‘ഡോക്ടർ, നിങ്ങൾ ഇതുവരെ ഏത് മാളത്തിലാണ് ഒളിച്ചിരുന്നത്’. 2005ലെ കർണാടക രാജ്യോത്സവ അവാർഡ് തുംകൂർ തുരുവക്കരെയിലെ രഹാന ബീഗം എന്ന 48കാരിക്ക് സമ്മാനിക്കുമ്പോൾ മുഖ്യമന്ത്രി ധരംസിങ് ചോദിച്ചതാണിത്. മാളത്തിൽ നിന്ന്പുറത്തിറങ്ങിയ വിഷ സർപ്പങ്ങളുടെ കടിയേറ്റ് മരണം മുന്നിൽകണ്ട 16,328 പേരെ അന്നുവരെ ജീവിതത്തിലേക്ക് തിരിച്ചു നടത്തിയ അവർ മറുപടി ചിരിയിലൊതുക്കി. ശരീരത്തിലെ വിഷമിറങ്ങി വീട്ടിലേക്ക് മടങ്ങിയവരുടെ ആശ്വാസച്ചിരിയുടെ മുഴുവൻ സൗന്ദര്യവും അതിനുണ്ടായിരുന്നു. 2017ലെത്തിയപ്പോൾ തുരുവക്കരെയിൽ വിഷവുമായെത്തി ജീവനുമായി തിരിച്ചു പോയവരുടെ എണ്ണം 25,000 കവിയും. ഹയർ സെക്കൻഡറി വിദ്യാഭ്യാസം മാത്രമുള്ള അവിടത്തെ ‘ഡോക്ടറുമ്മ’യെ കാണാൻ ആർക്കും ടോക്കണെടുക്കേണ്ട. പണമില്ലാത്തതിന്‍റെയോ ഡ്യൂട്ടി സമയം കഴിഞ്ഞതിന്‍റെയോ പേരിൽ ആർക്കും ചികിത്സ നിഷേധിക്കില്ല. ഏത് പാതിരാത്രിയും അവിടെ മരുന്നും ആശ്വാസവും സൗജന്യമാണ്. അത്യാവശ്യക്കാർക്ക് ഭക്ഷണവുമുണ്ട്.
ഉമ്മയുടെ സമ്മാനം
1957 ഏപ്രിൽ നാലാം തീയതി ഷിവമോഗയിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥനായിരുന്ന മിർസ സനാഉല്ലയുടെയും സുലൈഖ ബീഗത്തിന്‍റെയും മൂത്ത മകളായി പിറന്നുവീഴുമ്പോൾ ആ കുഞ്ഞിന്‍റെ കൈകൾ ഒരുപാടു പേർക്ക് പുതുജീവൻ നൽകുമെന്ന് ആരും കരുതിയതല്ല. ഹയർ സെക്കൻഡറി പഠന കാലത്തുതന്നെ തുരുവക്കരെയിലെ സൈക്കിൾ ബിസിനസുകാരൻ അബ്ദുൽ റഉൗഫ് ഖാന്‍റെ മൂത്ത മകൻ ഫയാസ് അഹ്മദ് ഖാന്‍റെ ജീവിത സഖിയായി പറഞ്ഞയക്കുമ്പോൾ മാതാവ് കൂടെ കൊണ്ടുപോകാൻ അവൾക്ക് നൽകിയത് നാല് തലമുറയായി തനിക്ക്കൈമാറിക്കിട്ടിയ ഒരദ്ഭുത സിദ്ധിയാണ്. വിഷബാധയേറ്റവരെ അതിൽനിന്ന് മുക്തരാക്കുന്ന വിദ്യ. ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. എന്തൊക്കെ പ്രലോഭനമുണ്ടായാലും ഭർത്താവിനും മക്കൾക്കും സഹോദരങ്ങൾക്കുമല്ലാതെ ആർക്കും ഇൗ രഹസ്യം കൈമാറരുത്. രഹാന പറഞ്ഞുകൊടുക്കും വരെ അവരാരും ആ വിദ്യ സ്വന്തമാക്കാൻ ശ്രമിച്ചിട്ടുമില്ല. വിവാഹദിവസം വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ 17കാരിക്ക്ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളൂ. പാതിവഴിയിൽ തന്‍റെ പഠനം മുടങ്ങിയതിൽ. എന്നാൽ, മനസ്സിൽ ഒരു ദൃഢ നിശ്ചയവുമായാണ് ഭർത്താവിന്‍റെ കൈ പിടിച്ചിറങ്ങിയത്. തന്‍റെ മക്കളെ വേണ്ടുവോളം പഠിപ്പിച്ചേ വിവാഹം ചെയ്തയക്കൂ. മൈസൂരു സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയ ഫയാസ് അഹ്മദ്ഖാനും ആ വാശിയെ പൂർണമായി പിന്തുണച്ചു. മൂന്ന്പെൺകുട്ടികളും ഒരാൺകുട്ടിയും പിറന്നപ്പോൾ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം നൽകി അവർ ആ തീരുമാനം വിജയകരമാക്കി.
വിഷം ഇറക്കുന്ന പെൺകുട്ടി
എന്നന്നേക്കുമായി അടയാനൊരുങ്ങിയ കണ്ണുകളുമായി 40 വർഷം മുമ്പ് നാട്ടുകാരൻ കൂടിയായ നഞ്ചുണ്ടപ്പ വൈ.ടി റോഡിലെ രഹാന ബീഗത്തിന്‍റെ വീട്ടിലെത്തി. ജോലിസ്ഥലത്തു നിന്ന് പാമ്പുകടിയേറ്റ അദ്ദേഹത്തിനും കുടുംബത്തിനും ആധുനിക വൈദ്യശാസ്ത്രത്തേക്കൾ വിശ്വാസം രഹാനക്ക് തലമുറകളായി കിട്ടിയ മരുന്നിലായിരുന്നു. ഉടൻ മുറിക്കകത്തു കയറിയ 20 വയസ്സുകാരി മിനിറ്റുകൾക്കകം കറുത്ത നിറത്തിലുള്ള ‘കാജൽ’ എന്നും ‘കപ്പു’ എന്നും പേരുള്ള അദ്ഭുത മരുന്നുമായി തിരിച്ചെത്തി നഞ്ചുണ്ടപ്പയുടെ കണ്ണുകളിൽ പുരട്ടി. അൽപ സമയത്തിന് ശേഷം കണ്ണീരിലൂടെ വിഷമൂർന്നിറങ്ങി കഴിഞ്ഞപ്പോൾ അയാൾ ആദ്യം മുന്നിൽ കണ്ടത് ജീവിതം തിരിച്ചു നൽകിയ ഒരു മാലാഖയെയാണ്.
ഇതോടെ വിഷം ഇറക്കുന്ന പെൺകുട്ടിയെ കുറിച്ചുള്ള കഥ നാടറിഞ്ഞു. പിന്നെ വീട്ടിലേക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാമ്പു കടിയേറ്റവരുടെ ഒഴുക്കായി. സ്വന്തം വീട്ടിൽ പോയി മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കാനോ കുടുംബത്തോടൊപ്പം പുറത്തിറങ്ങാനോ പറ്റാത്ത സ്ഥിതി. എന്നാൽ, ഒരു പരിഭവവുമില്ലാതെ അവർ തന്‍റെ ദൗത്യവുമായി മുന്നോട്ടു പോയി. അന്യ പുരുഷന്മാരെ തൊട്ടുള്ള ചികിത്സയെ ചോദ്യംചെയ്ത് ചിലർ രംഗത്തു വന്നപ്പോൾ ആ പെൺകുട്ടി പതറിയില്ല. എല്ലാറ്റിനും പിന്തുണയും ധൈര്യവും നൽകി ഭർത്താവ് കൂടെനിന്നു. ഒരു ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലിയ പുണ്യമില്ലെന്ന് അവരിരുവരും വിശ്വസിച്ചു. ദൈവം സമ്മാനിച്ച സിദ്ധി അവന്‍റെ സൃഷ്ടികളുടെ ജീവനു വേണ്ടി ഒരു രൂപയും പ്രതിഫലം വാങ്ങാതെയാവണമെന്നും അവർക്ക് നിർബന്ധമുണ്ടായിരുന്നു. ജീവൻ തിരിച്ചു കിട്ടിയ ആഹ്ലാദത്തിൽ പലരും നീട്ടിയ പണം വിനയത്തോടെ നിരസിക്കാൻ അവർ ഒരുമടിയും കാണിച്ചിട്ടുമില്ല.
‘കാജൽ’ കൊണ്ടൊരു സ്നേഹസ്പർശം
ആധുനിക വൈദ്യശാസ്ത്രം തോൽക്കുന്നിടത്ത് രഹാനയുടെ സ്നേഹസ്പർശം വിജയിക്കുന്നത് കണ്ട ഡോക്ടർമാരും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുമെല്ലാം വിഷവുമായെത്തിയവരെ തുരുവക്കരെ വി.ടി റോഡിലെ നവാസ് മൻസിലിലേക്ക് റഫർ ചെയ്തു. പാമ്പിന്‍റെ വിഷമിറക്കാൻ രഹാനക്ക്കടിയേറ്റ ഭാഗം ചെത്തിയെടുക്കുകയോ ഞെക്കിപ്പിഴിയുകയോ മരവിപ്പിക്കുകയോ വേണ്ടി വരുന്നില്ല. എല്ലാറ്റിനുമുള്ള മറുമരുന്നാണ് ‘കാജൽ’. ചികിത്സ തേടിയെത്തുന്നവരുടെ പൾസ് ആദ്യം നോക്കുകയും കടിയേറ്റ പാടുനോക്കി ഏത്പാമ്പാണ് കടിച്ചതെന്ന് മനസ്സിലാക്കുകയും ചെയ്യും. വിശുദ്ധ ഖുർആനിലെ വചനങ്ങൾ ഉരുവിട്ട് തുടങ്ങുന്ന ചികിത്സക്ക് അഞ്ച് മിനിറ്റേ വേണ്ടൂ. 15-30 മിനിറ്റിനകം ഫലം കണ്ടുതുടങ്ങും. കണ്ണിൽ പുരട്ടിയ മരുന്നിന്‍റെ ശക്തിയിൽ കണ്ണീരിനൊപ്പം വിഷവും ഉൗർന്നിറങ്ങും. കുറച്ചു സമയത്തെ വിശ്രമത്തിനു ശേഷം വീട്ടിലേക്ക് മടങ്ങാം -വാഹനത്തിലല്ല, നടന്നുതന്നെ.
ചികിത്സതേടി വിളിക്കുന്നവരോട് രണ്ട് നിബന്ധനകളേയുള്ളൂ. കടിയേറ്റ് മൂന്ന് മണിക്കൂറിനകം എത്തിക്കണം, വെള്ളം കുടിക്കരുത്. ഇവ പാലിച്ചാൽ രഹാന മറ്റൊരു ഡോക്ടർക്കും നൽകാനാവാത്ത ഒരുറപ്പ്നൽകും, ‘ജീവനുമായി തിരിച്ചുപോകാം’. നാലു പതിറ്റാണ്ട് നീണ്ട ചികിത്സക്കിടെ നിബന്ധന പാലിക്കാനാവാതിരുന്ന മൂന്നുപേർ ഇവരുടെയടുത്തു നിന്ന് ശ്വാസമില്ലാതെ പോയിട്ടുള്ളൂ. വായിൽ നിന്ന് നുരവരുന്ന അവസ്ഥയിലെത്തിയവരും ശരീരം മുഴുവൻ വീർത്തവരുമെല്ലാം പൂർണ ആരോഗ്യത്തോടെ തിരിച്ചുപോയിട്ടുണ്ട്. ദൂരെനിന്നെത്തുന്നവർക്ക് ചികിത്സ മാത്രമല്ല, ചായയും ഭക്ഷണവും അത്യാവശ്യക്കാർക്ക് തിരിച്ചു പോകാനുള്ള വണ്ടിക്കൂലിയും നൽകിയാണ് മടക്കിയയക്കാറ്. ചികിത്സക്കെത്തിയ എല്ലാവരുടെയും പേരും വയസ്സും ബന്ധപ്പെടാനുള്ള നമ്പറുമെല്ലാം പ്രത്യേക രജിസ്റ്ററിലാക്കി സൂക്ഷിക്കുന്നുമുണ്ട്. ചികിത്സാരീതി ഭർത്താവിനും നാല്മക്കൾക്കും സഹോദരനും പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിലും നാട്ടുകാരുടെ പ്രിയ ‘ഡോക്ടർ’ രഹാന തന്നെ. അവരുടെ അഭാവത്തിൽ മാത്രമാണ് ഭർത്താവിന് അവസരം.
പണം വേണ്ട, പ്രാർഥന മതി
വിഷമിറക്കുന്ന വിദ്യയുപയോഗിച്ച് പണമുണ്ടാക്കാൻ കുടുംബത്തോട് ഉപദേശിച്ചവർക്ക് കണക്കില്ല. മരുന്നിലെ രഹസ്യക്കൂട്ടറിയാൻ ലക്ഷങ്ങളും കോടികളും വാഗ്ദാനം ചെയ്തവരും ഏറെ. എന്നാൽ, അഞ്ചു തലമുറകളായി പകർന്നുകിട്ടിയ ഇൗ സിദ്ധി 60ാം വയസ്സിലെത്തിയിട്ടും കച്ചവടവത്കരിക്കാൻ രഹാന ഒരുക്കമല്ല. കോടികളല്ല, ആയുസ്സ് നീട്ടി നൽകിയതിന് ഒാരോരുത്തരും മനമുരുകി അർപ്പിച്ച പ്രാർഥനകളും നന്ദിവാക്കുകളുമാണ് തന്നെ നയിക്കുന്നതെന്നാണ് ഇവരുടെ പക്ഷം. മരുന്നിന്‍റെ രഹസ്യം പുറത്തുള്ളവർക്ക് കൈമാറിയാൽ അത്തന്‍റെ മുൻഗാമികളോടുള്ള വഞ്ചനയാകും. കുടുംബ പാരമ്പര്യം വിൽപനക്കുള്ളതല്ലെന്നും ഇവർ ഉണർത്തുന്നു.
2005ലെ രാജ്യോത്സവ അവാർഡിന് പുറമെ 2014ൽ കർണാടകയിലെ അഭിമാന പുരസ്കാരങ്ങളിലൊന്നായ കിട്ടൂർ റാണി ചെന്നമ്മ അവാർഡ് മുഖ്യമന്ത്രി സിദ്ധരാമയ്യയിൽ നിന്ന് ഏറ്റുവാങ്ങിയപ്പോഴും 2017ൽ ദക്ഷിണേന്ത്യയിലെ എൻ.ജി.ഒകളുടെ സമ്മേളനത്തിൽ സോഷ്യൽ ഹീറോ അവാർഡ്നൽകി ആദരിക്കപ്പെട്ടപ്പോഴുമെല്ലാം രഹാന ഇൗ പുരസ്കാരങ്ങൾ സമർപ്പിച്ചത് ദൈവത്തിനും തന്‍റെ മുൻഗാമികൾക്കുമാണ്. എന്നാൽ, മുൻഗാമികൾക്കൊന്നും നേടാൻ കഴിയാത്ത പേരും പെരുമയും തനിക്ക്കിട്ടിയപ്പോൾ തോന്നിയത് അഭിമാനം മാത്രമാണ്. പിന്നെ കുടുംബത്തിന്‍റെ പേര് കളഞ്ഞില്ലല്ലോ എന്ന സമാധാനവും. തന്‍റെ കാലശേഷം ഇത് നാട്ടുകാർക്ക് അന്യമാവരുതെന്ന നിർബന്ധമുള്ളതിനാലാണ് ഭർത്താവിലേക്കും മക്കളിലേക്കും മരുന്നിന്‍റെ കൂട്ട് പകർന്നത്. എന്നാൽ, താൻ മാതാവിന് നൽകിയ ഉറപ്പ് അവരിൽനിന്ന് വാങ്ങാനും രഹാന മറന്നില്ല.
പുഞ്ചിരിയോടെ മടങ്ങാം
പാരമ്പര്യമായി ലഭിച്ച അറിവിന് കരുത്തേറെയുണ്ടെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് രഹാന ബീഗം. കുടുംബം കൂട്ടിനുണ്ടെങ്കിൽ ഒരു നാടിന് വെളിച്ചമാകാൻ എളുപ്പമാണെന്നും ഇവർ ബോധ്യപ്പെടുത്തുന്നു. പകൽ ലൈറ്റിട്ട് നിലക്കാത്ത ഹോണടിയുമായോ സൈറണിട്ടോ പോകുന്ന വാഹനങ്ങൾ തുരുവക്കരെക്കാർക്ക് പതിവു കാഴ്ചയാണ്. എന്നാൽ, ലൈറ്റണക്കാതെ രഹാനയുടെ വീട്ടിൽനിന്ന് ഒരു വാഹനവും തിരിച്ചു പോയിട്ടില്ല. വന്ന വേഗത്തിൽ അവക്കൊന്നും പോവേണ്ടിയും വന്നിട്ടില്ല. അലമുറയിട്ടു പോയവർ പുഞ്ചിരിയോടെ മടങ്ങുന്നത് മാത്രമേ അവിടത്തുകാർ കണ്ടിട്ടുള്ളൂ. നിറമനസ്സോടെ അവിടെ നിന്ന് തിരിക്കുന്ന ഒാരോരുത്തരും തങ്ങൾക്ക് ഐശ്വര്യം കൊണ്ടു വരുമെന്ന്അവർ എന്നും ഉറച്ചു വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.