പരീക്ഷണങ്ങളുടെ പരമ്പരകളാൽ വിധി നിർണയിക്കപ്പെട്ട പോരാളികൾ നമുക്ക് ചുറ്റും ധാരാളമുണ്ട്. എന്നാൽ, നിശബ്ദമായി തന്നെ വിട്ടുകൊടുക്കാൻ ഒരുക്കമല്ല എന്ന് ആവർത്തിച്ചു ജീവിച്ചു കാണിക്കുന്ന പെൺ പോരാളികൾ ചുരുക്കം മാത്രമാണ്. മലപ്പുറം സ്വദേശിനി റാഹിമയുടെ ജീവിതം നമുക്ക് മുന്നിൽ തുറന്നിടുന്നത് ഇച്ഛാശക്തിയുടെ കരുത്തുറ്റ പാഠഭാഗങ്ങളാണ്.
കോളജ് കാലഘട്ടത്തിൽ തുടങ്ങിയ പരീക്ഷണ ഗാഥകൾ; ഒരു വാഹന അപകടത്തോടെ ആയിരുന്നു തുടക്കം. പിന്നീട് കാൻസറിന്റെ കരവലയം, പിന്നാലെ ഗർഭം നൽകിയ കുഞ്ഞിന്റെ വിയോഗം, പ്രസവാനന്തരം രൂപംകൊണ്ട സ്കാർ എൻഡോമെട്രിയോസിസ് ശസ്ത്രക്രിയ, പാൻക്രിയാസ് ഗ്രന്ഥിയിലെ കല്ലിന്റെ സാന്നിധ്യം വീണ്ടും ശസ്ത്രക്രിയ ഇങ്ങനെ തുടർന്നു പോകുന്നു റാഹിമയുടെ മേൽവന്ന് പതിച്ച അമ്പുകളുടെ ആധിക്യം.
തന്റെ മാതാപിതാക്കളും ഭർത്താവ് ഷാബിനാസും കെട്ടിപ്പടുത്ത ആത്മവിശ്വാസത്തിന്റെയും കരുതലിന്റെയും ചവിട്ടുപടികൾ താണ്ടിയാണ് റാഹിമ ഉലകത്തിന്റെ ഉച്ചിയില് ഇന്ന് വെന്നിക്കൊടി പറത്തുന്നത്.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം ഗർഭധാരണം ചെയ്തത് റാഹിമയുടെ ചുറ്റിലുമുള്ളവരെ ഏറെ ചൊടിപ്പിച്ചു. ഇടക്ക് വിരുന്നുവന്ന അർബുദം കൂടി ആയപ്പോൾ അസുഖങ്ങളുടെ മുൾവേലിക്കെട്ടിനുള്ളിലും തന്നെ പൊതിഞ്ഞു നിൽക്കുന്ന സമൂഹത്തെ ചിരിച്ചു മാത്രം അഭിസംബോധന ചെയ്യേണ്ടി വന്നു.
വേദനയുടെ രാവുകളും പകലുകളും ആരോഗ്യമില്ലായ്മയുടെ ആവലാതികളാൽ തളക്കപ്പെട്ടു. ലുക്കീമിയ വരിഞ്ഞുമുറുകിയപ്പോഴും പേറ്റുനോവിനെ ഏറ്റുവാങ്ങാൻ കരുത്ത് കാണിച്ച റഹിമയോളം വരില്ല ഒരു താൻപോരിമയും. കുഞ്ഞിനെ പാലൂട്ടാൻ പോലും രോഗം റാഹിമയെ അനുവദിച്ചില്ല. ക്രമേണ കുഞ്ഞിന്റെ ആരോഗ്യവും ശോഷിക്കാൻ തുടങ്ങി. ഒരു നാൾ അപസ്മാരത്തിന്റെ അകമ്പടിയോടെ ആ കുഞ്ഞു ദൈവ സന്നിധിയിലേക്ക് മടങ്ങി.
ലുക്കീമിയയും കുഞ്ഞിന്റെ വേർപാടും! റാഹിമക്ക് മുന്നിൽ ശൂന്യത മാത്രമായിരുന്നു. വീണ്ടും അങ്ങിങ്ങായി മുഴകളും തടിപ്പുകളും ആശങ്കകൾ പതിന്മടങ്ങു ഇരട്ടിച്ചപ്പോഴും റാഹിമ വിധിയെ പഴിചാരിയില്ല. പകരം ഒരു ഫീനിക്സിനെ പോലെ ഉയർന്നു പറക്കാൻ തന്നെ തീരുമാനിച്ചു. പ്രിയപ്പെട്ടവർ കാണിച്ച ഇത്തിരി വെട്ടത്തിൽ ഇരുട്ട് നീക്കി റാഹിമ എഴുന്നേറ്റു തുടങ്ങി.
യു.എ.ഇയിലെ ഒരു സലൂണിൽ മാനേജറായും ഹെന്ന ആർട്ടിസ്റ്റായും രണ്ടുവർഷത്തോളം ഇവർ ജോലി ചെയ്തു. ഇടക്ക് സന്ദർശകരാകുന്ന അസുഖങ്ങളുടെ ബാക്കിപത്രങ്ങളെ ധീരതയോടെ കൈകാര്യം ചെയ്തു. തന്റെ കഥകൾ പങ്കുവെച്ച് റഹിമ ആരംഭിച്ച യൂട്യൂബ് ചാനലും ഇടക്കാലത്ത് ഏറെ ശ്രദ്ധ നേടി. ലോകത്തിന്റെ ചെവികളിൽ തന്റെ വീചികളിലെ സമരപ്രതിക്ഷകൾ ജ്വലിച്ചു നിന്നു.
വഴി നഷ്ടപ്പെട്ടവരിലെല്ലാം റാഹിമയുടെ വാക്കുകൾ പ്രതീക്ഷയുടെ തുരുത്തു പണിതു. സ്വന്തത്തെ വിട്ടുകൊടുക്കില്ലെന്ന സ്വയം പ്രതീക്ഷകൾ ഏവരിലും ആത്മവിശ്വാസത്തിന്റെ കൊടുമുടി തന്നെ തീർത്തു.
തളർത്താൻ ആണയിട്ടവർക്കൊക്കെയും മുൻപാകെ റാഹിമ അവജ്ഞയുടെ മതിൽക്കെട്ട് നിർമിച്ചു. അവരുടെ നിഴലും തുറിച്ചുനോട്ടവും തനിക്കുനേരെ വരാത്ത വിധം അവരെ അകറ്റി നിർത്തി. ഷാബിനസും റാഹിമയും പരസ്പര വിശ്വാസത്തിന്റെയും പരിശുദ്ധ പ്രണയത്തിന്റെയും ചിറകെട്ടി ഒരു മഹാസമുദ്രത്തിലൂടെ തുഴഞ്ഞു നീങ്ങുകയാണ്. അസുഖവും അസൂയയും കൊടുങ്കാറ്റും പേമാരിയുമായി പെയ്തിറങ്ങിയാലും ചോർന്നു പോകാത്ത ആത്മബന്ധത്തിന്റെ കഥ കൂടിയാണ് റാഹിമയുടെ ജീവിതം പറഞ്ഞുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.