റീൽസിലും കുഞ്ഞുവീഡിയോയിലും ധാരാളം സമയം ചെലവഴിക്കുന്നവർക്ക് സുപരിചിതമായ മൂന്ന് മുഖങ്ങളാണ് ഫെബിയാസ്, മുഹ്സി ബാ അലി, റഹീമ എന്നീ യുവ താരങ്ങളുടേത്. ഇവർ മൂന്നുപേരും ചേർന്ന് തീർക്കുന്ന രസകരമായ മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ്. ഒരു യാത്രാകൂട്ടായ്മയിൽ പതിയെ ഉടലെടുത്ത ഇവരുടെ കൂട്ടുകെട്ട് പിന്നീട് അങ്ങോട്ട് ദൃഢമാകുകയായിരുന്നു. കുടുംബങ്ങളെയും യുവതയെയും ഒരു പോലെ കയ്യിലെടുത്ത് പാട്ടും യാത്രയും കളിയും കാര്യവും ഒക്കെയായി വീഡിയോകളുടെ വിരുന്നൊരുക്കുകയാണ് ഈ മൂവർ സംഘം. അവരെ ഒന്ന് പരിചയപ്പെട്ടാലോ?
പാട്ടാണ് ഈ താരത്തിന്റെ ഇഷ്ടവിഭവം. ഫെബിൻഷാ എന്ന തന്റെ പേരും യാസർ അറഫാത്ത് എന്ന നല്ല പാതിയുടെ പേരും ക്ലബ്ബ് ചെയ്തു ഉണ്ടായ ഫെബിയാസ് എന്ന പേരിലാണ് ആരാധകർക്കിടയിൽ ഇവർ അറിയപ്പെടുന്നത്. തലശ്ശേരിക്കടുത്ത് മാഹിക്കാരിയായ ഈ പാട്ടുകാരി കോവിഡ് കാലത്താണ് കവർവേർഷൻ പാട്ടുകൾ പാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു തുടങ്ങിയത്.
കേൾവിക്കാർ ഓരോ പാട്ടുകളും ഇരുകയ്യും നീട്ടി സ്വീകരിച്ചത് കൂടുതൽ പ്രോത്സാഹനമായി. പാട്ടുകൂടാതെ ബ്രെയിൻഗെയിം ആയ ചെസ്സിലും പാടവം തെളിയിച്ചിട്ടുണ്ട് രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ ഫെബിൻ. 2009ൽ പോണ്ടിച്ചേരി ഇന്റർസ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിലെ റണ്ണറപ്പാണ് ഈ മിടുക്കി. അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്നെങ്കിലും ഇപ്പോൾ മുഴുസമയ ഇൻഫ്ലുവെൻസറാണ്. കുടുംബം ഒന്നിച്ച് അജ്മാനിൽ താമസിച്ചുവരുന്നു.
മുഹ്സി ബാ അലി (muhsi_ba_ali)
സ്വന്തം പേരായ മുഹ്സിനയും പ്രിയതമന്റെ പേരായ ബാ അലിയും കൂടിച്ചേർന്ന് മുഹ്സി ബാ അലി എന്ന പേരിലാണ് അക്കൗണ്ടുകൾ. മൂന്നു കുട്ടികളുടെ മാതാവ് കൂടിയായ ഈ ഇൻഫ്ലുവെൻസർക്ക് ഫാഷൻ ആണ് പാഷൻ. ടെക്സ്റ്റൈൽ ജീവനക്കാരനായിരുന്ന ഉപ്പ മാർക്കറ്റിൽ ഇറങ്ങുന്ന പുതിയ ഫാഷനുകൾ ആദ്യം നൽകുന്നത് കുഞ്ഞായിരുന്ന മുഹ്സിനക്കായിരുന്നു. അന്നേ തുടങ്ങിയതാണ് ഫാഷൻ ഭ്രമം.
കൂടാതെ ദുബൈയിലും ഷാർജയിലും ഒരു ഫുടബാൾ അക്കാദമിയും കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ എക്സൽ (excel ഇ-magazine) എന്ന് പേരായ ഒരു ഇ-മാഗസിനും ഇവർ മുൻകൈയെടുത്ത് നടത്തുന്നുണ്ട്. ലൈഫ് സ്റ്റൈൽ, ഫാഷൻ എന്നീ മേഖലകൾ കൂടാതെ അഭിനയകലയിലും ഒരു കൈ നോക്കാനാണ് ആഗ്രഹം. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ മുഹ്സിന കുടുംബമൊന്നിച്ച് ദുബൈയിലാണ് താമസിക്കുന്നത്.
യാത്രയാണ് റഹീമയുടെ കാര്യ പരിപാടികളിൽ ഒന്ന്. മേക്കപ്പ് ആർട്ടിസ്റ്റ്, മീഡിയ പ്രസന്റർ, മീഡിയേറ്റർ എന്നീ വിശേഷണങ്ങളും ഈ ഇൻഫ്ലുവെൻസർക്ക് നന്നായി ചേരും. നാട്ടിലും ഇവിടെയുമായി ഒത്തിരി മണവാട്ടികളെ അണിയിച്ചൊരുക്കിയിട്ടുണ്ട് റഹീമ. 15 രാജ്യങ്ങൾ ഇതുവരെ സന്ദർശിച്ച റഹീമ ഈയിടെ അർമേനിയയിലേക്ക് നടത്തിയത് സോളോ ട്രിപ്പ് ആയിരുന്നു.
ഭർത്താവും രണ്ടു കുട്ടികളുമായി കുടുംബം വർഷങ്ങളായി ദുബൈയിൽ താമസിച്ചുവരുന്നു. ഷാർജയിലെ ഒരു ലീഗൽ സ്ഥാപനത്തിന്റെ മീഡിയ സ്റ്റാഫ് ആയി സേവനമനുഷ്ഠിക്കുന്ന ഇവർ ഒരു നല്ല ഗ്രാഫിക് ഡിസൈനറും കൂടിയാണ്.
ഇവർ മൂന്നുപേരും ചേർന്ന് ചെയ്യുന്ന വീഡിയോകളാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രിയങ്കരമാകുന്നത്. ഷൂട്ടുകളും ജോലിയും ഒഴിഞ്ഞുള്ള ഒഴിവു സമയങ്ങളിൽ മൂന്ന് കുടുംബങ്ങളും ഒത്തുകൂടുന്നതും യാത്ര ചെയ്യുന്നതും ഒക്കെയാണ് ഇവരുടെ ഇഷ്ടപരിപാടി. മൂന്നുപേരുടെ പ്രിയതമന്മാരും നല്ല സുഹൃത്തുക്കൾ തന്നെ.
വീടുകളിൽ മാത്രം ഒതുങ്ങിപ്പോകുന്ന കുടുംബിനികളെ സമൂഹത്തിലേക്ക് ഇടപെടാൻ പ്രേരിപ്പിക്കുന്നതിനായി "Her it age" എന്ന പേരിൽ ഒരു കൂട്ടായ്മ രൂപം നൽകിയിട്ടുണ്ട് ഇവർ. കുടുംബങ്ങൾക്കായി ഈയിടെ നടത്തിയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് പദ്ധതി എന്നും മൂന്നുപേരും ഒരേ സ്വരത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.