ഒരമ്മയായാൽ സ്ത്രീയുടെ ജീവിതം തീർന്നുവെന്ന് കരുതുന്നവർ, വ്ലോഗറും സംരംഭകയും റാസൽഖൈമ ഗവൺമെൻറ് ഉദ്യോഗസ്ഥയും രണ്ട് കുട്ടികളുടെ അമ്മയുമായ മോന തജർബിയെ കുറിച്ചറിഞ്ഞാൽ ഈ അഭിപ്രായം മാറ്റിപ്പറയും. റാസൽഖൈമയുടെ ആദ്യ ഇമാറാത്തി വനിത വ്ലോഗറായ മോന സുലൈമാൻ ആരോഗ്യ-സുരക്ഷ ലംഘനങ്ങൾ പരിശോധിക്കുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥയും 6 ലക്ഷത്തിലധികം ഫോളോവേർസുള്ള ബ്യൂട്ടി വ്ലോഗറും ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി ഫൗണ്ടേഷൻ ഫൊർ പോളിസി റിസർച്ചിലെ ഹോപ്പിന്റെ അംബാസഡറും സ്മാർട്ട് സെല്ലുകളിലെ അവയർനെസ് അംബാസഡറും റാസൽഖൈമയിലെ എമിറേറ്റ്സ് ക്ലബ് അംബാസഡറുമൊക്കെയാണ്.
ആറ് വർഷം മുമ്പ് മോന സുലൈമാൻ റാസൽഖൈമയിലെ വെയർഹൗസുകളിൽ ആരോഗ്യ-സുരക്ഷ ലംഘനങ്ങൾ പരിശോധിക്കുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥ മാത്രമായിരുന്നു. പിന്നീട് ജീവിതത്തിലെടുത്ത ഓരോ തീരുമാനങ്ങളാണ് മോനയെ സംരംഭകയും വ്ലോഗറും ഒക്കെയാക്കി മാറ്റിയത്. 19 വയസ്സ് മുതൽ ജോലി ചെയ്ത് സമ്പാദിക്കുന്നയാൾ കൂടിയാണ് മോന. സമൂഹത്തിലേക്കിറങ്ങിച്ചെന്ന് സംസാരിക്കാൻ ഏറ്റവും നല്ല മാർഗം സോഷ്യൽ മീഡിയയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മോന 2016ൽ വ്ലോഗിങ്ങിലേക്ക് തിരിഞ്ഞത്. തജർബി എന്ന് പേരിട്ട സോഷ്യൽ മീഡിയയിൽ സാധാരണ ജീവിതത്തെക്കുറിച്ച് വ്ലോഗ് ചെയ്താണ് മോന തുടങ്ങിയത്. റസ്റ്റോറന്റ് റിവ്യൂകളും മേക്കപ്പ് ട്യൂട്ടോറിയലുകളും ചെയ്താണ് തുടക്കം. പെട്ടന്ന് തന്നെ മോനയുടെ വീഡിയോകൾ വൈറലുമായി.
തുടക്കത്തിൽ ഒരു വർഷത്തോളം മോന മുഖം കാണിക്കാതെയാണ് വീഡിയോകൾ ചെയ്തിരുന്നത്. ആളുകൾക്ക് ശബ്ദത്തിലൂടെ മാത്രമേ മോനയെ അറിയുമായിരുന്നുള്ളൂ. കുടുംബത്തിലാർക്കും തന്നെ സോഷ്യൽ മീഡിയ പശ്ചാത്തലം ഇല്ലായിരുന്നെങ്കിലും അവർ മോനക്ക് വലിയ പിന്തുണയാണ് നൽകിയത്. 2018ൽ വിവാഹിതയായ മോനക്ക് ഭർത്താവ് അബ്ദുല്ല നൽകിയ പിന്തുണയും വളരെ വലുതായിരുന്നു. കാലക്രമേണ തജർബി ജനപ്രിയമാവുകയും ഫോളോവേഴ്സിന്റെ എണ്ണവും മോനയുടെ ജനപ്രീതിയും വർധിക്കുകയും ചെയ്തു. ഇന്ന് ഇൻസ്റ്റഗ്രാമിൽ മാത്രം 6 ലക്ഷത്തിലധികം ഫോളോവേഴ്സാണ് മോനക്കുള്ളത്. യു.എ.ഇയിലും പുറത്തുമുള്ള ബ്രാൻഡുകളുമായി സഹകരിച്ച് വീഡിയോകളും മോന ചെയ്യാറുണ്ട്.
മൂന്ന് വയസ്സുള്ള ഘലയുടെയും രണ്ട് വയസുള്ള ഹയയുടെയും അമ്മയായ മോന 2020ലാണ് സംരംഭകത്വത്തിന്റെ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ബ്യൂട്ടി വ്ലോഗറായ മോന 'ബ്ലിങ്ക്' എന്ന പേരിൽ കൺപീലികൾ നിർമ്മിക്കാനായൊരു കമ്പനി രൂപവത്കരിച്ചു. കണ്ണടച്ചു തുറക്കുമ്പോഴാണ് തന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചതെന്ന് മോന പറയുന്നു. അതുകൊണ്ട് തന്നെയാണ് ആദ്യ സംരംഭത്തിന് മോന 'ബ്ലിങ്ക്' എന്ന് പേരിട്ടത്.
12 വർഷത്തോളമായി റാസൽഖൈമ സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് മോന. നിരവധി വകുപ്പുകളിൽ ജോലി ചെയ്തിട്ടുള്ള മോന, നിലവിൽ എച്ച്.എസ്.ഇ അഡ്മിനിസ്ട്രേഷൻ ഓഫിസറാണ്. മീഡിയ കൗൺസിലിന്റെ ലൈസൻസുള്ള മോനയെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വരുമാനം ബിസിനസ് ആരംഭിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി നിരവധി സംരംഭങ്ങളും മോന തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾ എല്ലാ മേഖലകളിലും അവരാലാവുന്നത് ചെയ്യണമെന്നും മോന അഭിപ്രായപ്പെടുന്നു. പറന്നുയരാനാഗ്രഹിക്കുന്ന വനിതകളോട് മോനക്ക് പറയാനുള്ളത് ഇതാണ്-'നിങ്ങൾ പരുന്തിനൊപ്പം പറക്കുന്നതാണ് സ്വപ്നം കാണുന്നതെങ്കിൽ, താറാവിനൊപ്പം നീന്തി സമയംകളയരുത്...'
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.