പുലർച്ച നാലുമണിയോടടുക്കുന്നു. ഡല്‍ഹിയില്‍നിന്ന് ധരംശാലയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്. കാലാവസ്ഥ മോശമായതിനാല്‍ യാത്രക്ക് പുറപ്പെടേണ്ട സമയം വൈകുമെന്ന അറിയിപ്പ് വന്നതുകൊണ്ട് ക്ഷീണം മാറ്റാന്‍ ഒരല്‍പനേരം കിടക്കാമെന്നു കരുതി. കിടന്നതേയുള്ളൂ. ഫോണ്‍ ബെല്ലടിക്കുന്നതുകേട്ട് പാതിയടച്ച കണ്ണ് തുറന്ന് നോക്കി. ഫോണിലെ സ്‌ക്രീനില്‍ ‘വിജിഷക്കുട്ടി’. പെട്ടെന്ന് ഫോണെടുത്തു. സംസാരം പുറത്തേക്ക് വരുന്നില്ല. ഫോണെടുത്തു ചോദിച്ചു, ‘‘എന്താ മോളേ?’’
‘‘എനിക്ക് ശ്വാസം കിട്ടുന്നില്ല, തീരെ വയ്യ.’’
‘‘അമ്മ എവിടെ?’’ അപ്പുറത്ത് നിശ്ശബ്‌ദത.
‘‘അരികില്‍ ആരെങ്കിലുമുണ്ടോ’’ എന്ന ചോദ്യത്തിന് ‘‘അമ്മ അപ്പുറത്താ കിടക്കുന്നത്’’ എന്ന മറുപടി.
‘‘ദാ ഇപ്പോ വരാം, നീ സമാധാനമായിരിക്ക്’’ എന്നുപറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഉടനെ ‘ഇല’യിലെ വളന്റിയര്‍കൂടിയായിരുന്ന മധുവിനെ വിളിച്ചു. അങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ വിജിഷയെ ആശുപത്രിയിലെത്തിച്ചു.
ഏതു പാതിരാത്രിയിലും എപ്പോഴും വിളിക്കാനും പറയാനുമുള്ള ആത്മബന്ധം എനിക്കും വിജിഷ മോള്‍ക്കുമിടയില്‍ രൂപപ്പെട്ടിട്ട് ഏറെ നാളായി. ‘ഇല’യിലെ സിസ്റ്റര്‍ ഇന്ദുലേഖയാണ് വിജിഷയുടെ വീട്ടില്‍പോയി ആദ്യം അവളെ കാണുന്നത്. ഒരു മുറിയില്‍ ചുരുണ്ടുകിടക്കുകയാണ് വിജിഷ. അമ്മ ആശാവര്‍ക്കറാണ്. അച്ഛന്‍ മരിച്ചിട്ട് കുറച്ചുനാളായി. പ്ലസ് വണ്‍ പഠനകാലത്താണ് വിജിഷക്ക് ആദ്യമായി രോഗലക്ഷണങ്ങള്‍ കാണുന്നതും ചികിത്സ ആരംഭിക്കുന്നതും. ചികിത്സക്കിടെ നട്ടെല്ലിന് ട്യൂമറാണെന്ന് കണ്ടെത്തി. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ചികിത്സ. ട്യൂമര്‍ എടുത്തുകളയണം. ഒട്ടും പ്രതീക്ഷിക്കാതെയുള്ള വിജിഷയുടെ ഈ അവസ്ഥയെ ഉൾക്കൊള്ളാന്‍ അവള്‍ പാകപ്പെട്ടിരുന്നില്ല. ‘‘നമുക്ക് അവിടെ ഒന്ന് പോണം...’’ ഇന്ദു സിസ്റ്റര്‍ അങ്ങനെ പറഞ്ഞത് വെറുതെയാകില്ല എന്നറിയാം.
തൊട്ടടുത്ത ദിവസം വിജിഷയുടെ വീട്ടില്‍ പോയി. വീടിനകത്ത് വിജിഷ കട്ടിലില്‍ കിടക്കുന്നു. കട്ടിലിനരികിലിരുന്ന് കറുത്ത കുപ്പിവളകളണിഞ്ഞ അവളുടെ കൈകളില്‍ കോര്‍ത്തുപിടിച്ച് പ്രതീക്ഷയറ്റുവാടിയ മുഖത്തേക്ക് നോക്കി.
‘‘അമ്മേ ഇവര്‍ക്ക് ചായകൊട്ക്ക്.’’ ചുരുണ്ടുകിടന്ന വിജിഷ പതിയെ നിവര്‍ന്നുകിടന്നു.
‘‘വിജിഷ...’’ വെറുതെ ഒന്ന് വിളിച്ചു. ‘‘നമുക്ക് ഒന്ന് എഴുന്നേറ്റിരുന്നാലോ?’’ കൈപിടിച്ച് അവള്‍ പതിയെ എഴുന്നേറ്റിരുന്നു. സന്തോഷത്തോടെ ഞങ്ങളൊരുമിച്ചിരുന്ന് ചായ കുടിച്ചു. തിരിച്ചിറങ്ങാന്‍ നേരം അവളുടെ ചോദ്യം വല്ലാതെ പിടിച്ചുലച്ചു. ‘‘ഇനി എപ്പോ വരും?’’
‘‘വരാം മോളെ’’ എന്ന മറുപടി നല്‍കി. ഇടക്കിടെ അവളെ കാണാനും വിളിക്കാനും മറന്നില്ല. ഒരിക്കലവളോട് പുറത്ത് പോയിരുന്നാലോ എന്നന്വേഷിച്ചു. ‘എനിക്ക് സാധിക്കുമോ’ എന്ന ആശങ്കയിലവള്‍ മാറിയിരുന്നു. എന്നാല്‍, മറ്റൊന്നും ആലോചിക്കാതെ ഒറ്റവാക്കില്‍ പറഞ്ഞു, ‘‘ശരി നമുക്ക് പോയിരിക്കാം.’’ അവള്‍ പതിയെ കസേരയിലേക്കിരുന്നു. പുറംലോകം നോക്കി.
ആഴ്ചകള്‍ പിന്നിടുന്തോറും അവളില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പൊട്ടുതൊട്ട് മുടി ഒതുക്കിവെച്ചും പട്ടുപാവാടയുടുത്തും പാട്ടുപാടിയും സന്തോഷവതിയായി. എല്ലാ ഞായറാഴ്ചകളിലും ‘ഇല’യില്‍നിന്ന് ശ്രീകാന്തും അമീറും അഭിലാഷും ഷംനയും നസ്രിയയും നാസിമും വിജിഷക്കൊപ്പം ഭക്ഷണം കഴിച്ചും പാട്ടുപാടിയും അവളെ സന്തോഷവതിയാക്കിക്കൊണ്ടിരുന്നു. അധികകാലം ആയുസ്സില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു പെൺകുഞ്ഞാണ്. ഒരിക്കലവൾ പറഞ്ഞു, ‘‘എനിക്ക് കടല് കാണണം’’.
‘‘ആയിക്കോട്ടെ, ഇന്നുതന്നെയാകാം’’ എന്ന് മറുപടി നല്‍കി. അസ്‌ലമും അഭിലാഷും തൈഷു സിത്താരയും നര്‍ഗീസും അങ്ങനെ ഇലയിലെ മാണിക്യങ്ങള്‍ എല്ലാവരും ചേര്‍ന്ന് വിജിഷയെ വീല്‍ചെയറില്‍ പിടിച്ചിരുത്തി വാഹനത്തിലേക്കു കയറ്റി. സൂര്യന്റെ ചെഞ്ചുവപ്പ് വിജിഷയുടെ കവിളുകളില്‍ വീഴുന്നുണ്ട്. കടല്‍തീരത്ത് വീല്‍ചെയറിലിരിക്കുന്ന വിജിഷക്ക് എന്തോ പൂര്‍ത്തിയാകാത്തപോലെ. അവൾ മുഖത്തേക്ക് നോക്കുന്നുണ്ട്.
‘‘എനിക്കാ തിരമാലകളിലൊന്ന് കാലുവെക്കണം.’’
ആശങ്കയായിരുന്നു. പക്ഷേ, ഇലയിലെ കുട്ടികളെല്ലാവരും ചേര്‍ന്ന് വീല്‍ചെയര്‍ പൊക്കി മണൽത്തരികളിലൂടെ പതുക്കെ മുന്നോട്ടുനീങ്ങി. വിജിഷയുടെ കാല്‍പാദങ്ങളിലൂടെ പതിയെ തിരമാലകള്‍ തഴുകിയൊഴുകി.
‘‘മോളേ വിജിഷ, നീ എഴുന്നേറ്റ് നില്‍ക്ക്’’ പറയേണ്ട താമസം എല്ലാവരും ചുറ്റും നിന്ന് വിജിഷയെ പൊക്കിയെടുത്തു. വിജിഷയുടെ കാല്‍പാദങ്ങള്‍ മണൽത്തരികളില്‍ ഉറച്ചുനിന്നു. പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രകാശം അവളുടെ കണ്ണില്‍ കണ്ടുതുടങ്ങി.
പഠനം പൂര്‍ത്തിയാക്കണം. പ്ലസ്ടു പരീക്ഷ എഴുതിയെടുക്കണം. പരീക്ഷയെഴുതാനുള്ള കാര്യങ്ങളൊക്കെ ശരിയാക്കാന്‍ അമീറിനെ ഏൽപിച്ചു. പ്ലസ്ടു പരീക്ഷ വിജയിച്ചു, ബിരുദപഠനത്തിനായി അവള്‍ തയാറായി. ഒരു ദിവസം വിജിഷയുടെ അമ്മയുടെ ഫോണില്‍നിന്നൊരു വിളി വന്നു. ‘‘അവളുടെ കണ്ണുകള്‍ക്ക് കാഴ്ച കുറഞ്ഞുവരുന്നുണ്ട്, വേദനയുമുണ്ട്. വായിക്കാനൊന്നും കഴിയുന്നില്ല, എന്താ ചെയ്യാ?’’ വളാഞ്ചേരിയിലെ മുജീബ് ഡോക്ടറുമായി സംസാരിച്ച് ചില പരിശോധനകള്‍ നടത്തി. വീണ്ടും ശ്രീചിത്രയിലേക്ക് കൊണ്ടുപോയി. അവിടത്തെ ഡോക്ടര്‍മാര്‍ വീണ്ടുമൊരു സര്‍ജറിക്കാണ് നിര്‍ദേശിച്ചത്. രോഗം വ്യാപിച്ചിട്ടുണ്ട്.
പത്ത് ദിവസം മുമ്പ് തന്നെ ആശുപത്രിയില്‍ അഡ്മിറ്റാവണം. ആരെങ്കിലും കൂട്ടിനുവേണം. വീട്ടില്‍നിന്ന് നസീമയും നാസിമും വിജിഷയുടെ അമ്മയോടൊപ്പം കൂട്ടിനുപോകാന്‍ തീരുമാനിച്ചതറിഞ്ഞപ്പോഴാണ് വീട്ടിലുള്ളവര്‍ക്കും വിജിഷ ആരൊക്കെയോ ആയിട്ടുണ്ട് എന്ന തിരിച്ചറിവുണ്ടാകുന്നത്.
സര്‍ജറിയുടെ തലേനാള്‍ നസീമയുടെ ഫോൺകാള്‍ വന്നു. സർജറി അസാധ്യമാണ്. തിരിച്ച് വീട്ടിലേക്കുതന്നെ മടങ്ങാനാണ് നിര്‍ദേശം. നാസിം ആശുപത്രിയുടെ പുറത്തുതന്നെ ഞങ്ങളെ കാത്ത് നിൽപുണ്ടായിരുന്നു. വിജിഷയുടെ അടുത്ത് അവളുടെ അമ്മയും നസീമയും ഇരിക്കുന്നുണ്ട്. നാസിം എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു, ‘‘പറഞ്ഞ സമയത്ത് സര്‍ജറി നടക്കാന്‍ ആശുപത്രിയില്‍ ചില തടസ്സങ്ങളുണ്ട്. നമുക്ക് വീട്ടില്‍ പോയി കുറച്ചുദിവസം കഴിഞ്ഞ് തിരിച്ച് വരേണ്ടിവരും’’ എന്ന്.
വീട്ടിലെത്തിയ വിജിഷ വേദനയില്‍ കുരുങ്ങി. ഒരു ദിവസം, ‘‘നാളെ എന്റെ ജന്മദിനമാണ്’’ എന്ന് പറഞ്ഞ് അവള്‍ വിളിച്ചു. കറുത്ത കുപ്പിവളയിട്ട കൈകള്‍ നന്നേ ശോഷിച്ചുതുടങ്ങിയിട്ടുള്ള കൈവിരലില്‍ ഒരു സ്വർണമോതിരമണിയിച്ചു. ഷാഹിന ടീച്ചര്‍ കൊണ്ടുവന്ന കേക്ക് മുറിച്ചു. വിജിഷക്ക് മഴകാണണം, മുറ്റത്തെ പൂമ്പാറ്റകളുടെയും പൂക്കളുടെയും ഭംഗി ആസ്വാദിക്കണം, മണ്ണിന്റെ മണം ആസ്വദിക്കണം. അതിനൊരു വഴിയേയുള്ളൂ. വിജിഷ കിടക്കുന്ന മുറിയുടെ ചുവരുകള്‍ പൊട്ടിച്ച് കുളിമുറിയുണ്ടാക്കണം. അധികം ആലോചിച്ചുനിന്നില്ല. അനൂപും ജമാനും ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍തന്നെ വിജിഷയുടെ മുറിയില്‍ ടോയ്‌ലറ്റിന്റെ പണിപൂര്‍ത്തിയാക്കി.
ഒരിക്കല്‍ തിരുവനന്തപുരത്തുനിന്ന് ഷീലയും കമലേഷും കൂട്ടുകാരും കുറ്റിപ്പുറത്ത് ‘ഇല’യില്‍ വന്ന സമയത്ത് വിജിഷയെ കാണണം എന്നാഗ്രഹം പറഞ്ഞു. അവരേയും കൂട്ടി വിജിഷയെ കാണാന്‍ ചെന്നത് വല്ലാത്തൊരു അവസ്ഥയിൽ കിടക്കുന്ന വിജിഷയുടെ അരികിലേക്കാണ്. അവളുടെ കൈവിരലുകള്‍ കോര്‍ത്തുപിടിച്ച് അന്ന് കുറച്ചുനേരമിരുന്നു. അവളൊരാശ പറഞ്ഞു. ‘‘എനിക്ക് വയനാട് കാണണം, ചുരം കയറണം. ആകാശത്തോളം മുട്ടിനില്‍ക്കുന്ന കുന്നിന്‍മുകളില്‍ കയറണം.’’ എങ്ങനെയാണ് അവളുടെ ആഗ്രഹം സഫലമാക്കുക? ആശങ്കയിലായെങ്കിലും പോകാമെന്നവള്‍ക്ക് വാക്കു നല്‍കി. ‘‘നീ തയാറായി ഇരുന്നോ നമുക്കുപോകാം...’’ എന്നുപറഞ്ഞു.
കിടന്ന് മാത്രം ശ്വാസം ക്രമീകരിക്കുന്ന ആളെ എങ്ങനെയാണ് വാഹനത്തില്‍ കൊണ്ടുപോവുക. അങ്ങനെയാണ് കാരവനെക്കുറിച്ച് അഭിപ്രായം ഉണ്ടാകുന്നത്. അന്വേഷണത്തിനൊടുവില്‍ ഒരു കാരവന്‍ തയാറായി. യാത്രയുടെ ദിവസവും നിശ്ചയിച്ചു.
കാരവനിലേക്ക് വിജിഷയെ ഞങ്ങൾ എടുത്തുവെച്ചു. പുറത്തെ കാഴ്ചകള്‍ കാണാനാവുന്നവിധം കാരവനില്‍ വിജിഷയെ കിടത്തി. പാട്ടും കളിയുമായി ഇലയിലെ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നിരുന്നു. വഴിയില്‍ വിജിഷയുടെ വരവും പ്രതീക്ഷിച്ച് ഷഹബാസ് അമന്‍ കാത്തുനിൽപുണ്ടായിരുന്നു. ഷഹബാസിന്റെ സംഗീതം യാത്രയെ ഭാവസാന്ദ്രമാക്കി. വിജിഷക്കുവേണ്ടി ‘‘ആകാശമായവളേ...’’ എന്ന ഗാനവും ഷഹബാസ് പാടി. കോഴിക്കോട്ട് സുലൈമാനും കുടുംബവും സഹപ്രവര്‍ത്തകരും മധുരപലഹാരങ്ങളുമായി കാത്തു നിന്നിരുന്നു.
വയനാടന്‍ ചുരം കയറിയുള്ള യാത്രയിലാകെ വിജിഷ പുഞ്ചിരിച്ചിരിക്കുന്നത് കണ്ടുകൊണ്ടിരുന്നു. വൈത്തിരിയിലെ സുഹൃത്തുക്കള്‍ വിജിഷക്ക് ഇഷ്‌ടമുള്ള ആഹാരങ്ങളുമായി കാത്തിരുന്നിരുന്നു. അച്ചൂരിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിന് നടുവിലേക്ക് വാഹനം നീങ്ങി. ആകാശം തൊട്ട് നില്‍ക്കാനുള്ള വിജിഷയുടെ ആഗ്രഹം പൂര്‍ത്തീകരിച്ച് മടങ്ങുന്നത് സന്തോഷത്തിലാണോ എന്നറിയില്ല...
തിരിച്ചുവരുമ്പോള്‍ കോഴിക്കോട് ബീച്ചില്‍ കാത്തുനിന്നിരുന്ന കുട്ടികള്‍ വിജിഷക്കുവേണ്ടി പാട്ടുകള്‍ പാടി നൃത്തം ചെയ്തു. രാത്രി ഏറെ വൈകിയാണ് മടക്കം. വിജിഷയെ വീട്ടില്‍ കൊണ്ടുവിട്ടു. ഉറങ്ങാനായിരുന്നുവോ..?
ഡല്‍ഹി ജുമാമസ്ജിദിനടുത്ത് നമ്പര്‍ വണ്‍ ഗേറ്റിലേക്ക് പ്രവേശിക്കാന്‍ നില്‍ക്കുമ്പോഴാണ് ഷംന വിളിച്ചത്. ‘‘വിജിഷക്ക് കുറെ പ്രയാസങ്ങളുണ്ട്. ഐ.സി.യുവിലാണ്.’’ എന്തെന്നറിയാത്ത ഭാരം. ഫോൺകാളുകള്‍ വന്നുകൊണ്ടിരുന്നത് എന്തിനായിരിക്കും എന്നറിയാമായിരുന്നു... ‘‘നിങ്ങള്‍ വരുന്നുണ്ടോ, എന്താ വേണ്ടത്, കാത്തിരിക്കണോ?’’... ഉമ്മയും നസീമയും വിജിഷയെ കണ്ടതിനുശേഷം വിളിച്ചു. ‘‘നിങ്ങള്‍ വരുന്നില്ലേല്‍ വേണ്ട, അതായിരിക്കും...’’ മറുപടി നല്‍കിയില്ല, നൽകാനായില്ല. മകന്‍ നാസിം വിളിച്ചുപറഞ്ഞു, ‘‘വിജിഷക്കു വേണ്ട കര്‍മങ്ങള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ ചെയ്യും...’’
ആരായിരുന്നു വിജിഷ? ഒരു കുടുംബത്തിന്, ‘ഇല’യിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്ക്, ഞങ്ങൾക്കൊക്കെ അവൾ ആരായിരുന്നു? ആയുസ്സിന്റെ പുസ്തകത്തിലെ ഏതാനും താളുകളിലെ സഹവാസം കൊണ്ട് അവൾ ഞങ്ങൾക്കെന്താണ് പകർന്നുതന്നത്? മോളേ വിജിഷാ, ഓര്‍മയിലെന്നും നീയുണ്ട്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.