പെണ്ണിനെ പെണ്ണായി അംഗീകരിക്കണം. ഒരിക്കലും 'പെണ്ണിനെപ്പോലെ ചങ്കൂറ്റമുള്ളവൻ' എന്ന പ്രയോഗം നമ്മൾ കേട്ടിട്ടില്ലല്ലോ? ആൺ മേൽക്കോയ്മയുള്ള ഒരു സംസ്കാരത്തിനുകീഴിൽ പെണ്ണിന് ഉയർന്നുവരാൻ പരിമിതികളുണ്ടെന്ന പൊതുധാരണ തിരുത്തിയെഴുതിയ നിരവധി പേർ നമുക്കു മുന്നിലുണ്ട്. അക്കൂട്ടത്തിൽ മുൻനിരയിലുള്ള പേരാണ് ഡോ. സീമ റാവുവിന്റേത്. ഇന്ത്യയിലെ ആദ്യ വനിത കമാൻഡോ പരിശീലക, ആദ്യ എന്നതിനുമപ്പുറം ഏക വനിത കമാൻഡോ പരിശീലക എന്നതാകും ശരി. ഒരുകാലത്ത് പുരുഷന്മാർക്കു മാത്രമെന്ന് തീറെഴുതിവെച്ച കമാൻഡോ പരിശീലകസ്ഥാനത്തേക്ക് എത്തുക സീമക്ക് എളുപ്പമായിരുന്നില്ല. ഇനി കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി മാറിയ 'വണ്ടർ വുമൺ' പറയട്ടെ.
''എല്ലാത്തിന്റെയും തുടക്കം അച്ഛനിൽനിന്നായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായിരുന്നു പിതാവ് പ്രഫ. രമാകാന്ത് സിനാരി. ചെറുത്തുനിൽപുകളുടെയും പോരാട്ടങ്ങളുടെയും നേർക്കഥകൾ കേട്ടുറങ്ങിയ ബാല്യം. സ്വാതന്ത്ര്യസമരകാലത്തെ വീരസാഹസിക കഥകൾ എന്നും പ്രചോദനമായി.
മെഡിസിന്, ക്രൈസിസ് മാനേജ്മെന്റില്‍ എം.ബി.എ എന്നിവ നേടിയിരുന്നു. മെഡിസിന് പഠിക്കുമ്പോഴായിരുന്നു ഡോ. ദീപക് റാവുവുമായി വിവാഹം. പിന്നീട്, ദീപക് റാവുവിന് കീഴിൽ മാർഷ്വൽ ആർട്സ് പരിശീലിച്ചു. ഒരു ഡോക്ടറാകേണ്ടിയിരുന്ന ഞാൻ ഒരിക്കൽപോലും ഒരു കമാൻഡോ പരിശീലകയാകുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാൽ, ഓരോ കമാൻഡോ ജീവിതങ്ങളും കഥകളും എന്നിൽ രോമാഞ്ചമുണ്ടാക്കുമായിരുന്നു. അതിനാൽ, ആദ്യ പടിയായി ആയോധനകലകളിലും മിലിട്ടറി മാർഷൽ ആർട്സ്, ഇസ്രായേലി ക്രാവ് മാഗ, എം.എം.എ എന്നിവയിലും പരിശീലനം നേടി.
കൂടാതെ, പാതയിൽ ഒന്നും തടസ്സമാകാതിരിക്കാൻ അതിസാഹസികമായ പല കോഴ്സുകളും ചെയ്തു. മൗണ്ടനീയറിങ് കോഴ്സ്, സ്കൂബ ഡൈവിങ്, ഫയർ ഫൈറ്റിങ്, ജംഗിൾ സർവൈവൽ കോഴ്സ് തുടങ്ങിയവ അതിൽ ഉൾപ്പെടും.
രണ്ടു പതിറ്റാണ്ടിലധികം നീണ്ട കമാൻഡോ പരിശീലകജീവിതത്തിൽ 20,000ത്തിലധികം സൈനികർക്ക് പരിശീലനം നൽകി. പൊലീസ്, സൈനികര്‍, പാരാ മിലിട്ടറി, കമാന്‍ഡോ എന്നിവരെല്ലാം ഉൾപ്പെടും. സൈന്യത്തിന്റെ സർവമേഖലകളിലും ആർമി സ്പെഷൽ ഫോഴ്സസ്, എൻ.എസ്.ജി ബ്ലാക്ക് കാറ്റ്സ്, ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോ ഫോഴ്സ്, നേവി മറൈൻ കമാൻഡോ തുടങ്ങിയവർക്കും പരിശീലനം നൽകി.
ഈ ജോലി തിരഞ്ഞെടുത്തപ്പോൾ പലരിൽനിന്നും എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ, അതിനെയെല്ലാം മറികടക്കാൻ കഴിഞ്ഞു. ഒരു സ്ത്രീയെന്ന നിലയിൽ മറികടക്കലുകൾ എളുപ്പമായിരുന്നില്ല. മാനസികമായും ശാരീരികമായും തയാറാകണം. പരിശീലനം നൽകുന്നതിനിടെ രണ്ടു വലിയ അപകടങ്ങൾ നേരിട്ടിരുന്നു. അതിനെ അതിജീവിക്കാൻ കഴിഞ്ഞു. കരിയർ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. അവിടെ ലിംഗഭേദത്തിന് യാതൊരു അഭിപ്രായവുമില്ല. ഇന്ന് നിരവധി സ്ത്രീകൾ അധികാരസ്ഥാനങ്ങളിലെത്തിയിരുന്നു. ധൈര്യത്തോടെ അഭിമാനത്തോടെ അവരുടെ ധൗത്യം പൂർത്തിയാകകുന്നു. ഒരു സ്ത്രീ തന്റെ കരിയർ മേഖലയിൽ മികവ് പുലർത്തുന്നതോ ഉയരങ്ങളിലെത്തുന്നതോ തടയാൻ ആർക്കുമാകില്ല. ഇപ്പോൾ കൂടുതൽ സ്ത്രീകളും പെൺകുട്ടികളും രാജ്യസേവനത്തിലും സൈന്യത്തിലും ചേരാൻ താൽപര്യപ്പെടുന്നുണ്ട്. സ്ത്രീകളുടെ കരിയർ കെട്ടിപ്പടുക്കുന്നതിൽ ഒരു സാധ്യതകൂടി ഇതിൽ തെളിഞ്ഞുവരുന്നുണ്ട്.''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.