കവിതയും കഥയുമായി അക്ഷരലോകത്ത് വിസ്മയം തീർത്ത് തസ്മിൻ ടീച്ചർ

കൊച്ചി: കവിതയും കഥയുമായി അക്ഷരലോകത്ത് സജീവ സാന്നിധ്യമാവുകയാണ് ഒരു മലയാളം അധ്യാപിക. പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപികയായ തസ്മിൻ ഷിഹാബാണ് കവിതയും ബാലസാഹിത്യവും അനുഭവക്കുറിപ്പുകളുമായി ഇതിനകം ഒമ്പത് പുസ്തകം രചിച്ചത്.

സർക്കാറിന്‍റേതുൾപ്പെടെ നിരവധി അംഗീകാരങ്ങളും ടീച്ചറെ തേടിയെത്തി. ജന്മംകൊണ്ട് തൃശൂർ ജില്ലയിലെ അഴീക്കോടു കാരിയാണെങ്കിലും മൂന്ന് പതിറ്റാണ്ടായി എറണാകുളത്താണ്. ആലങ്ങാട് കെ.ഇ.എം.എച്ച്.എസിലെ സ്കൂൾ പഠനത്തിനുശേഷം പ്രീഡിഗ്രി മുതൽ പി.ജി വരെ ആലുവ യു.സി കോളജിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം സെന്‍റ് ജോസഫ് ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബി.എഡും കാലടി സർവകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിൽ എം.ഫില്ലും കരസ്ഥമാക്കി.

അമ്മാവനും സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.പിയുമായിരുന്ന പരേതനായ വി.സി. അഹമ്മദുണ്ണിയുടെ സമ്പർക്കമാണ് പുസ്തകങ്ങളുടെ ലോകത്തേക്ക് നയിച്ചത്. സ്ട്രോക്ക് ബാധിച്ച് ശയ്യാവലംബിയായ അമ്മാവന് വിശ്വവിഖ്യാത സാഹിത്യകാരന്മാരുടേതുൾപ്പെടെയുള്ള പുസ്തകങ്ങൾ വായിച്ചു നൽകിയിരുന്ന ബാല്യകാലമായിരുന്നു ഇവരുടേത്.

കോളജ് പഠനകാലത്തോടെ എഴുത്തിലും കവിതയിലും സജീവ സാന്നിധ്യമായ തസ്മിന് ചെറുപ്രായത്തിൽതന്നെ അധ്യാപികയായി സർക്കാർ സർവിസിൽ ജോലിയും ലഭിച്ചു.2017ൽ പുറത്തിറക്കിയ ആദ്യ കവിതാസമാഹാരമായ 'തീവണ്ടി' ക്ക് ആശാൻ സ്മാരക അവാർഡ് ലഭിച്ചു.തല തെറിച്ചവളുടെ സുവിശേഷം, മക്കന തുടങ്ങിയ കവിതാസമാഹാരങ്ങളും അധ്യാപക ജീവിതത്തിലെ അനുഭവകഥകൾ കോർത്തിണക്കി 'ഉപ്പുമാവ്'എന്ന അനുഭവക്കുറിപ്പുകളും പുറത്തിറക്കി.

പരിസ്ഥിതിയും കുട്ടികളും തമ്മിലെ ബന്ധത്തെ ആസ്പദമാക്കി രചിച്ച 'സുമയ്യ' എന്ന ബാലസാഹിത്യ കൃതിക്ക് സഹോദരൻ അയ്യപ്പൻ അവാർഡും എം.എസ്. കുമാർ അവാർഡും തേടിയെത്തി. കുഴിയാനയുടെ ജീവിതകഥകൾ പറയുന്ന 'ഡൂഡിൽ ബഗ്'എന്ന കൃതിക്ക് ബാലസാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡും ലഭിച്ചു. പറവൂർ ചിറ്റാറ്റുകര സ്വദേശിയും പ്രവാസിയുമായ ഷിഹാബാണ് ഭർത്താവ്. പ്ലസ് ടു വിദ്യാർഥി മുഹമ്മദ് സൽമാനും എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിസ്വാനും മക്കളാണ്.

Tags:    
News Summary - Tasmin teacher has left awe in the literary world with poetry and stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.