അടിമാലി: ഇരുമ്പിനെ മെരുക്കി കൃഷിപ്പണി ആയുധങ്ങൾക്കൊപ്പം വീട്ടാവശ്യത്തിനുള്ള ഉപകരണങ്ങളും നിർമിച്ചു വിൽക്കുകയാണ് ഷീന വിജയൻ. അടിമാലി പതിനാലാം മൈൽ മലർ കുടുംബശ്രീയിലെ അംഗമായ ഷീന വിജയൻ ഭർത്താവിന്റെ പരമ്പരാഗത തൊഴിലിൽനിന്ന് ഊർജം ഉൾക്കൊണ്ട് വാണിജ്യപരമായി ഈ കുലത്താഴിലിനെ വളർത്തിയെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. ആലപ്പണിയിലെ പഴമയും പുതുമയും ഉൾപ്പെടുത്തി വ്യത്യസ്തരീതിയിൽ നിർമിക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരമാണ് ഇവരുടെ വിജയവും.
30 വർഷം മുമ്പാണ് ഷീന പതിനാലാംമൈൽ മടത്തുംപടി വിജയന്റെ ജീവിതസഖിയാകുന്നത്. പ്രാരബ്ധങ്ങൾക്കിടെ ഭർത്താവിനെ എങ്ങനെ സഹായിക്കാമെന്ന ചിന്തയിൽ ഭർത്താവിനൊപ്പം നിന്ന് ഇരുമ്പുപണി സ്വായത്തമാക്കി. ആവശ്യക്കാർക്ക് മാത്രമാണ് ആദ്യം കൃഷി ആയുധങ്ങളടക്കം നിർമിച്ച് നൽകിയിരുന്നത്. ഇതിനിടെ കുടുംബശ്രീയിൽ അംഗമായി.
ഇവിടെ നിന്ന് ആർ.കെ.ഐ.ഇ.ഡി.പി പദ്ധതി പ്രകാരം വായ്പയെടുത്ത് വീടിനോട് ചേർന്ന് വർക്ക്ഷോപ്പ് ഷെഡും മെഷിനറിയും സ്ഥാപിച്ച് വാണിജ്യ കാർഷിക ആവശ്യത്തിനുള്ള ഉപകരണങ്ങളും വീട്ടാവശ്യത്തിനുള്ള ഉപകരണങ്ങളുമെല്ലാം നിർമിച്ച് തുടങ്ങി. പിന്നീട് ജില്ലയിലെ പ്രധാനപ്പെട്ട എല്ലായിടത്തും ഇവ വ്യാപാരികൾക്ക് എത്തിച്ച് നൽകി. സഹായിക്കാൻ ഭർത്താവും മകൻ വിഷ്ണുവും ഒപ്പം കൂടി. അഞ്ചോളും പേർക്ക് തൊഴിലും നൽകുന്നു.
കോവിഡിനുശേഷം ഇരുമ്പിന്റെയും പിത്തളയുടെയും വില ക്രമാതീതമായി ഉയർന്നു. 500നടുത്ത് വിലയുണ്ടായിരുന്ന പിത്തളക്ക് 1200ന് മുകളിലായി. ഇരുമ്പുവിലയും ഇരട്ടിയിലേറെയായി. ഇത് ലാഭത്തെ വലിയ രീതിയിൽ ബാധിച്ചതായി ഇവർ പറയുന്നു. കൽക്കരിയും കരിയും കിട്ടാൻ വളരെ പ്രയാസം നേരിടുന്നു.
ഷൊർണൂർ കുളപ്പള്ളിയിൽനിന്നാണ് കൽക്കരി എത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്നു വരുന്ന കരി തൊടുപുഴയിൽ എത്തിയാണ് ശേഖരിക്കുന്നത്. നേരത്തേ പ്രാദേശികമായി ലഭിച്ചിരുന്നെങ്കിലും ഇപ്പാൾ ലഭിക്കുന്നില്ല. വനം വകുപ്പ് നിയമം കർശനമായതാണ് കാരണം. ചെറുകിട വ്യവസായ യൂനിറ്റിനുള്ള അനുമതിയെ ഈ സ്ഥാപനത്തിനുള്ളൂ. ത്രീഫേസ് ലൈൻ വലിച്ച് കൂടുതൽ സൗകര്യത്തോടെ കമ്പനിയാക്കി വളർത്താൻ ആലോചനയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലവും വായ്പയും ലഭ്യമായാൽ മികച്ച സംരംഭ വ്യവസായമായി ഇതിനെ മാറ്റാൻ കഴിയുമെന്നും ഷീന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.