ചേർത്തല: അകക്കണ്ണിന്റെ കാഴ്ചയിൽ വിദ്യാർഥികൾക്ക് ഒരംശം പോലും സംശയം ബാക്കിവെക്കാതെ ശ്രീരേഖ രാധാകൃഷ്ണനായ്ക് ക്ലാസ് എടുക്കാൻ തുടങ്ങിയിട്ട് 16 വർഷം. ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് അധ്യാപികയായ ശ്രീരേഖ കുട്ടികളുടെയെല്ലാം ഇഷ്ട ടീച്ചറാണ്. തൃപ്പൂണിത്തുറ എളമന കുറ്റിക്കാട്ട് രാധാകൃഷ്ണനായ്ക്കിന്റെ ഭാര്യയും ചേർത്തല രേഖാലയത്തിൽ രാമനാഥപൈയുടെയും ലളിതാഭായിയുടെയും മകളുമാണ് ശ്രീരേഖ. കണ്ണിലെ ഞരമ്പിന്റെ തകരാറ് മൂലമാണ് ജന്മനാ കാഴ്ചയില്ലായിരുന്നു. കാഞ്ഞിരപ്പള്ളി സ്പെഷൽ സ്കൂളിൽ ഏഴു വരെ പഠിച്ചശേഷം അവിടെത്തന്നെ സാധാരണ സ്കൂളിലാണ്10ാം ക്ലാസ് പൂർത്തിയാക്കിയത്.
10ാം ക്ലാസിലെ മാർക്ക് കുറവു മൂലം ശ്രീരേഖ ഏറെ വിഷമിച്ചു. ഈ സമയത്താണ് ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ പ്രീഡിഗ്രി അധ്യാപിക വി.എ മേരിക്കുട്ടി പ്രചോദനമേകിയത്. എനിക്കും നേടണം എന്ന വാശിയിൽ നടത്തിയ പഠനം മൂലം പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് നേടി . എസ്.എൻ കോളജിൽ ബിരുദത്തിനും ആര്യാട് കോളജിൽ ബി.എഡിനും മികച്ച വിജയമായിരുന്നു. 2007ൽ സർക്കാർ സർവിസിൽ കയറിയ ശ്രീരേഖ തണ്ണീർമുക്കം, വെള്ളിയാകുളം ഗവ. സ്കൂളുകളിലും ജോലി ചെയ്ത ശേഷമാണ് 2009 ൽ ചേർത്തല ഗവ.ഗേൾസ് സ്കൂളിലെത്തുന്നത്.
സ്കൂളിലെ രണ്ടാം നിലയിലും മൂന്നാം നിലയിലുമുള്ള ക്ലാസുകളിലേക്ക് കയറുന്നതും ഇറങ്ങുന്നതും മറ്റുള്ളവരുടെ സഹായത്തോടെയാണ്. പാഠപുസ്തകങ്ങൾ ബ്രെയിൻ ലിപിയിലേക്ക് മാറ്റിയാണ് ക്ലാസുകൾ എടുക്കുന്നതും നോട്സ് പറഞ്ഞു കൊടുക്കുന്നതും. കുട്ടികളുടെ ശബ്ദത്തിലൂടെ ഓരോരുത്തരെയും വേറിട്ട് മനസ്സിലാക്കിയാണ് പഠിപ്പിക്കുന്നത്. വിദ്യാർഥികളിൽനിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് ശ്രീരേഖ പറഞ്ഞു. ഭർത്താവ് കെ.പി. രാധാകൃഷ്ണ നായിക്ക് ബിസിനസുകാരനാണ്. മകൻ ചേർത്തല ടൗൺ ഗവ.എൽ.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആശ്രിത് കൃഷ്ണ ആർ. നായ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.