങ്ങള്‍ ഇന്ത്യയിലൊന്നാകെ പ്രദര്‍ശിപ്പിക്കണം. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിയോഗശേഷം ആദ്യമായി കൊച്ചിയിലാണ് പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ കലാകാരന്മാരുടെ സ്വന്തം നഗരമായ കോഴിക്കോട്ടും. ഇനി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളിലും പോവണം. ഇങ്ങനെ ഒരുപാടൊരുപാട് ചെയ്തുതീര്‍ക്കാനുണ്ട്. ‘ഗാലറി സാറ അറക്കല്‍’ എന്ന പേരില്‍ ബംഗളൂരുവില്‍ നടത്തുന്ന ആര്‍ട്ട് ഗാലറിയിലൂടെ പാതിയില്‍ മുറിഞ്ഞുപോയ പ്രിയതമന്‍െറ സ്വപ്നങ്ങളെ ഓരോന്നായി വരച്ചു ചേര്‍ക്കാനൊരുങ്ങുകയാണ് സാറ.

Tags:    
News Summary - sara arakkal wife of artist yusuf arakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.