കോട്ടയം: ''ഇടക്ക് കാട്ടിലൊന്നുപോയില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും''- ഷിബി മോസസിന്റെ വാക്കുകളിലുണ്ട് പ്രകൃതിയോടുള്ള ഇഷ്ടം. ആ ഇഷ്ടമാണ് അറുപതാംവയസ്സിലും ഷിബി മോസസിനെ കാട്ടിലും കായലിലും പക്ഷികളെയും ചിത്രശലഭങ്ങളെയും തേടിയിറങ്ങാൻ പ്രേരിപ്പിക്കുന്നത്.
സ്കൂളിൽ പഠിക്കുമ്പോഴേ മരം നോക്കി നടപ്പായിരുന്നു മുഖ്യവിനോദം. വീട്ടിൽ മുതിർന്നവർ വർത്തമാനം പറഞ്ഞിരിക്കുന്ന സമയത്ത് മെല്ലെ പറമ്പിലേക്കിറങ്ങും. പുതിയ പക്ഷികളെ കണ്ടാൽ പബ്ലിക് ലൈബ്രറിയിൽ പോയി ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്തകം എടുത്ത് ഏതു പക്ഷിയാണെന്ന് കണ്ടെത്തും. അന്നത്തെ പക്ഷിനിരീക്ഷണം വീട്ടിൽ തന്നെയായിരുന്നു. 2006ൽ കോട്ടയം നേച്വർ സൊസൈറ്റിയുടെ ഭാഗമായതോടെയാണ് പക്ഷിനിരീക്ഷണത്തിന് ഇറങ്ങിത്തിരിക്കാൻ കഴിഞ്ഞത്. നിരവധി പക്ഷി-ചിത്ര ശലഭ സർവേകളിൽ പങ്കെടുത്തു. കാടുകളിലും തണ്ണീർത്തടങ്ങളിലും സഞ്ചരിച്ചു.
അഞ്ചുവർഷം കെ.ടി.ഡി.സിയുടെ കുമരകം പക്ഷിസങ്കേതത്തിൽ ഇന്റർപ്രിട്ടേഷൻ ഓഫിസറായിരുന്നു. തുടർന്ന് രണ്ടുവർഷം മാംഗോ മെഡോസിൽ നാച്വറലിസ്റ്റ് ആയി ജോലി ചെയ്തു. കുട്ടികൾക്ക് പക്ഷികളെ പരിചയപ്പെടുത്തുന്ന 'ദൈവത്തിന്റെ സ്വന്തം പക്ഷികൾ' എന്ന പുസ്തകവുമെഴുതി. പക്ഷിസർവേ എന്നത് നിസ്സാരകാര്യമല്ലെന്ന് ഷിബി മോസസ് ഓർമിപ്പിക്കുന്നു. പ്രകൃതിയിലെ മാറ്റങ്ങളും മണ്ണ്, ജല മലിനീകരണവും പക്ഷി നിരീക്ഷണത്തിലൂടെ അറിയാനാവും. കാലാവസ്ഥ മാറ്റങ്ങളെത്തുടർന്ന് ഇത്തവണ ദേശാടനപ്പക്ഷികൾ വൈകിയാണ് എത്തിയത്. നീർപക്ഷികളുടെ എണ്ണം കുറഞ്ഞാൽ ജലമലിനീകരണം കൂടിയതായും മനസ്സിലാക്കാം.
ഓരോ പക്ഷിയെയും നിരീക്ഷിച്ചാൽ കൗതുകകരമായ പലകാര്യങ്ങളും അറിയാനാവും. പ്രാദേശിക ദേശാടനപ്പക്ഷികളുടെ പ്രത്യേകത ഇന്ന് ഒരിടത്ത് കണ്ടാൽ അടുത്തയാഴ്ച അടുത്ത സ്ഥലത്താകും എന്നതാണ്. ഭക്ഷണം തേടിയാണ് ഈ സഞ്ചാരം. ദേശാടനപ്പക്ഷികൾ ഒരിക്കലും ഇവിടെ കൂടുകെട്ടാറില്ല. അപൂർവമായി ചൂളക്കാക്ക പോലുള്ളവ മാത്രം കൂടുകെട്ടും.
കുമരകം പക്ഷിസങ്കേതത്തിൽ ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെ ചെന്നാൽ മാത്രമേ ഏതുസമയത്തും പക്ഷികളെ കാണാനാവൂ. അല്ലാത്തപ്പോൾ വൈകുന്നേരങ്ങളിലാണ് പക്ഷികളെത്തുക. നീർക്കാക്ക, കുളകൊക്ക്, പരുന്തുവർഗങ്ങൾ, വർണക്കൊക്ക്, കഷണ്ടിക്കൊക്ക്, പെലിക്കൻ തുടങ്ങി നിരവധി ഇനങ്ങളാണ് കുമരകത്തുള്ളത്. ''പക്ഷിനിരീക്ഷണം ഏറെ രസകരമാണ്. പണച്ചെലവില്ലാതെ സന്തോഷം കിട്ടാനുള്ള വഴി. നടക്കാൻ ആരോഗ്യമുള്ളത്രയും കാലം പോകണം എന്നാണ് ആഗ്രഹം''- ഷിബി മോസസ് പറയുന്നു. ഭർത്താവ് പുതുപ്പള്ളി ചക്കാലയിൽ കുമരംപറമ്പിൽ മോസസും മകൻ എൽവിസും ഷിബിയുടെ സ്വപ്നങ്ങൾക്ക് ചിറകായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.