അടിമാലി: പരിചയമുള്ള മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര ചാർത്തി വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് കുപിക് സ്റ്റുഡിയോ ഉടമയായ ഉഷ കമൽ. കുടുംബശ്രീ സംരംഭങ്ങളുടെ ഭാഗമായി ഉൽപന്നങ്ങൾ നിർമിക്കുന്നവരും അവ വിറ്റഴിക്കുന്നവരുമൊക്കെയായി ജില്ലയിൽ ഒരു പാടുപേരുണ്ടെങ്കിലും ഫോട്ടോഗ്രാഫറും ഡിസൈനറും ആർട്ടിസ്റ്റുമൊക്കെയായ ഈ വീട്ടമ്മ വേറെ ലെവലാണ്.
ഫോട്ടോഗ്രഫി ഉപജീവനമാർഗമായാണ് ഉഷ തെരഞ്ഞെടുത്തിരിക്കുന്നത്. സി.ഡി.എസ് ചെയർപേഴ്സൻ ജിഷ സന്തോഷ് പ്രസിഡന്റായ ചില്ലിത്തോട് കൈരളി കുടുംബശ്രീയിലെ അംഗമാണ് 37കാരിയായ ഉഷ കമൽ. കുടുംബശ്രീയിൽനിന്ന് ആർ.കെ.ഐ.ഇ.ഡി.പി പദ്ധതി പ്രകാരം ലോൺ എടുത്താണ് ചില്ലിത്തോടെന്ന അവികസിത ഗ്രാമത്തിൽ ഇവർ സ്റ്റുഡിയോ തുടങ്ങുന്നത്. വിവാഹ ഫോട്ടോഗ്രഫിയിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ഫോട്ടോ എടുക്കൽ മുതൽ ഡിസൈനിങ്ങും ആൽബം റെഡിയാക്കലും ഉൾപ്പെടെ എല്ലാ ജോലികളും ഉഷയുടെ കൈകളിൽ ഭദ്രം.
ഫോട്ടോഗ്രഫിക്കൊപ്പം ചിത്രരചനയും പെൻസിൽ , ഛായാചിത്ര നിർമാണവുമെല്ലാം കൈമുതലായുണ്ട്.സ്വന്തമായി ചെയ്ത പെൻസിൽ ഡ്രോയിങ്ങുകൾ പക്ഷികളുടെയും മൃഗങ്ങളുടെയും മനോഹരങ്ങളായ ഛായാചിത്രങ്ങൾ എന്നിവയൊക്കെ തന്റെ ശേഖരത്തിൽ നിധിയായി ഈ വീട്ടമ്മ സൂക്ഷിച്ചിക്കുന്നു. ഇവരുടെ കഴിവ് മനസ്സിലാക്കിയ നാട്ടുകാർ തങ്ങളുടെ കുട്ടികളെയും ചിത്രരചന പഠിപ്പിക്കണമെന്ന ആവശ്യം മുന്നാട്ട് വെച്ചതോടെ കുപിക് ഇൻസ്റ്റിറ്റ്യൂട്ട് ആർട്ട് എജുക്കേഷൻ എന്ന സ്ഥാപനവും തുടങ്ങി.
40ഓളം കുട്ടികൾക്കാണ് ഇവിടെ ഡ്രോയിങ് പരിശീലനം നൽകുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന ചെലവിനായി ചെറിയ ഫീസ് മാത്രമാണ് കുട്ടികളിൽനിന്ന് ഈടാക്കുന്നത്.തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആർട്ടിസ്റ്റും ഫോട്ടോഗ്രഫറും ചിത്രകാരനുമായ ചില്ലിത്തോട് മാളേക്കുടി എം.ടി. കമൽ തങ്കപ്പനാണ് ഭർത്താവ്. കുടുംബശ്രീ നടത്തുന്ന എല്ലാ ആഘോഷങ്ങളിലും ഉഷ കമൽ സജീവസാന്നിധ്യവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.