നീലേശ്വരം: പ്രായത്തെ തോൽപിച്ച് 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി 78കാരി കായികമേളയിൽ മിന്നുന്ന ജയത്തോടെ വേഗ റാണിയായി. ട്രൗസറും ടീ ഷർട്ടുമിട്ട് കാലിൽ ഷൂവും ധരിച്ച് ഓടാൻ തയാറാകുന്ന ഈ വയോധികയുടെ കായികക്ഷമത പ്രായത്തേയും വെല്ലുന്നതാണ്. സ്റ്റാർട്ടിങ് ട്രാക് പോയന്റിൽ മുന്നോട്ടുകുതിക്കാൻ തയാറാകൽ ഏതൊരാളിലും ആശ്ചര്യമുളവാക്കുന്നതായിരുന്നു.
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയിൽ ജില്ലക്കുവേണ്ടി മത്സരിച്ച കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ മുക്കുഴിയിലെ ചോയിച്ചിയമ്മയാണ് (78) മേളയിലെ താരമായത്. തൊഴിലുറപ്പ് തൊഴിലാളിയായ ഈ വീട്ടമ്മ ഇത് നാലാം തവണയാണ് ജില്ലക്ക് വേണ്ടി മത്സരിച്ച് ഒന്നാം സ്ഥാനം നേടുന്നത്. നൂറ് മീറ്ററിന് പുറമെ മൂന്ന് കിലോമീറ്റർ നടത്തത്തിലും ജാവലിങ് ത്രോയിലും കൂടി മത്സരിക്കുന്നുണ്ട്.
നാലാം വർഷവും 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും സാമ്പത്തിക പ്രയാസംമൂലം ഇതുവരെയും ദേശീയ മാസ്റ്റേഴ്സ് മേളയിൽ പങ്കെടുത്തിട്ടില്ല. ഏതെങ്കിലും സന്നദ്ധ സംഘടനകൾ ഏറ്റെടുത്താൽ കേരളത്തിനുവേണ്ടി മത്സരിക്കാൻ തയാറാണെന്ന് ഇവർ പറഞ്ഞു. തൊഴിലുറപ്പ് പണിക്കിടയിൽ തന്റെ പ്രായത്തിൽ കുറവുള്ള സ്ത്രീകളെക്കാൾ കായികകരുത്ത് കാണിച്ചാണ് നാട്ടിൽ താരമായത്. 14 ജില്ലകളിൽനിന്നുള്ള മറ്റ് കായികതാരങ്ങളെ നിഷ് പ്രയാസം പിന്നിലാക്കിയ ചോയിച്ചിയമ്മയാണ് കായികമേളയിലെ ആദ്യദിവസത്തെ വേഗതാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.