മാനന്തവാടി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് ആശ്വാസവാക്കുകൾ പറഞ്ഞ് രാഹുൽ ഗാന്ധി എം.പി. തിങ്കളാഴ്ച ഉച്ചക്ക് 2.50ഓടെയാണ് രാഹുൽ ഗാന്ധി പുതുശ്ശേരിയിലെ പള്ളിപുറത്ത് തോമസ് എന്ന സാലുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചത്.
വന്യജീവികളെക്കൊണ്ട് ഒരു ശല്യവും ഇല്ലാത്ത പ്രദേശമായിരുന്നുവെന്നും അങ്ങനെയൊരു സ്ഥലത്താണ് കടുവയെത്തി തോമസിനെ കൊലപ്പെടുത്തിയതെന്നും കുടുംബാംഗങ്ങൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു. രാവിലെ 11ന് പരിക്കേറ്റ തോമസ് വൈകിട്ട് നാലോടെയാണ് മരിച്ചത്.
കടുവ ആക്രമണം മാത്രമല്ല മരണത്തിന് കാരണമെന്നും, മികച്ച ചികിത്സ സൗകര്യം ലഭിക്കാത്തതാണെന്നും സഹോദരങ്ങളായ സണ്ണി, ഫാ. ജോസ്, ആന്റണി, മക്കളായ സോജൻ, സോന എന്നിവർ രാഹുൽഗാന്ധിയോട് പറഞ്ഞു. ഇപ്പോഴും മരണത്തിന്റെ ആഘാതം മാറാത്ത ഭാര്യ സിനി പ്രതികരിച്ചില്ല. സിനിയെയും മക്കളെയും ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചാണ് രാഹുൽ ഗാന്ധി കുടുംബാംഗങ്ങളോട് സംസാരിച്ചത്.
വന്യജീവിശല്യത്തിന് പരിഹാരമായി ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള നിയമനിർമാണം ഉണ്ടാവണമെന്ന് കുടുംബാംഗങ്ങൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു. വയനാട്ടിലെ ചികിത്സ സൗകര്യങ്ങളുടെ അഭാവവും വിശദീകരിച്ചു. കുടുംബത്തിനുള്ള സ്ഥിരവരുമാനത്തിനായി തോമസിന്റെ മകൻ സോജന് സ്ഥിരംജോലിക്കുള്ള സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ദുഃഖത്തിൽ പങ്കുചേരുന്നതായി എം.പി പറഞ്ഞു.
പ്രശ്നങ്ങൾ ഇതിനകം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് എം.പി പറഞ്ഞു. വൈകിട്ട് 3.15ഓടെയാണ് രാഹുൽ മടങ്ങിയത്. എംപിയുടെ സന്ദർശനം ഏറെ ആശ്വാസമായെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചു.
പുതുശ്ശേരി സെന്റ് തോമസ് കത്തോലിക്ക പള്ളി വികാരി ഫാ. അരുൺ മുയൽകല്ലിങ്കൽ, പുതുശ്ശേരി സെന്റ് മേരീസ് ഇടവക വികാരി ഫാ. ഫ്രാൻസിസ് കുത്തുകല്ലിങ്കൽ എന്നിവരും സാലുവിന്റെ വീട്ടിലെത്തി എം.പിയുമായി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.